| Friday, 19th April 2024, 5:05 pm

മമ്മൂക്കയുടെ ഒപ്പമാണെന്ന് അറിഞ്ഞ് കാറ്റുപോയ അവസ്ഥയായി; ഷൂട്ടിനിടയില്‍ റീടേക്കുകള്‍ വേണ്ടിവന്നു: അന്‍സില്‍ റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സലിം അഹമ്മദിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ‘പത്തേമാരി’. മമ്മൂട്ടി നായകനായ ചിത്രം 1980കളില്‍ ദുബായിലേക്ക് കുടിയേറിയ പള്ളിക്കല്‍ നാരായണന്‍ എന്ന പ്രവാസിയുടെ കഥയായിരുന്നു പറഞ്ഞത്.

ചിത്രത്തില്‍ അവസാന ഭാഗത്ത് ദുബായില്‍ വെച്ച് മമ്മൂട്ടിയുടെ നാരായണന്‍ എന്ന കഥാപാത്രത്തോട് സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകനായി എത്തിയത് അന്‍സില്‍ റഹ്‌മാന്‍ എന്ന താരമാണ്. പത്തേമാരിയുടെ ഷൂട്ടിങ്ങിനെ കുറിച്ച് പറയുകയാണ് അന്‍സില്‍. സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ദുബായില്‍ പത്തേമാരിയുടെ ഷൂട്ടിങ് നടക്കുന്നത് ഞാനും ഫാമിലിയും അവിടെ ഉള്ളപ്പോഴാണ്. സിനിമയുടെ ഷൂട്ടിങ് അവിടെയാണെന്ന് മുമ്പ് സലിംക്ക പറഞ്ഞിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം വിളിച്ചിട്ടാണ് അവര്‍ ദുബായില്‍ ഉണ്ടെന്ന് പറയുന്നത്.

അടുത്ത ദിവസം രാവിലെ ആദ്യം എടുക്കുന്നത് എന്റെ സീനാണെന്നും ഏഴു മണിക്കാണ് അതിന്റെ ഷൂട്ടിങ്ങെന്നും പറഞ്ഞു. മമ്മൂക്കയുടെ കൂടെയുള്ള സീന്‍ ആണെന്ന് കേട്ടതും എനിക്ക് ആകെ കാറ്റുപോയത് പോലെയായി. ഞാന്‍ ആകെ ഡൗണായി.

അടുത്ത ദിവസം രാവിലെ മമ്മൂക്കയുടെ കൂടെ അഭിനയിക്കണം എന്നുകേട്ടത് കൊണ്ടായിരുന്നു ഞാന്‍ ഡൗണായത്. ഷൂട്ടിങ് രണ്ട് ദിവസം കഴിഞ്ഞിട്ട് ആണെങ്കില്‍ പ്രശ്‌നം ഉണ്ടായിരുന്നില്ല. രാത്രി ഞാന്‍ കിടന്നപ്പോള്‍ നിങ്ങള്‍ എന്താണ് ഉറങ്ങാത്തത് എന്നാണ് ഭാര്യ ചോദിച്ചത്.

എന്നാലും നാളെ എന്ത് സീനാകും എടുക്കാന്‍ പോകുന്നത് എന്ന് ഞാന്‍ അവളോട് ചോദിച്ചു. ഇതേ ചോദ്യം സലിംക്കയോട് ചോദിക്കാന്‍ പറ്റുമോ. മമ്മൂക്കയുടെ കൂടെ ഏതു സീന്‍ ആണെന്ന് ഇക്കയോട് ചോദിക്കാന്‍ കഴിയില്ലല്ലോ. അന്ന് ഞാന്‍ രാത്രി തിരിഞ്ഞും മറിഞ്ഞും കുറേ കിടന്നു.

സാധാരണ മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്ന കാര്യം പറയുമ്പോള്‍ ഉറങ്ങുകയല്ലേ വേണ്ടത്. എങ്കിലല്ലേ നമ്മളുടെ മുഖം നന്നാവുകയുള്ളൂ. ഇത് എനിക്ക് അന്ന് ഒട്ടും ഉറക്കം വരണ്ടേ. പിന്നെ വെളുപ്പിന് നാല് മണിക്കോ മറ്റോ ആണ് ഉറങ്ങുന്നത്.

രാവിലെ ആറ് മണിക്ക് ഭാര്യ വന്ന് എഴുന്നേല്‍പ്പിച്ചു. പിന്നെ ആകെ റിലേ കട്ടായ അവസ്ഥയായി. അഭിനയിക്കുന്നതിന് ഇടയില്‍ സിനിമയില്‍ റീടേക്ക് വന്നിരുന്നു. നമ്മള്‍ റീടേക്ക് വരുമോയെന്ന് പേടിച്ചാല്‍ ആണ് കൂടുതല്‍ റീടേക്കുകള്‍ വരിക,’ അന്‍സില്‍ റഹ്‌മാന്‍ പറയുന്നു.

Content Highlight: Ansil Rahman Talks About Pathemaari Movie

We use cookies to give you the best possible experience. Learn more