| Saturday, 27th August 2022, 11:07 pm

ജോര്‍ജ് കുട്ടി വീണ്ടും എത്തും; 'ദൃശ്യം 3' പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച സൂപ്പര്‍ഹിറ്റ് മൂവി സീരീസാണ് ദൃശ്യം. രണ്ട് ഭാഗങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ചിത്രത്തിന്റെ മൂന്നാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയുടെ ഒരു ഫാന്‍ മെയിഡ് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുയിരുന്നു.

ദൃശ്യം 2 വാര്‍ത്താ സമ്മേളനത്തില്‍ ജീത്തു ജോസഫ് ദൃശ്യം മൂന്നിന്റെ ക്ലൈമാക്സ് തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മുമ്പ് ദൃശ്യം മൂന്നാം ഭാഗത്തിന്റെ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ദൃശ്യം 3 വരുമെന്ന് പ്രഖ്യാപിച്ചരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡില്‍വെച്ചാണ് ദൃശ്യം 3 സംഭവിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ആന്റണിയുടെ പ്രഖ്യാപനം.

നടന്‍ ടൊവിനോ തോമസിന്റെയും രമേശ് പിഷാരടിയുടെയും ചോദ്യത്തിനുള്ള മറുപടിയായാണ് ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യം അറിയിച്ചത്. ദൃശ്യം 3 സിനിമയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ സംവിധായകന്‍ ജീത്തു ജോസഫ് തുടങ്ങിയെന്നും ആന്റണി പറഞ്ഞു.

അതേസമയം, ജീത്തുജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന റാമിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ബിഗ് ബഡ്ജറ്റായി ഒരുങ്ങുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

ഇന്ദ്രജിത്ത്, ലിയോണ ലിഷോയ്, ദുര്‍ഗ കൃഷ്ണ, ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ദിഖ്, ആദില്‍ ഹുസൈന്‍, ചന്തുനാഥ് തുടങ്ങിയവര്‍ റാമില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്. വിനായക്. സംഗീതം വിഷ്ണു ശ്യാം. വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.

CONTENT HIGHLIGHTS:  Anthony Perumbavoor has announced that Drishyam 3 is coming

We use cookies to give you the best possible experience. Learn more