| Thursday, 23rd November 2023, 2:42 pm

രാവിലെ മമ്മൂക്കയുടെ കൂടെയുള്ള സീനാണെന്ന് മാത്രമേ പറഞ്ഞുള്ളൂ; രാത്രി ആ സീന്‍ ഓര്‍ത്ത് ഉറങ്ങാതെ റിലേ പോയി: അന്‍സില്‍ റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി നായകനായ സലിം അഹമ്മദ് ചിത്രമാണ് ‘പത്തേമാരി’. 1980കളില്‍ ദുബായിലേക്ക് കുടിയേറിയ പള്ളിക്കല്‍ നാരായണന്‍ എന്ന പ്രവാസിയുടെ കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി ഈ ചിത്രത്തിലെത്തിയത്.

1980 മുതല്‍ 2015 വരെയുള്ള നാരായണന്റെ ജീവിതവും അയാള്‍ നേരിടുന്ന വെല്ലുവിളികളുമായിരുന്നു ചിത്രത്തില്‍ പറഞ്ഞിരുന്നത്. ആ ചിത്രത്തില്‍ അവസാന ഭാഗത്ത് ദുബായില്‍ വെച്ച് മമ്മൂട്ടിയുടെ നാരായണന്‍ എന്ന കഥാപാത്രത്തോട് സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് അന്‍സില്‍ റഹ്‌മാന്‍.

ഇപ്പോള്‍ ആ കഥാപാത്രത്തിലേക്ക് താന്‍ എത്തിയതിനെ പറ്റി പറയുകയാണ് താരം. സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍സില്‍ റഹ്‌മാന്‍ ‘പത്തേമാരി’യെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സംസാരിച്ചത്.

‘ഞാനും ഫാമിലിയും ദുബായില്‍ ഉള്ളപ്പോഴാണ് പത്തേമാരിയുടെ ഷൂട്ടിങ് അവിടെ നടക്കുന്നത്. മുന്‍പ് സലിംക്ക സിനിമയുടെ ഷൂട്ടിങ് അവിടെയാണെന്ന് പറഞ്ഞിരുന്നു. പെട്ടെന്ന് ഒരു ദിവസം വിളിച്ചിട്ട് പറയുന്നത് അവര്‍ ദുബായില്‍ ഉണ്ടെന്നാണ്.

അടുത്ത ദിവസം രാവിലെ എന്റെ സീനാണ് ആദ്യം എടുക്കുന്നതെന്നും ഏഴു മണിക്കാണ് ഷൂട്ടിങെന്നും പറഞ്ഞു. മമ്മൂക്കയുടെ കൂടെയുള്ള സീന്‍ ആണെന്ന് പറഞ്ഞു. അതുകേട്ടതും ആകെ കാറ്റുപോയത് പോലെയായി. ഞാന്‍ ആകെ ഡൗണ്‍ ആയി.

മമ്മൂക്കയുടെ കൂടെ അടുത്ത ദിവസം രാവിലെ അഭിനയിക്കണം എന്നുകേട്ടത് കൊണ്ടായിരുന്നു അത്. രണ്ട് ദിവസം കഴിഞ്ഞിട്ട് ആണെങ്കില്‍ പ്രശ്നം ഉണ്ടായിരുന്നില്ല. രാത്രി ഞാന്‍ കിടന്നപ്പോള്‍ നിങ്ങള്‍ എന്താണ് ഉറങ്ങാത്തത് എന്നാണ് ഭാര്യ ചോദിച്ചത്.

ഞാന്‍ അപ്പോള്‍, എന്നാലും നാളെ എന്ത് സീനാകും എടുക്കാന്‍ പോകുന്നത് എന്ന് അവളോട് ചോദിച്ചു. ഇത് സലിംക്കയോട് ചോദിക്കാന്‍ പറ്റുമോ. മമ്മൂക്കയുടെ കൂടെ ഏതു സീന്‍ ആണെന്ന് ഇക്കയോട് ചോദിക്കാന്‍ കഴിയില്ലല്ലോ. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നു.

സാധാരണ മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്ന കാര്യം പറയുമ്പോള്‍ ഉറങ്ങുകയല്ലേ വേണ്ടത്. എങ്കിലല്ലേ നമ്മളുടെ മുഖം നന്നാവുകയുള്ളൂ. ഇത് അന്ന് ഉറക്കം വരണ്ടേ. വെളുപ്പിന് നാല് മണിക്കോ മറ്റോ ആണ് അറിയാതെ ഉറങ്ങുന്നത്.

ആറ് മണിക്ക് ഭാര്യ വന്ന് എഴുന്നേല്‍പ്പിച്ചു. പിന്നെ ആകെ റിലേ കട്ടായ അവസ്ഥയായി. അഭിനയിക്കുന്നതിന് ഇടയില്‍ സിനിമയില്‍ റീടേക്ക് വന്നിരുന്നു. നമ്മള്‍ റീടേക്ക് വരുമോയെന്ന് പേടിച്ചാല്‍ ആണ് കൂടുതല്‍ റീടേക്കുകള്‍ വരിക,’ അന്‍സില്‍ റഹ്‌മാന്‍ പറയുന്നു.

Content Highlight: Ansil Rahman Talks About Mammootty And Pathemaari Movie

We use cookies to give you the best possible experience. Learn more