മിമിക്രിയിലൂടെയും ആല്‍ബങ്ങളിലൂടെയും ഏറെ ശ്രദ്ധനേടിയ താരമാണ് അന്‍സില്‍ റഹ്‌മാന്‍. മിമിക്രിക്കും ആല്‍ബങ്ങള്‍ക്കും പുറമെ ചില സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.
ഇപ്പോള്‍ നടന്‍ കുഞ്ചാക്കോ ബോബന്റെ മുഖഛായ ഉള്ളത് കാരണം തനിക്ക് ഉണ്ടായ അനുഭവത്തെ കുറിച്ച് പറയുകയാണ് താരം. സെല്ലുലോയിഡ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്‍സില്‍.
‘അന്‍സില്‍ റഹ്‌മാന്‍ എന്ന് പറഞ്ഞാല്‍ ചില ആളുകള്‍ക്ക് മനസിലാകില്ല. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ അല്ലെങ്കില്‍ ചാക്കോച്ചന്‍ എന്ന് പറഞ്ഞാല്‍ പെട്ടെന്ന് ആളുകള്‍ തിരിച്ചറിയും. എന്നെ ആളുകള്‍ തിരിച്ചറിയുന്നത് അങ്ങനെയാണ്.
ആ കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം അത് ഒരുപാട് സഹായിച്ചിട്ടുണ്ട്. പറയുകയാണെങ്കില്‍ ഒരു അമ്പത് ശതമാനം ഗുണവും അമ്പത് ശതമാനം ദോഷവുമാണ്. എന്നെ തിരിച്ചറിയാന്‍ സഹായിച്ചിട്ടുണ്ടെങ്കിലും വര്‍ക്കിലേക്ക് വരുമ്പോള്‍ നെഗറ്റീവ് ആയിട്ടുമാണ് വരുന്നത്.
അന്ന് സിനിമാ നടനാകണം എന്ന് കൊതിച്ചു നടക്കുന്ന കാലമാണ്. ആരെങ്കിലും നമ്മളെ കണ്ടിട്ട് തിരിച്ചറിയുക എന്ന് പറയുമ്പോള്‍ വലിയ സന്തോഷമായിരുന്നു. അതിന്റെ പേരില്‍ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്.
സത്യം പറഞ്ഞാല്‍ അതിന്റെ പേരില്‍ എനിക്ക് ഇനോഗ്രേഷന്‍ പോലും കിട്ടിയിട്ടുണ്ട്. ഒരു ജുവല്ലറിയുടെ ഇനോഗ്രേഷന്‍ ആയിരുന്നു അത്. പിന്നെ ആലപ്പുഴയില്‍ വെച്ച് ഒരു അനുഭവം ഉണ്ടായി.
ഞാന്‍ കൂട്ടുകാരുമായി ബീച്ചില്‍ പോയതായിരുന്നു. അവിടെ അവരുമായി ബീച്ചിലൂടെ നടക്കുകയായിരുന്നു ഞാന്‍. ഇതിനിടയില്‍ ചിലര്‍ അടുത്ത് വന്ന് ചിരിച്ചു. അപ്പോള്‍ തന്നെ എനിക്ക് കാര്യം മനസിലായി.
ഞാന്‍ ചാക്കോച്ചന്‍ അല്ലെന്ന് അവരോട് പറഞ്ഞു. എന്നാല്‍ സ്ത്രീകള്‍ എല്ലാവരും ചുറ്റുംകൂടി. ഞാന്‍ നിങ്ങള്‍ ഉദ്ദേശിച്ച ആളല്ലെന്ന് പറഞ്ഞിട്ടും അവര്‍ വിടുന്നില്ല. ചാക്കോച്ചനോടുള്ള സ്‌നേഹമാണ് അവര്‍ എന്നോട് കാണിച്ചത്. പുള്ളിക്കാരന്‍ ആണെന്നുള്ള ധാരണയിലാണ്.
അവസാനം എന്റെ കൂട്ടുകാര്‍ ചെന്ന് പൊലീസുക്കാരെ വിളിച്ചു കൊണ്ടുവന്നു. പൊലീസുകാര്‍ വന്ന് ആളുകളെ മാറ്റി നിര്‍ത്തിയിട്ട് എന്നോട് അവിടുന്ന് വേഗം പോകാന്‍ പറഞ്ഞു. വഴിയില്‍ ഞാന്‍ ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു.
ഓട്ടോ നിര്‍ത്തി എന്നെ അതില്‍ കയറ്റി. ഞാന്‍ ഓട്ടോയില്‍ കയറി ഡ്രൈവറിനോട് എങ്ങോട്ടേലും പോകാന്‍ പറഞ്ഞു. അയാള്‍ പെട്ടെന്ന് തിരിഞ്ഞു നോക്കിയിട്ട് എന്താ സാര്‍ ഇന്ന് കാര്‍ എടുത്തില്ലേ എന്നാണ് ചോദിച്ചത്,’ അന്‍സില്‍ റഹ്‌മാന്‍ പറഞ്ഞു.
Content Highlight: Ansil Rahman Talks About A Experience Due To His Resemblance To Kunchacko Boban