| Sunday, 18th February 2024, 12:03 pm

നന്‍പകലിന്റെ സമയത്ത് മോഹന്‍ലാലിന് ഡേറ്റുണ്ടെന്നും ഒരു പടം ചെയ്യാന്‍ കഴിയുമോയെന്നും അദ്ദേഹം ലിജോയോട് ചോദിച്ചു: ആന്‍സണ്‍ ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മലയാള സിനിമാ പ്രേമികള്‍ പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു വാലിബന്‍.

ലിജോ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും വാലിബനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മലൈക്കോട്ടൈ വാലിബന് വലിയ ഹൈപ്പായിരുന്നു ഉണ്ടായിരുന്നത് എന്നാല്‍ തിയേറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

ഇപ്പോള്‍ മലൈക്കോട്ടൈ വാലിബനെ കുറിച്ച് പറയുകയാണ് ആന്‍സണ്‍ ആന്റണി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളിലെ ലൈന്‍ പ്രൊഡ്യൂസറാണ് ആന്‍സണ്‍. സഫാരി ചാനലിലെ ലൊക്കേഷന്‍ ഹണ്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ സമയത്ത് മോഹന്‍ലാലിന് ഡേറ്റുണ്ടെന്നും ഒരു പടം ചെയ്യാന്‍ കഴിയുമോയെന്നും മലൈക്കോട്ടൈ വാലിബന്റെ പ്രൊഡ്യൂസര്‍ ഷിബു ബേബി ജോണ്‍ ചോദിക്കുകയായിരുന്നു എന്നാണ് ആന്‍സണ്‍ ആന്റണി പറയുന്നത്.

‘വാലിബന്റെ കഥ രൂപപ്പെടാന്‍ കാരണം ഒരിടത്തൊരു ഫയല്‍വാന്‍ എന്ന സിനിമയുടെ പ്രചോദനമാണെന്നേ പറയാന്‍ കഴിയുള്ളു. കാരണം ആ പടം കണ്ട ശേഷം ഇതുപോലെയുള്ള ഒരു ഗുസ്തിയുടെ കഥ പറയുന്ന സിനിമ നമുക്ക് ചെയ്യണമെന്ന് ലിജോ പറയുമായിരുന്നു.

ലാല്‍ സാറൊക്കെ ആണെങ്കില്‍ അടിപൊളിയാകും. അദ്ദേഹം പണ്ട് യൂണിവേഴ്സിറ്റിയില്‍ ഗുസ്തി ചാമ്പ്യനായിരുന്നുവെന്നും ലിജോ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞത്, നമുക്ക് എന്തായാലും പെട്ടെന്ന് ഒരു ആര്‍ട്ടിസ്റ്റിന്റെ അടുത്ത് പോയി ഒന്നും പറയാന്‍ കഴിയില്ലല്ലോ എന്നായിരുന്നു.

അങ്ങനെ അതിനുള്ള അവസരം നോക്കി നിന്നു. കൊവിഡ് സമയത്ത് ഫുള്‍ സ്‌ക്രിപ്റ്റ് എഴുതി ഉണ്ടാക്കിയിരുന്നു. അതിനിടയില്‍ നന്‍പകല്‍ ചെയ്തു. അതിന്റെ സമയത്താണ് ലാല്‍ സാറിന് ഡേറ്റുണ്ട്, ഒരു പടം ചെയ്യാന്‍ കഴിയുമോയെന്ന് ഷിബു സാര്‍ (ഷിബു ബേബി ജോണ്‍) ചോദിക്കുന്നത്.

ലിജോ അന്ന് ഗുസ്തിയായിരുന്നില്ല സംസാരിച്ചത്. വേറെ കഥയായിരുന്നു. ലാല്‍ സാറിന് അതത്ര ഇഷ്ടമായില്ലെന്ന് തോന്നുന്നു. പിന്നെ ലിജോ ഈ ഗുസ്തിയുടെ കഥ പറഞ്ഞപ്പോള്‍ ലാല്‍ സാറിന് ഇഷ്ടമായി. ആ പടം ചെയ്യാമെന്ന് തീരുമാനമായി,’ ആന്‍സണ്‍ ആന്റണി പറഞ്ഞു.


Content Highlight: Anson Antony Talks About Shibu Baby John

We use cookies to give you the best possible experience. Learn more