| Monday, 9th May 2022, 1:37 pm

മമ്മൂക്ക സെറ്റില്‍ ഡാന്‍സ് കളിക്കാറുണ്ട്, ലാലേട്ടന്‍ സെറ്റില്‍ കളിയാക്കി ചിരിപ്പിക്കും: അന്‍സിബ ഹസ്സന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2008ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ”ഇന്നത്തെ ചിന്താവിഷയം” എന്ന ചിത്രത്തിലൂടെയാണ് അന്‍സിബ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ജീത്തു ജോസഫിന്റെ ദൃശ്യത്തിലൂടെ കൂടുതല്‍ ശ്രദ്ധേയയായി. ”സി.ബി.ഐ 5 ദി ബ്രെയ്ന്‍” ആണ് ഒടുവില്‍ റിലീസ് ചെയ്ത അന്‍സിബയുടെ ചിത്രം.

മമ്മൂക്കയും ലാലേട്ടനും പത്ത് പേജ് ഡയലോഗുകള്‍ തെറ്റിക്കാതെ പറയാറുണ്ടെന്നും, അത് എങ്ങനെ സാധിക്കുന്നു എന്ന് താന്‍ ചോദിച്ചിട്ടുണ്ടെന്നും പറയുകയാണ് അന്‍സിബ ഹസ്സന്‍. ബിഹൈന്റ്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”മമ്മൂക്കയും ലാലേട്ടനും അഭിനയിക്കുന്ന സമയത്ത് ചിട്ടി റോബോട്ട് പോലെയാണ്. പത്ത് പേജ് ഡയലോഗുകള്‍ ഉണ്ടെങ്കിലും ചുമ്മാ സ്‌കാന്‍ ചെയ്യുന്നു, ഡയലോഗുകള്‍ പറയുന്നു. ഒരു വാക്ക് പോലും തെറ്റില്ല. നമ്മളാണെങ്കില്‍ അത് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ പഠിച്ച് തുടങ്ങി പ്രാക്ടീസ് ചെയ്യും. എന്നിട്ട് തെറ്റിക്കുകയും ചെയ്യും. ഇത് എങ്ങനെ സാധിക്കുന്നു എന്ന് രണ്ട് പേരോടും ഞാന്‍ ചോദിച്ചിട്ടുണ്ട്.

May be an image of 2 people

രണ്ട് പേരും അനുഭവം കൊണ്ടാണ് എന്നാണ് പറയുന്നത്. അനുഭവം എന്ന് പറയുന്നത് തന്നെ അവര്‍ക്ക് രണ്ട് പേര്‍ക്കുമുള്ള കഴിവ് തന്നെയാണല്ലോ. പിന്നെ ദൈവം മമ്മൂട്ടി മോഹന്‍ലാല്‍ എന്ന് പറയുന്ന രണ്ട് പേരെ തന്നെയല്ലേ ഉണ്ടാക്കിയിട്ടുള്ളു. അവര്‍ക്ക് രണ്ട് പേര്‍ക്കും ഉള്ള ഒരു കഴിവാണത്,” അന്‍സിബ ഹസ്സന്‍ പറഞ്ഞു.

മമ്മൂക്ക സെറ്റില്‍ ഡാന്‍സ് കളിക്കാറുണ്ടെന്നും, ലാലേട്ടന്‍ എപ്പോഴും ചിരിപ്പിക്കാറുണ്ടെന്നും അന്‍സിബ പറയുന്നു.

”മമ്മൂക്ക സെറ്റില്‍ എപ്പോഴും കഥാപാത്രമായി ഇരിക്കാറുള്ളു എന്ന് വെറുതെ പറയുകയാണ്. ലാലേട്ടനെ പോലെ മമ്മൂക്കയും പാട്ട് പാടി ലലല പാടി നടക്കും. രണ്ട് പേരും ആ ഒരു കാര്യത്തിലും സമാനമാണ്. മമ്മൂക്ക അഭിനയിക്കുന്നതിന്റെ തൊട്ട് മുമ്പ് വരെ പാട്ട് പാടും, കൂടെ ഡാന്‍സും കളിക്കും, ഹിപ്പ് മൂവ്മെന്റ്സും ചെയ്യാറുണ്ട്. എന്നിട്ടാണ് ഈ പത്ത് പേജ് ഡയലോഗുകളൊക്കെ എളുപ്പത്തില്‍ പറയുന്നത്. മമ്മുക്ക ചിരിപ്പിക്കുമ്പോള്‍ കണ്‍ട്രോള്‍ വിട്ട് എന്നോട്ട് ചിരിച്ച് പോകും. എപ്പോഴും അങ്ങനെയാണ്.

May be an image of 5 people, people sitting, people standing and indoor

ലാലേട്ടനും എപ്പോഴും ചിരിപ്പിക്കും, കളിയാക്കും. നമ്മള്‍ ഓപ്പോസിറ്റ് നിന്ന് അഭിനയിക്കുന്ന സമയത്ത് സജഷന്‍ ഷോട്ടൊക്കെയാണെങ്കില്‍ ലാലേട്ടന്‍ കളിയാക്കി ചിരിക്കും. ചിരി പിടിച്ച് നിന്ന് ഞാന്‍ അഭിനയിക്കും. ഷോട്ട് കഴിഞ്ഞ ഉടനെ പൊട്ടി ചിരിച്ച് പോകും.

ദ്യശ്യം സിനിമയില്‍ എന്റേത് ഒരു മൂഡി കഥാപാത്രമായിരുന്നത് കൊണ്ട് ലാലേട്ടന്‍ ചിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ പോലും ഞാന്‍ അത്ര ചിരിക്കൂല. ജീത്തു സാര്‍ അപ്പുറത്ത് നിന്ന് നോക്കും, എന്നിട്ട് എന്നെ നോക്കിയിട്ട് എടോ ചിരിക്കല്ലടോ എന്ന് പറയും. ചിരിക്കരുത് എന്ന് ഇടയ്ക്കിടയ്ക്ക് ജീത്തു സാര്‍ ഓര്‍മ്മിപ്പിക്കും. അത് കൊണ്ട് ലാലേട്ടന്‍ ചിരിപ്പിച്ചാലും ഞാന്‍ പകുതി മാത്രം ചിരിക്കാറുള്ളു, മുഴുവനും ചിരിക്കില്ല. ആ കഥാപാത്രം വിട്ട് പോകാതിരിക്കാന്‍ വേണ്ടിയാണത്,” അന്‍സിബ ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: ansiba hassan about mammootty and mohanlal

We use cookies to give you the best possible experience. Learn more