ലെബനനില്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇസ്രഈലിനോട് ആന്റണി ബ്ലിങ്കെന്‍
World News
ലെബനനില്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇസ്രഈലിനോട് ആന്റണി ബ്ലിങ്കെന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th December 2023, 9:56 am

ന്യൂയോര്‍ക്ക്: ലെബനനില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതും ഏഴ് പേര്‍ക്ക് പരിക്കേറ്റതുമായ പീരങ്കി ആക്രമണത്തില്‍ അന്വേഷണം അവസാനിപ്പിക്കാനും ഇതുവരെ ശേഖരിച്ച തെളിവുകള്‍ പുറത്തുവിടാനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഇസ്രഈലിനോട് ആവശ്യപ്പെട്ടു.

പ്രത്യേക അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒക്ടോബര്‍ 13ന് തെക്കന്‍ ലെബനനില്‍ നടന്ന ആക്രമണത്തിന് ഉത്തരവാദി ഇസ്രഈല്‍ ടാങ്കാണെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷണല്‍, റോയിട്ടേഴ്സ്, എ.എഫ്.പി വാര്‍ത്താ ഏജന്‍സികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബ്ലിങ്കന്റെ പ്രതികരണമെന്നാണ് വിലയിരുത്തല്‍.

ആക്രമണത്തെ കുറിച്ചുള്ള ഇസ്രഈലിന്റെ അന്വേഷണം ഉചിതവും പ്രധാനപെട്ടതുമാണെന്നും ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു.

ആക്രമണത്തില്‍ റോയിട്ടേഴ്സ് പത്രപ്രവര്‍ത്തകന്‍ ഇസ്സാം അബ്ദല്ല കൊല്ലപ്പെടുകയും അല്‍ ജസീറയുടെ ക്യാമറാമാന്‍ എലി ബ്രാഖിയ, റിപ്പോര്‍ട്ടര്‍ കാര്‍മെന്‍ ജൗഖാദര്‍ എന്നിവരുള്‍പ്പെടെ ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലോകത്തിലെ അപകടകരമായ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് തനിക്ക് അസാധാരണമായ ആരാധനയുണ്ടെന്ന് ബ്ലിങ്കെന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആയതിനാല്‍ ആക്രമണവുമായി ബന്ധപ്പെട്ട ഇസ്രഈലിന്റെ അന്വേഷണ ഫലങ്ങള്‍ അറിയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തിന്റെ സാഹചര്യങ്ങള്‍ അവലോകനം ചെയ്യുകയാണെന്നാണ് ഇസ്രഈല്‍ പറയുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ഇതുവരെ പുരോഗതിയും കണ്ടെത്തലുകളും ഉണ്ടായിട്ടില്ല. അതേസമയം ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നും ഇസ്രഈല്‍ നടത്തിയത് യുദ്ധക്കുറ്റമാണെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.

കൃത്യമായി മാധ്യമപ്രവര്‍ത്തകര്‍ ആണെന്ന് തിരിച്ചറിയുന്ന ആളുകള്‍ക്ക് നേരെ ഇസ്രഈല്‍ ടാങ്കറുകള്‍ രണ്ട് തവണയായി ആക്രമണം നടത്തിയതായാണ് സാക്ഷികളുടെ വിവരണങ്ങളും വീഡിയോ, ഫോട്ടോ തെളിവുകളും പരിശോധിച്ചതില്‍ നിന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തത്.

ഇതുവരെയുള്ള കണക്കുകള്‍പ്രകാരം ഗസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 63 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പത്രപ്രവര്‍ത്തക സുരക്ഷാ സമിതി അറിയിച്ചു.

Content Highlight: Anthony Blinken calls on Israel to release investigative information on journalist’s murder in Lebanon