| Wednesday, 22nd March 2023, 4:25 pm

എല്ലാവരും വിളിക്കുന്ന പേരല്ല ഞാന്‍ വിളിക്കുന്നത്, ഫോണില്‍ സേവ് ചെയ്തിരിക്കുന്നത് പോലും മമ്മൂക്ക എന്നല്ല: ആന്‍സണ്‍ പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി, ആന്‍സണ്‍ പോള്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് എബ്രഹാമിന്റെ സന്തതികള്‍. ചിത്രത്തിന്റെ വിജയത്തിന് ശേഷം മമ്മൂട്ടിക്കൊപ്പമുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ആന്‍സണ്‍. തിയേറ്ററില്‍ നിന്നുമിറങ്ങി മമ്മൂട്ടിയെ ചെന്ന് കണ്ടപ്പോള്‍ അദ്ദേഹം അടുത്ത പടത്തിലെ ഡയലോഗ് പഠിച്ചുകൊണ്ടിരിക്കുയായിരുന്നു എന്ന് ആന്‍സണ്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആന്‍സണ്‍.

‘മമ്മൂക്ക ഇച്ചായന്‍ എന്നാണ് ഞാന്‍ വിളിക്കാറുള്ളത്. ഫോണില്‍ ഞാന്‍ പേര് സേവ് ചെയ്തിരിക്കുന്നത് മമ്മൂക്ക മൈ ഇച്ചായന്‍ എന്നാണ്. 83 ദിവസം പുള്ളിക്കാരനെ കണ്ടുകൊണ്ടിരിക്കുക എന്ന് പറയുന്നത് തന്നെ വലിയൊരു സംഭവമാണ്. അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.

എബ്രഹാമിന്റെ സന്തതികള്‍ കഴിഞ്ഞ് ഞാന്‍ നേരെ പോകുന്നത് മമ്മൂക്കയെ കാണാനാണ്. ഞാന് ചെല്ലുമ്പോള്‍ മമ്മൂക്ക ഒരു എ ഫോര്‍ ഷീറ്റ് പേപ്പറില്‍ യാത്ര സിനിമയിലെ തെലുങ്ക് ഡയലോഗുകള്‍ എഴുതി പഠിക്കുകയാണ്. ഞാന്‍ അടുത്ത് പോയി, മമ്മൂക്ക നമ്മുടെ സിനിമ അടിപൊളിയായെന്ന് പറഞ്ഞു. ഞാന്‍ കണ്ടിരുന്നുവെന്നാണ് മമ്മൂക്ക പറഞ്ഞത്.

ഞാന്‍ തിയേറ്ററില്‍ നിന്നും ഇറങ്ങി മമ്മൂക്കക്ക് ജയ് വിളിക്കുന്ന വീഡിയോ മമ്മൂക്ക യൂട്യൂബില്‍ കണ്ടിരുന്നു. നീ എനിക്ക് ജയ് ഒക്കെ വിളിക്കുന്നത് കണ്ടല്ലോ എന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ പെട്ടെന്ന് ഒരു പ്രേക്ഷകനായി പോയെന്ന് പറഞ്ഞു.

സിനിമ കാണുമ്പോള്‍ ഞാന്‍ അഭിനയിച്ചതാണെന്നൊന്നും തോന്നില്ല. തിയേറ്ററിലുള്ള ആളുകളുടെ എനര്‍ജി ഗംഭീരമായിരുന്നു.

ആ സമയത്തും മമ്മൂക്ക അടുത്ത പടത്തിന്റെ ഡയലോഗ് പഠിക്കുകയാണ്. അങ്ങനെ ഒരു എഫേര്‍ട്ട് എടുക്കുന്നത് വലിയ കാര്യമാണ്. ഞാനൊന്നും ഒന്നും ചെയ്തിട്ടില്ല. ഇത്രയും കഥാപാത്രങ്ങള്‍ ചെയ്തിട്ടും ഇത്രയും പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടും അദ്ദേഹം വീണ്ടും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കഥാപാത്രങ്ങളേയും ചെയ്യണമെന്ന ത്വര ഭയങ്കരമാണ്,’ ആന്‍സണ്‍ പറഞ്ഞു.

Content Highlight: anson paul about mammootty

We use cookies to give you the best possible experience. Learn more