| Saturday, 25th November 2023, 1:05 pm

ഡമ്മികളും ആയിരത്തിയഞ്ഞൂറോളം മനുഷ്യരും; ജല്ലിക്കട്ടിലെ ക്ലൈമാക്‌സിനെ കുറിച്ച് ആന്‍സണ്‍ ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാഴ്ചകളുടെ ഒരു പുതിയ ലോകം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്. ഈ സിനിമയില്‍ എടുത്തു പറയേണ്ട ഒന്ന് ഇതിലെ ക്ലൈമാക്‌സാണ്.

ഇപ്പോള്‍ ആ ക്ലൈമാക്‌സിനെ കുറിച്ച് സംസാരിക്കുകയാണ് ജല്ലിക്കട്ട് സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍ ആന്‍സണ്‍ ആന്റണി. സഫാരി ടി.വി്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്ലൈമാക്‌സ് ഷൂട്ട് ചെയ്തതിനെ പറ്റി അദ്ദേഹം പറഞ്ഞത്.

‘സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് ഇടുക്കി റിസര്‍വ് ഏരിയയുടെ ഏറ്റവും അവസാനമുള്ള സ്ഥലത്താണ്. ആയിരത്തിയഞ്ഞൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വെച്ചാണ് ആ സീനുകള്‍ ചെയ്തത്.

അതില്‍ പോത്തിനെ ഓടിച്ചു കൊണ്ടുവന്നിട്ട് പോത്ത് ചതുപ്പില്‍പെടുമ്പോള്‍ ആന്റണി അതിനെ കുത്താന്‍ പോകുന്നു. അതേസമയം പിന്നില്‍ നിന്ന് ആളുകള്‍ കുത്തുന്നു, പിന്നെ മീതേക്ക് മീതെ ആളുകള്‍ വീഴണം.

ഒരു മല പോലെ ആളുകള്‍ വേണമെന്ന് ലിജോ പറഞ്ഞു. അതിന് ഒരുപാട് ആളുകള്‍ വേണം. അങ്ങനെ നല്ല ഉയരത്തില്‍ റൗണ്ട് ഷേപ്പില്‍ ഒരു റാംപ് ഉണ്ടാക്കി. ഏറ്റവും മുകളില്‍ ആളുകളും ഇടയില്‍ ഡമ്മികളും വെച്ചാണ് ആ സീന്‍ ചെയ്തത്.

എങ്കിലും കുറെ ആളുകളെ അതിന് മുകളില്‍ കയറ്റിയിരുന്നു. രാത്രി ഇത് ഷൂട്ട് ചെയ്യുമ്പോള്‍ രണ്ടര മൂന്ന് മണിയായി. അവിടെയാണെങ്കില്‍ നല്ല തണുപ്പാണ്. ഏഴ് മണി ആകുമ്പോഴേക്കും ഈ ആളുകള്‍ക്ക് ഭക്ഷണം കഴിക്കേണ്ട സമയമാണ്. പക്ഷെ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഈ ആളുകള്‍ കുറയും.

അതായത് ഈ സീനിലേക്ക് ഒരുപാട് ആളുകള്‍ വേണം. പക്ഷെ ഭക്ഷണം കഴിഞ്ഞാല്‍ ചിലര്‍ അവിടുന്ന് പോകും. അവസാനം ആ റാംപിന് മുകളില്‍ കയറാന്‍ ആളുകള്‍ കുറഞ്ഞു. അഞ്ഞൂറോ എഴുന്നൂറോ ആളുകളായി.

ഞങ്ങള്‍ അവര്‍ക്ക് വേണ്ടി രണ്ടായിരത്തോളം ടോക്കണുകള്‍ ഉണ്ടാക്കി വെച്ചിരുന്നു. ചുവപ്പും പച്ചയുമൊക്കെ കളറിലാണ് ഇത്. അറുന്നൂറ് ആളുകളൊക്കെ ആകുമ്പോള്‍ ഞങ്ങള്‍ ചുവപ്പ് കളര്‍ ടോക്കണ്‍ കൊടുക്കും.

എന്നിട്ട് ആ കളര്‍ ടോക്കണ്‍ ഉള്ളവര്‍ക്ക് മാത്രമേ പൈസ തരികയുള്ളു എന്ന് പറയും. അപ്പോള്‍ ആളുകള്‍ കൂടും. ആ സമയത്ത് വീണ്ടും ടോക്കണ്‍ കൊടുക്കും. കുറച്ച് കഴിഞ്ഞാല്‍ വീണ്ടും ആളുകള്‍ കുറയും.

ആ സമയത്ത് പച്ച കളര്‍ ടോക്കണ്‍ കൊടുക്കും. അങ്ങനെയാണ് ആളുകളെ പിടിച്ചു നിര്‍ത്തിയത്. അവര്‍ ആരും പ്രൊഫഷണല്‍ ആയിട്ടുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളല്ല. അവിടെ അടുത്തുള്ള ആളുകളാണെല്ലാം,’ ആന്‍സണ്‍ ആന്റണി പറയുന്നു.


Content Highlight: Anson Antony Talks About Jallikattu Climax

We use cookies to give you the best possible experience. Learn more