| Wednesday, 21st April 2021, 2:34 pm

ഞാന്‍ വിചാരിച്ച വേഷങ്ങളൊന്നും കിട്ടിയില്ല, ക്യാമറക്ക് പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് നല്ല ക്രിയേറ്റിവിറ്റി ഉണ്ടായിരിക്കണം: അന്‍സിബ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നല്ല പ്രൊജക്ടുകളൊന്നും വരാത്തതുകൊണ്ടാണ് തനിക്ക് സിനിമയില്‍ നിന്ന് ഗ്യാപ്പെടുക്കേണ്ടി വന്നതെന്ന് തുറന്നുപറയുകയാണ് നടി അന്‍സിബ. വെള്ളിനക്ഷത്രം മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് അന്‍സിബയുടെ തുറന്നുപറച്ചില്‍.

സിനിമയെ സീരിയസായി കാണുന്ന ആളാണ് താനെന്നും പക്ഷേ അതിനനുസരിച്ചുള്ള വേഷങ്ങള്‍ തനിക്ക് ലഭിച്ചില്ലെന്നും അന്‍സിബ പറയുന്നു.

‘കിട്ടിയതെല്ലാം ചെറിയ വേഷങ്ങളായിരുന്നു. പ്രതീക്ഷിച്ച വേഷങ്ങള്‍ വന്നില്ലെങ്കില്‍ ചെയ്യേണ്ടതില്ലെന്ന് കരുതി. അതാണ് അഭിനയം നിര്‍ത്തിയത്. വന്ന വേഷങ്ങളൊക്കെ ഇഷ്ടത്തോടെ ചെയ്യാന്‍ പറ്റിയതായിരുന്നില്ല. പ്രതീക്ഷിച്ച ക്യാരക്ടറുകളോ, റോളോ, ബാനറോ എനിക്ക് ലഭിച്ചില്ല. സിനിമ എന്ന് പറയുമ്പോള്‍ നല്ല ക്രൂ ആയിരിക്കണം. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് നല്ല ക്രിയേറ്റിവിറ്റി ഉണ്ടായിരിക്കണം,’ അന്‍സിബ പറഞ്ഞു.

ഇഷ്ടപ്പെടുന്ന കാര്യം ഇഷ്ടമില്ലാതെ ചെയ്യുന്നതിനോട് താല്‍പര്യമില്ലെന്നും, അങ്ങനെ ചെയ്താല്‍ ഫിനാന്‍ഷ്യല്‍ ബെനിഫിറ്റ് ഉണ്ടാവില്ലെന്നും അന്‍സിബ പറയുന്നു.

സിനിമയെ അത്രയും ഇഷ്ടപ്പെടുന്ന ഒരാളായതുകൊണ്ടായിരിക്കാം ദൃശ്യം രണ്ടാം ഭാഗം തന്നിലേക്കെത്തിയതെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.

താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച കാര്യം മോഹന്‍ലാലുമായി പങ്കുവെച്ചപ്പോള്‍ ഉണ്ടായ കാര്യങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ അന്‍സിബ പറഞ്ഞു.

‘സിനിമയൊന്നും ചെയ്യാതിരുന്ന സമയത്ത് ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. ദൃശ്യത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് അതിന്റെ കഥ പറയാന്‍ ലാലേട്ടന്‍ ആവശ്യപ്പെട്ടു. തമാശയായിട്ടാണ് ഞാന്‍ അത് കരുതിയത്. ഞാന്‍ അത് പറയാതിരുന്നപ്പോള്‍ സെറ്റിലുള്ളവരോട് അന്‍സിബ കഥ പോലും പറഞ്ഞു തരുന്നില്ലെന്നാണ് പറഞ്ഞത്. എല്ലാവരും കൂടി ഒരുമിച്ച് കളിയാക്കിയപ്പോള്‍ ഞാന്‍ കഥ പറഞ്ഞു. അത് കേട്ട് ഞാന്‍ നല്ലൊരു സ്റ്റോറി ടെല്ലറാണെന്ന് ലാലേട്ടന്‍ പറഞ്ഞു,’ അന്‍സിബ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ansiba says about her films

We use cookies to give you the best possible experience. Learn more