കുറുക്കന്‍ എന്ന സിനിമയിലെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി അന്‍സിബ ഹസന്‍. ഇമോഷണല്‍ രംഗമാണെങ്കിലും താന്‍ ലിപ്സ്റ്റിക് ഇടുമെന്നും എന്നാല്‍ അത് പിടിക്കപ്പെട്ടുവെന്നും അന്‍സിബ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് സെറ്റിലെ അനുഭവങ്ങള്‍ താരം പങ്കുവെച്ചത്.
‘ജിബു ചേട്ടന്‍ ഡയറക്ടറുമാണ് ക്യാമറാമാനുമാണ്. ഇമോഷണല്‍ സീനാണ് എടുക്കുന്നതെങ്കിലും ജിബു ചേട്ടന്‍ ക്യാമറയുടെ അടുത്ത് നിന്ന് ചിരിപ്പിക്കും. ഇമോഷണല്‍ സീനാണെങ്കിലും ചെറുതായി ലിപ്സ്റ്റിക് ഒന്ന് ടച്ച് ചെയ്ത് വിടും. പക്ഷേ ജിബു ചേട്ടന്‍ കറക്ടായി അത് പിടിക്കും. മാളൂ, ഇത് കരയേണ്ട സീനാണ് എന്ന് പറയും. കുറച്ചു കുറയ്ക്കാന്‍ പറഞ്ഞു, സാര്‍ ഞാന്‍ ഈ സിനിമയില്‍ മോഡലാണ്, അപ്പോള്‍ എനിക്ക് കുറച്ച് ലിപ്സ്റ്റിക്കാവാം എന്ന് പറഞ്ഞു.
ദൃശ്യം വണ്ണിലും ടുവിലും ഡള്ളാണ്. കണ്ണെഴുതാന്‍ പോലും എനിക്ക് പറ്റില്ല. കഥാപാത്രം അങ്ങനെ ആയതുകൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. അത് ഭയങ്കര വിഷമമായിരുന്നു. കണ്ണെഴുതിയിട്ടില്ലെങ്കില്‍ തന്നെ ഭയങ്കര ഡള്ളടിക്കും. പക്ഷേ കുറുക്കനില്‍ വന്നപ്പോള്‍ മേക്കപ്പിടാം. അങ്ങനെ ഒരു പേഴ്‌സണല്‍ ഹാപ്പിനെസ് ഉണ്ടായിരുന്നു,’ അന്‍സിബ പറഞ്ഞു.
നെഗറ്റീവ് കമന്റുകളെ കുറിച്ചും വ്യാജ വാര്‍ത്തകളെ കുറിച്ചും അന്‍സിബ സംസാരിച്ചു. ‘നമുക്ക് കാണുമ്പോള്‍ ചിരി വരുന്ന കാര്യങ്ങളാണ് ട്രോള്‍. ചമ്മിയ ഫീല്‍ ആയിരിക്കും അത് കാണുമ്പോള്‍. എന്നാല്‍ ഞാന്‍ വന്ന സമയത്ത് ട്രോളായിരുന്നില്ല. വെര്‍ബല്‍ അബ്യൂസ് ചെയ്യുകയായിരുന്നു. നമ്മളെ പറ്റി കുറ്റം പറയുകയായിരുന്നു. ഈ ഫീല്‍ഡേ വേണ്ടെന്ന് വിചാരിച്ച് നമ്മള്‍ ഓടി രക്ഷപ്പെടുമല്ലോ, അതുപോലെയുള്ള കമന്റ്സായിരുന്നു.
ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് പറഞ്ഞ് കുറെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍സ് വാര്‍ത്ത കൊടുത്തിരുന്നു. ഇപ്പോഴൊക്കെ കുറെ പോസിറ്റീവ് വാര്‍ത്തകളാണ് കൊടുക്കുക. ആ സമയത്ത് ആളുകള്‍ ഞാന്‍ പറയാത്ത കാര്യങ്ങള്‍ അന്‍സിബ പറഞ്ഞുവെന്ന് വലിയ ഹെഡ്‌ലൈനില്‍ കൊടുക്കും. കണ്ടന്റ് വായിക്കുമ്പോള്‍ അതിലൊന്നും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ എന്നെപ്പറ്റി പറയാത്ത കാര്യം പറഞ്ഞുവെന്ന് പരാതി നല്‍കാന്‍ പറ്റില്ല. അതില്‍ ഹെഡിങ് മാത്രം വായിക്കും. അതിനകത്ത് എഴുതിയത് വായിക്കില്ല. അപ്പോള്‍ ആളുകള്‍ അത് മാത്രം കണ്ടിട്ട് ഭയങ്കരം ചീത്ത വിളിയും തെറി വിളിയും ആയിരിക്കും. അത് ഞാന്‍ ഫേസ് ചെയ്തിട്ടുണ്ട്.