ഞാന്‍ ഈ പടത്തില്‍ ഉടനീളം കന്യാസ്ത്രീ ആയിട്ടല്ല എത്തുന്നത്: അനശ്വര രാജന്‍
Entertainment
ഞാന്‍ ഈ പടത്തില്‍ ഉടനീളം കന്യാസ്ത്രീ ആയിട്ടല്ല എത്തുന്നത്: അനശ്വര രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th January 2025, 2:58 pm

അനശ്വര രാജന്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രേഖാചിത്രം. ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയില്‍ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ഈ സിനിമ മിസ്റ്ററി ക്രൈം ത്രില്ലര്‍ ഴോണറിലാണ് എത്തുന്നത്.

ചിത്രത്തില്‍ ആസിഫ് അലിയാണ് നായകനാകുന്നത്. ഒപ്പം മനോജ് കെ. ജയന്‍, ഹരിശ്രീ അശോകന്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, ജഗദീഷ് തുടങ്ങിയ മികച്ച താരനിരയും രേഖാചിത്രത്തിനായി ഒന്നിക്കുന്നുണ്ട്.

സിനിമയുടെ പോസ്റ്ററുകള്‍ ഇറങ്ങിയ സമയത്ത് അനശ്വര രാജന്റെ കന്യാസ്ത്രീ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് അനശ്വര രാജന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഈ സിനിമയില്‍ ഒരു കന്യാസ്ത്രീ ആയിട്ടല്ല ഞാന്‍ എത്തുന്നത്. ഞാന്‍ ചെയ്തതിന് അകത്തുള്ള ഒരു ഭാഗം മാത്രമാണ് ആ കന്യാസ്ത്രീയുടേത്. അല്ലാതെ പടത്തില്‍ ഉടനീളം കന്യാസ്ത്രീ ആയിട്ടല്ല ഞാന്‍ വരുന്നത്. ആക്ട്രസ് ആയിട്ടാണോ അഭിനയിക്കുന്നത് എന്നൊക്കെ ചോദിച്ചാല്‍ (ചിരി).

പോസ്റ്ററിലൊക്കെ കാണുന്നത് പോലെ ഒരു സെറ്റും കുറേ പരിപാടികളുമാണ് ഉള്ളത്. അതിനകത്തെ ഒരു ഭാഗമാണ് ഞാന്‍ ചെയ്യുന്ന കന്യാസ്ത്രീയുടേത്. അതായത് ആ സെറ്റിന്റെ ഭാഗമാണ്. ആക്ട്രസ് ആയിട്ടാണോ എന്നൊന്നും ഞാന്‍ പറയുന്നില്ല.

ഈ സിനിമ ഞാന്‍ തെരഞ്ഞെടുക്കാന്‍ കാരണം ഇതിന്റെ കഥ തന്നെയാണ്. ജോഫിന്‍ ചേട്ടന്‍ വന്നിട്ട് ഈ സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ഹുക്കായത് ഈ സ്‌റ്റോറിലൈനിലും എന്റെ കഥാപാത്രത്തിലുമാണ്.

ചേട്ടന്‍ എന്നോട് സിനിമയെ കുറിച്ച് പറഞ്ഞ് പോയിട്ടും കുറേനാള്‍ എന്റെ മനസില്‍ ഈ കഥാപാത്രവും കഥയും തന്നെയായിരുന്നു ഉണ്ടായിരുന്നത്. പടം ഷൂട്ട് ചെയ്യുമ്പോഴും ചെയ്ത് കഴിഞ്ഞിട്ടും അതില്‍ മാറ്റമുണ്ടായില്ല,’ അനശ്വര രാജന്‍ പറഞ്ഞു.

Content Highlight: Answara Rajan Talks About Rekhachithram Movie