2017ല്‍ പുറത്തിറങ്ങി വലിയ വിജയം നേടിയ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറില്‍ ഏറെ വഴിത്തിരിവായ സിനിമ കൂടെയായിരുന്നു ഇത്. ആന്റണി വര്‍ഗീസ് പെപ്പെ, അപ്പാനി ശരത്ത് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയിരുന്നത്. പെപ്പെയുടെ ആദ്യ സിനിമയായിരുന്നു അങ്കമാലി ഡയറീസ്.
ഇപ്പോള്‍ സഫാരി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അങ്കമാലി ഡയറീസിനെ കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ ലൈന്‍ പ്രൊഡ്യൂസറായിരുന്ന ആന്‍സണ്‍ ആന്റണി.
സിനിമയുടെ ഷൂട്ടിനിടയില്‍ ഓട്ടോ കത്തിക്കുന്ന സീനിനായി തങ്ങള്‍ക്ക് ഒരു ഓട്ടോ ആവശ്യമുണ്ടായിരുന്നെന്നും പത്രത്തിലെ ഒരു വാര്‍ത്ത കണ്ട് ആ ഓട്ടോ വാങ്ങിയ കാര്യവും ആന്‍സണ്‍ ആന്റണി പറയുന്നു.
‘എന്നോട് ലിജോ ഷൂട്ടിനിടയില്‍ നമുക്ക് ഒരു ഓട്ടോ വേണമെന്ന് പറഞ്ഞു. അത് ആ സീനില്‍ കത്തിച്ചു കളയണമെന്നും പറഞ്ഞു. ഒരു ഓട്ടോ വാങ്ങാന്‍ തന്നെ നല്ല പൈസയാകും. കൂട്ടത്തില്‍ അത് കത്തിച്ചു കളയണമെന്ന് കൂടെ പറയുമ്പോള്‍ ചെലവ് കൂടും. ഒന്നര ലക്ഷം രൂപയാകും ഓട്ടോ വാങ്ങാന്‍.
അങ്ങനെ ഓട്ടോയുടെ കാര്യം പറഞ്ഞതിന്റെ പിറ്റേന്ന് മനോരമ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. കരയംപറമ്പ് പാലത്തിന്റെ അടുത്ത് ഒരു ഓട്ടോ ഫ്രന്റ് ഭാഗം ഇടിച്ച് കിടപ്പുണ്ടെന്നാണ് ആ വാര്‍ത്ത. ഓട്ടോ കാരണം വേറെ അപകടങ്ങള്‍ക്ക് സാധ്യത ഉണ്ടെന്നും ഈ ഓട്ടോ ആരും മാറ്റുന്നില്ല, അധികാരികള്‍ ശ്രദ്ധിക്കുന്നില്ല എന്നുള്ളതുമാണ് പ്രശ്‌നം.
ഞാന്‍ ഓട്ടോ സ്റ്റാന്‍ഡില്‍ അന്വേഷിച്ചപ്പോള്‍ ഓട്ടോയുടെ ഓണറിന്റെ നമ്പര്‍ കിട്ടി. അങ്ങനെ അയാളോട് സംസാരിച്ചപ്പോള്‍ ഓട്ടോ വാടകക്ക് തരാമെന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് ആണേല്‍ ഈ ഓട്ടോ അവിടെ ഫാമില്‍ ഇട്ട് കത്തിക്കുന്ന സീന്‍ ആണ് വേണ്ടത്.
പെപ്പെയുടെ ടീമും അപ്പാനിയുടെ ടീമും പരസ്പ്പരം സംസാരിക്കുന്നു, അതിനിടയില്‍ ഓട്ടോ കത്തിക്കുന്നു, അതാണ് സീന്‍. അങ്ങനെ ആ സീന്‍ ഷൂട്ട് ചെയ്യാന്‍ അയാളുടെ ഓട്ടോ എടുത്ത് ഫാമില്‍ കൊണ്ടുപോകുകയായിരുന്നു,’ ആന്‍സണ്‍ ആന്റണി പറഞ്ഞു.
Content Highlight: Anson Antony Talks About Angamaly Diaries