അനിയത്തി പ്രാവ് കണ്ട് തിയേറ്ററിന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ചാക്കോച്ചനാണെന്ന് കരുതി ആളുകള്‍ ഓടിക്കൂടി: അന്‍സില്‍ റഹ്‌മാന്‍
Entertainment news
അനിയത്തി പ്രാവ് കണ്ട് തിയേറ്ററിന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ചാക്കോച്ചനാണെന്ന് കരുതി ആളുകള്‍ ഓടിക്കൂടി: അന്‍സില്‍ റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd November 2023, 4:43 pm

ഒരു സമയത്ത് മിമിക്രി രംഗത്ത് തരംഗമായ താരമായിരുന്നു അന്‍സില്‍ റഹ്‌മാന്‍. മിമിക്രി കലാകാരന്മാരുടെ സി.ഡികള്‍ വാങ്ങി അതുകണ്ട് അനുകരിച്ചാണ് അന്‍സില്‍ സ്റ്റേജില്‍ മിമിക്രി അവതരിപ്പിച്ചിരുന്നത്. മിമിക്രിക്ക് പുറമെ ആല്‍ബങ്ങളിലും സിനിമകളിലുമൊക്കെ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

ഇപ്പോള്‍ നടന്‍ കുഞ്ചാക്കോ ബോബന്റെ മുഖഛായ ഉള്ളത് കാരണം തനിക്ക് ഉണ്ടായ അനുഭവത്തെ കുറിച്ച് പറയുകയാണ് താരം. സെല്ലുലോയിഡ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്‍സില്‍.

തന്റെ പേര് പറഞ്ഞാല്‍ ചില ആളുകള്‍ക്ക് മനസിലാകില്ലെന്നും എന്നാല്‍ കുഞ്ചാക്കോ ബോബന്റെ പേര് പറഞ്ഞാല്‍ പെട്ടെന്ന് ആളുകള്‍ തിരിച്ചറിയുമെന്നും താരം പറയുന്നു.

അനിയത്തി പ്രാവ് സിനിമ റിലീസ് ആയ സമയത്ത് താന്‍ തിയേറ്ററിന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ സിനിമ കാണാന്‍ വന്ന ആളുകള്‍ തന്നെ കണ്ട് കുഞ്ചാക്കോ ബോബനാണെന്ന് കരുതി ഓടിക്കൂടിയ കാര്യവും അന്‍സില്‍ പറയുന്നുണ്ട്.

‘അന്‍സില്‍ റഹ്‌മാന്‍ എന്ന് പറഞ്ഞാല്‍ ചില ആളുകള്‍ക്ക് മനസിലാകില്ല. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ അല്ലെങ്കില്‍ ചാക്കോച്ചന്‍ എന്ന് പറഞ്ഞാല്‍ പെട്ടെന്ന് ആളുകള്‍ തിരിച്ചറിയും. എന്നെ ആളുകള്‍ തിരിച്ചറിയുന്നത് അങ്ങനെയാണ്.

ആ കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം അത് ഒരുപാട് സഹായിച്ചിട്ടുണ്ട്. പറയുകയാണെങ്കില്‍ ഒരു അമ്പത് ശതമാനം ഗുണവും അമ്പത് ശതമാനം ദോഷവുമാണ്. എന്നെ തിരിച്ചറിയാന്‍ സഹായിച്ചിട്ടുണ്ടെങ്കിലും വര്‍ക്കിലേക്ക് വരുമ്പോള്‍ നെഗറ്റീവ് ആയിട്ടുമാണ് വരുന്നത്.

ഇപ്പോള്‍ അങ്ങനെയല്ല, മുന്‍പായിരുന്നു ഈ പ്രശ്‌നം. ആ സമയത്ത് ലാലേട്ടനൊക്കെ ഡ്യൂപ് വന്ന സമയമായിരുന്നു. അന്ന് ഡ്യൂപ് വന്നാല്‍ ശരിയാവില്ലായിരുന്നു. എന്നാല്‍ ഞാന്‍ അത്തരത്തില്‍ ചാക്കോച്ചന്റെ ഡ്യൂപായിട്ട് നിന്നിട്ടില്ല. അദ്ദേഹവുമായി എനിക്ക് ചെറിയ സാമ്യമുണ്ടെന്നേ ഉള്ളൂ.

അന്ന് അനിയത്തി പ്രാവ് സിനിമ റിലീസ് ആയപ്പോള്‍ ഞാന്‍ തിയേറ്ററില്‍ പോയി. അന്ന് എനിക്ക് ഒന്നും അറിയില്ലായിരുന്നു. സിനിമ കണ്ടപ്പോഴും എനിക്ക് ഒന്നും തോന്നിയില്ല. പക്ഷെ തിയേറ്ററിന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ആളുകള്‍ എന്നെ കണ്ടിട്ട് ഓടിക്കൂടി.

അന്ന് സിനിമാ നടനാകണം എന്ന് കൊതിച്ചു നടക്കുന്ന കാലമാണ്. ആരെങ്കിലും നമ്മളെ കണ്ടിട്ട് തിരിച്ചറിയുക എന്ന് പറയുമ്പോള്‍ വലിയ സന്തോഷമായിരുന്നു. അതിന്റെ പേരില്‍ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്,’ അന്‍സില്‍ റഹ്‌മാന്‍ പറഞ്ഞു.

Content Highlight: Ansil Rahman Talks About His Experience After Aniyathipravu Movie And Kunchacko Boban