തിരുവനന്തപുരം: രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നിര്‍ണായകമായ വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചതെന്നും എന്നാല്‍ ഈ വിവരങ്ങള്‍ വാര്‍ത്തയാക്കാന്‍ മലയാളത്തിലെ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്ന രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എം.പി. കേന്ദ്രസര്‍ക്കാരിനോടുള്ള ഭയം മാത്രമാണോ ഇതിന് കാരണമെന്നും മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ എത്ര കണ്ട് പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
‘രാജ്യസഭയിലെ വ്യത്യസ്തമായ രണ്ട് ചോദ്യങ്ങള്‍ക്ക് നിര്‍ണായകമായ വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. ഈ വാര്‍ത്തയോടും നീതിപുലര്‍ത്തിയത് ടെലിഗ്രാഫ് ദിനപത്രമാണെന്നത് പ്രത്യേകം എടുത്തു പറയേണ്ടിവരും. എന്തുകൊണ്ടാണ് നമ്മുടെ മാധ്യമങ്ങള്‍ രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന പ്രസക്തമായ വിവരങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകാത്തത്? കേന്ദ്രസര്‍ക്കാരിനോടുള്ള ഭയം മാത്രമാണോ ഇതിന് കാരണം? ഇത്തരം വാര്‍ത്തകള്‍ക്ക് പകരം മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ എത്രകണ്ട് വാര്‍ത്താ പ്രാധാന്യമുള്ളതാണ്?’ അദ്ദേഹം ചോദിച്ചു.
ഷെല്‍ കമ്പനികളെ കുറിച്ചും പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് അഖിലേന്ത്യാ സര്‍വീസുകളിലുള്ള പ്രാതിനിധ്യത്തെക്കുറിച്ചുമുള്ള ബ്രിട്ടാസിന്റെ ചോദ്യങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നിന്ന് മറുപടി ലഭിച്ചത്.
‘ഇന്ത്യന്‍ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കുന്ന അദാനി കുംഭകോണവുമായി ബന്ധപ്പെട്ടതായിരുന്നു ഒന്ന്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് പങ്കാളിത്തമുള്ള ഷെല്‍ കമ്പനികളെ കുറിച്ചുള്ള എന്റെ ചോദ്യത്തിന് വിചിത്രമായ മറുപടിയാണ് ഗവണ്‍മെന്റില്‍ നിന്നും രേഖാമൂലം ലഭിച്ചത്.
ഷെല്‍ കമ്പനി എന്താണെന്ന് പോലും നിര്‍വചിച്ചിട്ടില്ലെന്ന വിചിത്രമായ മറുപടിയാണ് ധനകാര്യ വകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി എനിക്ക് രേഖാമൂലം നല്‍കിയത്. 2018ല്‍ ഷെല്‍ കമ്പനികള്‍ ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഈ മലക്കം മറച്ചില്‍ നടത്തിയത് എന്നതും ശ്രദ്ധേയം,’ അദ്ദേഹം പറഞ്ഞു.
സാധാരണ ഗതിയില്‍ ഇത് സുപ്രധാനമായ ഒരു വാര്‍ത്തയാകേണ്ടതാണെന്നും കേന്ദ്രസര്‍ക്കാര്‍ 9 വര്‍ഷം കഴിഞ്ഞിട്ടും കള്ളപ്പണ പ്രസരണത്തിന്റെ മുഖ്യസ്രോതസായ ഷെല്‍ കമ്പനികളെ കുറിച്ച് അന്വേഷിക്കാന്‍ പോയിട്ട് നിര്‍വചിക്കാന്‍ പോലും തയ്യാറല്ല എന്ന ഞെട്ടിപ്പിക്കുന്ന വസ്തുത നമ്മുടെ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകാതെ പോകുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് അഖിലേന്ത്യാ സര്‍വീസുകളിലുള്ള പ്രാതിനിധ്യത്തെക്കുറിച്ചായിരുന്നു ബ്രിട്ടാസിന്റെ രണ്ടാമത്തെ ചോദ്യം. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട വിവരങ്ങളും ഏറെ വാര്‍ത്താമൂല്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
‘സ്വാതന്ത്ര്യത്തിന്റെ അമൃത്കാല്‍ (75 വര്‍ഷം) ആഘോഷിക്കുന്ന വേളയില്‍ പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് അഖിലേന്ത്യാ സര്‍വീസുകളിലുള്ള പ്രാതിനിധ്യത്തെക്കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം. ഉത്തരം നല്‍കാന്‍ നിര്‍ബന്ധിതമായ ഗവണ്‍മെന്റ് പുറത്തുവിട്ട വിവരങ്ങള്‍ എന്തുകൊണ്ടും ഏറെ വാര്‍ത്താ മൂല്യമുള്ളതാണ്.
ജനസംഖ്യയുടെ ഭൂരിപക്ഷമാണെങ്കിലും സംവരണത്തിന്റെ പാതി പോലുമില്ലാത്ത പ്രാതിനിധ്യമാണ് ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് അഖിലേന്ത്യാ സര്‍വീസില്‍ ലഭിച്ചിട്ടുള്ളതെന്ന വെളിപ്പെടുത്തലാണ് ഉണ്ടായത്. ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളുടെ 5 വര്‍ഷത്തെ നിയമനങ്ങളിലെ പ്രാതിനിധ്യം യഥാക്രമം 15.92%, 7.65%, 3.8% എന്നിങ്ങനെയാണ്,’ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഈ വിവരങ്ങള്‍ പങ്കുവെച്ച രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും അദ്ദേഹം എടുത്തു പറയുകയും ചെയ്തു.
‘എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സുപ്രധാന വ്യക്തിത്വങ്ങളായ സീതാറാം യെച്ചൂരി, ജയറാം രമേശ്, മഹുവ മൊയ്ത്ര, അഡ്വ. പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ ഗവണ്‍മെന്റിന്റെ വിചിത്രമായ നിലപാടിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ടെലിഗ്രാഫ് എന്ന ഇംഗ്ലീഷ് ദിനപത്രം അര്‍ഹമായ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന് മാത്രമല്ല പിറ്റേന്ന് ഈ വാര്‍ത്തയുടെ വിശദമായ ഫോളോഅപ്പും ചെയ്തു,’ ബ്രിട്ടാസ് പറഞ്ഞു.
എങ്ങനെയാണ് അദാനിക്കെതിരെ കേന്ദ സര്‍ക്കാരിന് നടപടിയെടുക്കാന്‍ സാധിക്കുകയെന്നും ധനകാര്യ മന്ത്രാലയത്തിന് ഷെല്ലിന്റെ നിര്‍വചനം പോലുമറിയില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. രാജ്യസഭയുടെ മറുപടിയും ഒപ്പം വാ മൂടുന്ന കുരങ്ങന്റെ ചിത്രവും അവര്‍ പങ്കുവെച്ചു.
ടെലിഗ്രാഫിനെ കൂടാതെ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും ഈ വാര്‍ത്ത നല്‍കിയിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രാജ്യസഭയിലെ വ്യത്യസ്തമായ രണ്ട് ചോദ്യങ്ങള്‍ക്ക് നിര്‍ണായകമായ വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. ഈ വാര്‍ത്തയോടും നീതിപുലര്‍ത്തിയത് ടെലിഗ്രാഫ് ദിനപത്രമാണെന്നതും പ്രത്യേകം എടുത്തു പറയേണ്ടിവരും. എന്തുകൊണ്ടാണ് നമ്മുടെ മാധ്യമങ്ങള്‍ രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന പ്രസക്തമായ വിവരങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകാത്തത്? കേന്ദ്രസര്‍ക്കാരിനോടുള്ള ഭയം മാത്രമാണോ ഇതിന് കാരണം? ഇത്തരം വാര്‍ത്തകള്‍ക്ക് പകരം മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ എത്രകണ്ട് വാര്‍ത്താ പ്രാധാന്യമുള്ളതാണ്?
ഇന്ത്യന്‍ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കുന്ന അദാനി കുംഭകോണവുമായി ബന്ധപ്പെട്ടതായിരുന്നു ഒന്ന്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് പങ്കാളിത്തമുള്ള ഷെല്‍ കമ്പനികളെ കുറിച്ചുള്ള എന്റെ ചോദ്യത്തിന് വിചിത്രമായ മറുപടിയാണ് ഗവണ്‍മെന്റില്‍ നിന്നും രേഖാമൂലം ലഭിച്ചത്. മൗറീഷ്യസ് പോലുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് നിക്ഷേപം നടത്തുന്ന ഷെല്‍ കമ്പനികളുടെ ആഭിമുഖ്യത്തില്‍ വ്യാപകമായ ദുരുപയോഗം നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ചോദ്യം.
ഷെല്‍ കമ്പനി എന്താണെന്ന് പോലും നിര്‍വചിച്ചിട്ടില്ലെന്ന വിചിത്രമായ മറുപടിയാണ് ധനകാര്യ വകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി എനിക്ക് രേഖാമൂലം നല്‍കിയത്. 2018ല്‍ ഷെല്‍ കമ്പനികള്‍ ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഈ മലക്കം മറച്ചില്‍ നടത്തിയത് എന്നതും ശ്രദ്ധേയം.
സാധാരണ ഗതിയില്‍ ഇത് സുപ്രധാനമായ ഒരു വാര്‍ത്തയാകേണ്ടതാണ്. കള്ളപ്പണത്തിന്റെ പേരില്‍ അധികാരത്തിലേറിയ ഒരു കേന്ദ്രസര്‍ക്കാര്‍ 9 വര്‍ഷം കഴിഞ്ഞിട്ടും കള്ളപ്പണ പ്രസരണത്തിന്റെ മുഖ്യസ്രോതസായ ഷെല്‍ കമ്പനികളെ കുറിച്ച് അന്വേഷിക്കാന്‍ പോയിട്ട് നിര്‍വചിക്കാന്‍ പോലും തയ്യാറല്ല എന്ന ഞെട്ടിപ്പിക്കുന്ന വസ്തുത നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാതെ പോകുന്നത് എന്തുകൊണ്ട്?
എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സുപ്രധാന വ്യക്തിത്വങ്ങളായ സീതാറാം യെച്ചൂരി, ജയറാം രമേശ്, മഹുവ മോയിത്ര, അഡ്വ. പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ ഗവണ്‍മെന്റിന്റെ വിചിത്രമായ നിലപാടിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ടെലിഗ്രാഫ് ഇംഗ്ലീഷ് ദിനപത്രം അര്‍ഹമായ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന് മാത്രമല്ല പിറ്റേന്ന് ഈ വാര്‍ത്തയുടെ വിശദമായ ഫോളോഅപ്പും ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ അമൃത്കാല്‍ (75 വര്‍ഷം) ആഘോഷിക്കുന്ന വേളയില്‍ പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് അഖിലേന്ത്യാ സര്‍വീസുകളിലുള്ള പ്രാതിനിധ്യത്തെക്കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം. ഉത്തരം നല്‍കാന്‍ നിര്‍ബന്ധിതമായ ഗവണ്‍മെന്റ് പുറത്തുവിട്ട വിവരങ്ങള്‍ എന്തുകൊണ്ടും ഏറെ വാര്‍ത്താ മൂല്യമുള്ളതാണ്.
ജനസംഖ്യയുടെ ഭൂരിപക്ഷമാണെങ്കിലും സംവരണത്തിന്റെ പാതി പോലുമില്ലാത്ത പ്രാതിനിധ്യമാണ് ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് അഖിലേന്ത്യാ സര്‍വീസില്‍ ലഭിച്ചിട്ടുള്ളതെന്ന വെളിപ്പെടുത്തലാണ് ഉണ്ടായത്. ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളുടെ 5 വര്‍ഷത്തെ നിയമനങ്ങളിലെ പ്രാതിനിധ്യം യഥാക്രമം 15.92%, 7.65%, 3.8% എന്നിങ്ങനെയാണ്.
content highlight: Answering questions in the Rajya Sabha; Is Malayalam media not making news because of fear of central government? John Brittas MP