മലയാളികള്‍ക്ക് ഒരുകാലത്ത് ഏറെ പരിചയമുള്ള മുഖമാണ് അന്‍സില്‍ റഹ്‌മാന്‍ എന്ന താരത്തിന്റേത്.
അന്‍സില്‍ മിമിക്രി രംഗത്തും ആല്‍ബങ്ങളിലും ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും നടന്‍ കുഞ്ചാക്കോ ബോബന്റെ മുഖഛായ കാരണമായിരുന്നു ഒരു കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നത്.
കുഞ്ചാക്കോ ബോബന്റെ മുഖഛായ കാരണം തന്നെ ആളുകള്‍ പെട്ടെന്ന് തിരിച്ചറിയുമെങ്കിലും തനിക്ക് അത് ദോഷമായി വന്നിട്ടുണ്ടെന്ന് പറയുകയാണ് അന്‍സില്‍.
താന്‍ സീരിയല്‍ അഭിനയിത്തിലേക്ക് എത്തിപ്പെട്ടതിനെ പറ്റിയും താരം പറയുന്നുണ്ട്. സെല്ലുലോയിഡ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്‍സില്‍.
‘അന്‍സില്‍ റഹ്‌മാന്‍ എന്ന് പറഞ്ഞാല്‍ ചില ആളുകള്‍ക്ക് മനസിലാകില്ല. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ അല്ലെങ്കില്‍ ചാക്കോച്ചന്‍ എന്ന് പറഞ്ഞാല്‍ പെട്ടെന്ന് ആളുകള്‍ തിരിച്ചറിയും. എന്നെ ആളുകള്‍ തിരിച്ചറിയുന്നത് അങ്ങനെയാണ്.
ആ കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം അത് ഒരുപാട് സഹായിച്ചിട്ടുണ്ട്. പറയുകയാണെങ്കില്‍ ഒരു അമ്പത് ശതമാനം ഗുണവും അമ്പത് ശതമാനം ദോഷവുമാണ്.
സ്റ്റേജ് ഷോയില്‍ എന്നെ ഇത് ഒരുപാട് സഹായിച്ചിട്ടുണ്ട്. ഓരോ സ്റ്റേജില്‍ പോകുമ്പോഴും ഒരുപാട് പേര്‍ എന്നെ കണ്ട് അടുത്തേക്ക് വരും. അത് എന്നോടുള്ള ഇഷ്ടം കൊണ്ടല്ല. ചാക്കോച്ചനോടുള്ള ഇഷ്ടമാണ് എന്നോട് കാണിക്കുന്നത്.
ആദ്യത്തെ സിനിമ ചെയ്യുമ്പോഴും എന്നെ ആ രീതിയില്‍ തന്നെയാണ് തെരഞ്ഞെടുത്തത്. ആദ്യ സിനിമ സ്വര്‍ണനിലാവാണ്.
ആ സിനിമ ചെയ്യുമ്പോള്‍ ചാക്കോച്ചനെ പോലെ ഒരാള്‍ എന്ന രീതിയില്‍ തന്നെയാണ് എന്നെ കാസ്റ്റ് ചെയ്തത്. എങ്കിലും എനിക്ക് അതില്‍ ചാന്‍സ് തന്നു എന്നുള്ളതാണ്.
ആ പടത്തില്‍ അഭിനയിച്ചെങ്കിലും അത് പൂര്‍ത്തിയായില്ല. പിന്നെയാണ് കണ്ണാടികടവത്ത് പടം റിലീസ് ആകുന്നത്.
ചാക്കോച്ചനുമായുള്ള എന്റെ മുഖഛായ എന്നെ ആളുകള്‍ തിരിച്ചറിയാന്‍ സഹായിച്ചിട്ടുണ്ടെങ്കിലും വര്‍ക്കിലേക്ക് വരുമ്പോള്‍ നെഗറ്റീവ് ആയിട്ടാണ് വരുന്നത്. ഒരു നടനെന്ന രീതിയിലേക്ക് വന്നപ്പോള്‍ എനിക്ക് നെഗറ്റീവായിരുന്നു.
ആദ്യം പറയുമ്പോള്‍ ഇന്ന ആളാണെന്നു പറയും. രണ്ടാമത് പറയുമ്പോള്‍ അയ്യോ പുള്ളിയാണോ എന്നാല്‍ വേണ്ട എന്ന് പറയും. അവസാനം എന്നെ വേണ്ടെന്ന് തീരുമാനിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ വരും.
പിന്നെ സഹായിച്ചത് മുഴുവന്‍ സീരിയലുകളാണ്. അതിന് ശേഷമാണ് സീരിയലിലേക്ക് കൂടുതലും വന്നത്,’ അന്‍സില്‍ റഹ്‌മാന്‍ പറയുന്നു.
Content Highlight: Ansil Rahman Tells How His Resemblance To Kunchacko Boban Has Affected Him Badly