മിമിക്രിയിലും ആല്‍ബങ്ങളിലും സിനിമയിലുമൊക്കെ അഭിനയിച്ച് ശ്രദ്ധേയനായ നടനാണ് അന്‍സില്‍ റഹ്‌മാന്‍. കുഞ്ചാക്കോ ബോബന്റെ മുഖഛായയുള്ളത് കാരണം തനിക്കുണ്ടായ അനുഭവം പറയുകയാണ് അന്‍സില്‍. സെല്ലുലോയിഡ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ചില ആളുകള്‍ക്ക് അന്‍സില്‍ റഹ്‌മാനെന്ന് പറഞ്ഞാല്‍ എന്നെ മനസിലാകില്ല. അതേസമയം കുഞ്ചാക്കോ ബോബനെന്നോ ചാക്കോച്ചനെന്നോ പറഞ്ഞാല്‍ പെട്ടെന്ന് ആളുകള്‍ തിരിച്ചറിയുമായിരുന്നു. സത്യത്തില്‍ എന്നെ പലപ്പോഴും ആളുകള്‍ തിരിച്ചറിയുന്നത് അങ്ങനെയാണ്. ആ കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ടായിരുന്നു.
കാരണം അതെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒരു അമ്പത് ശതമാനം ഗുണവും അമ്പത് ശതമാനം ദോഷവുമാണെന്ന് പറയാം. എന്നെ ആളുകള്‍ തിരിച്ചറിയാന്‍ അത് സഹായിച്ചിട്ടുണ്ടെങ്കിലും വര്‍ക്കിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ എനിക്കത് നെഗറ്റീവായിട്ടാണ് വരുന്നത്.
പക്ഷെ ഇപ്പോള്‍ അതില്‍ മാറ്റമുണ്ട്. മുമ്പായിരുന്നു ഈ പ്രശ്‌നം. അന്ന് ലാലേട്ടനൊക്കെ ഡ്യൂപ് വന്ന ഒരു സമയമായിരുന്നു. അന്നത്തെ കാലത്ത് ഇങ്ങനെ ഡ്യൂപ് വന്നാല്‍ ശരിയാവില്ലായിരുന്നു. എന്നാല്‍ ഞാന്‍ അങ്ങനെ ചാക്കോച്ചന്റെ ഡ്യൂപായിട്ടൊന്നും നിന്നിട്ടില്ല. ഒറ്റനോട്ടത്തില്‍ എനിക്ക് അദ്ദേഹവുമായി ചെറിയ സാമ്യമുണ്ടെന്നേ ഉണ്ടായിരുന്നുള്ളൂ.
പണ്ട് അനിയത്തി പ്രാവ് സിനിമ കാണാന്‍ പോയത് എനിക്ക് ഇന്നും ഓര്‍മയുണ്ട്. സിനിമ കാണാനായി ഞാന്‍ തിയേറ്ററില്‍ പോയതായിരുന്നു. അന്ന് എനിക്കൊന്നും അറിയില്ലായിരുന്നു. സിനിമ കണ്ടപ്പോഴും എനിക്കൊന്നും തോന്നിയില്ല.
എന്നാല്‍ തിയേറ്ററിന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ആളുകള്‍ എന്നെ കണ്ടിട്ട് ഓടിക്കൂടി. സിനിമാ നടനാകണമെന്ന് കൊതിച്ചു നടക്കുന്ന കാലമായിരുന്നു. ആരെങ്കിലും നമ്മളെ കണ്ട് തിരിച്ചറിയുകയെന്ന് പറയുമ്പോള്‍ തന്നെ വലിയ സന്തോഷമായിരുന്നു,’ അന്‍സില്‍ റഹ്‌മാന്‍ പറയുന്നു.
Content Highlight: Ansil Rahman Talks About His Similarities With Kunchacko Boban