ആന്റണി വര്‍ഗീസ് പെപ്പെയുടെ ആദ്യ സിനിമയാണ് അങ്കമാലി ഡയറീസ്. 2017ല്‍ പുറത്തിറങ്ങി വലിയ വിജയം നേടിയ ചിത്രമൊരുക്കിയത് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു. അദ്ദേഹത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ സിനിമ കൂടെയായിരുന്നു ഇത്.
ആന്റണി വര്‍ഗീസ് പെപ്പെയുടെ കൂടെ അപ്പാനി ശരതും അന്ന രാജനും പ്രധാന വേഷത്തിലെത്തിയിരുന്നു. അന്ന രാജന്‍ ലിച്ചിയെന്ന കഥാപാത്രത്തെയായിരുന്നു ചെയ്തിരുന്നത്.
ഇപ്പോള്‍ സഫാരി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അങ്കമാലി ഡയറീസിനെ കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ ലൈന്‍ പ്രൊഡ്യൂസറായിരുന്ന ആന്‍സണ്‍ ആന്റണി.
ലിച്ചിയും പെപ്പെയും ഒരുമിച്ചുള്ള ഒരു സീനില്‍ രാത്രി സംസാരിച്ചു കൊണ്ട് നടന്ന് വരുന്ന ഷോട്ടില്‍ രണ്ടുപേരും നടക്കുമ്പോള്‍ ഇരുന്നൂറ് മീറ്ററോളം ക്യാമറയുമായി കൂടെ നടക്കുകയായിരുന്നെന്ന് അദ്ദേഹം പറയുന്നു.
ആ ഷോട്ടിനായി രാത്രി ഒമ്പത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെ നടക്കേണ്ടി വന്നെന്നും ആ സീന്‍ എത്ര ശ്രമിച്ചിട്ടും ശരിയായില്ലെന്നും ആന്‍സണ്‍ ആന്റണി പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയെ സംബന്ധിച്ചിടത്തോളം ഒരു ഷോട്ട് ശരിയാവാതെ പുള്ളി അതില്‍ നിന്ന് പിന്മാറില്ലെന്നും ആന്‍സണ്‍ ആന്റണി പറയുന്നു.
‘ലിച്ചിയും പെപ്പെയും ഒരു കല്യാണം കഴിഞ്ഞ് രാത്രി സംസാരിച്ചു കൊണ്ട് നടന്ന് വരുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നു. രണ്ടുപേരും നടക്കുമ്പോള്‍ ഇരുന്നൂറ് മീറ്ററോളം ക്യാമറയുമായി കൂടെ നടക്കണം. ക്യാമറയുമായി പിന്നാലെ പോകുകയാണ് വേണ്ടത്.
അത് രാത്രി ഒമ്പത് മണിക്ക് തുടങ്ങിയിട്ട് രാവിലെ അഞ്ച് മണി വരെ ഷൂട്ട് ചെയ്യേണ്ടി വന്നു. കാരണം ഇവര്‍ അവിടെ നിന്ന് നടന്ന് വരുമ്പോള്‍ സീന്‍ ശരിയാവില്ലായിരുന്നു. ലിജോയെ സംബന്ധിച്ചിടത്തോളം ആ ഷോട്ട് ശരിയാവാതെ പുള്ളി അതില്‍ നിന്ന് പിന്മാറില്ല. ഒരു അഡ്ജസ്റ്റ്‌മെന്റും നടക്കിലായിരുന്നു.
പുള്ളി ഉദ്ദേശിച്ച സംഭവം ഷാര്‍പ്പില്‍ കിട്ടുന്നത് വരെ ഷൂട്ട് ചെയ്യും. അത് ആരായാലും, എത്ര സമയം എടുത്ത് ആണെങ്കിലും ചെയ്യും. ലിജോക്ക് ഷോട്ട് കൃത്യമായി കിട്ടണമെന്നുള്ളത് കൊണ്ട് എല്ലാവരും കൃത്യമായി ചെയ്യാന്‍ ശ്രമിക്കുമായിരുന്നു,’ ആന്‍സണ്‍ ആന്റണി പറഞ്ഞു.
Content Highlight: Anson Antony Talks About Lijo Jose Pellissery