താൻ പണത്തിന് വേണ്ടി മാത്രം സിനിമകൾ ചെയ്തിട്ടുണ്ടെന്ന് നടി അൻസിബ ഹസൻ. ദൃശ്യം സിനിമയുടെ ഒന്നാം ഭാഗം കഴിഞ്ഞപ്പോൾ ഫിനാൻഷ്യൽ ബെനിഫിറ്റിനായി പടങ്ങൾ ചെയ്തിട്ടുണ്ടെന്നും എന്നാൽ തനിക്ക് പിന്നീടതിൽ തൃപ്തി തോന്നിയിട്ടില്ലെന്നും അൻസിബ പറഞ്ഞു. ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ദൃശ്യം എന്ന ചിത്രത്തിന് ശേഷം അധികം സിനിമകൾ ചെയ്യാതിരുന്നതെന്താണെന്നുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അൻസിബ.
‘എനിക്ക് ദൃശ്യത്തിന് ശേഷം അധികം നല്ല ഓഫറുകൾ ഒന്നും വന്നിട്ടില്ല. വരുന്നതിൽ നിന്ന് തെരഞ്ഞെടുക്കാറാണ് പതിവ്. അതിൽ നിന്നും നല്ലത് എടുക്കാൻ, വന്നതൊന്നും അത്ര നല്ല പ്രൊജക്ടുകൾ ആയിരുന്നില്ല. ഫിനാൻഷ്യൽ ബെനിഫിറ്റിനായി ഒരുപാട് ചിത്രങ്ങൾ വന്നിട്ടുണ്ട്. പണം കിട്ടുന്നതിന് വേണ്ടി ദൃശ്യം ഒന്നാം ഭാഗത്തിന് ശേഷം അങ്ങനെ ഒരുപാട് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്തപ്പോൾ ഞാൻ ഒരുപാട് ഫ്രസ്ട്രേറ്റഡ് ആയി. ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടാണ് സിനിമയിലേക്ക് വന്നത്. ഞാൻ ഉദ്ദേശിച്ച സിനിമ അതല്ലെന്ന്പിന്നീട് എനിക്ക് മനസിലായി. അപ്പോൾ ഞാൻ തീരുമാനിച്ചു വേറെ എന്തെങ്കിലും ജോലി ചെയ്തിട്ട് പണം ഉണ്ടാക്കുന്നതാണ് നല്ലതെന്ന്.
പണം നമുക്ക് വേണം, പക്ഷെ സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു തൃപ്തി വേണം. അതിനായി നല്ല കഥാപാത്രം ചെയ്യണം, നല്ല സിനിമയുടെ ഭാഗമാക്കണം, അങ്ങനെ ചെറിയ ആഗ്രഹങ്ങൾ ഒക്കെ ഉണ്ട്. അല്ലാതെ എന്റെ തല, എന്റെ പോസ്റ്റർ അങ്ങനെ ആഗ്രഹിച്ചിട്ടില്ല (ചിരിക്കുന്നു). നന്നായി ഓടുന്ന സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോൾ അതാണ് ഞാൻ ചെയ്യുന്നതെന്നാണ് എന്റെ വിശ്വാസം,’ അൻസിബ പറഞ്ഞു.
വർണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമിക്കുന്ന നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ ആണ് അന്സിബയുടെ ഏറ്റവും പുതിയ ചിത്രം. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. സുധീർ കരമന, മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവർ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കും. ചിത്റഗ്രാം ജൂലൈ 27 ന് തിയേറ്ററുകളിൽ എത്തും.
Content Highlights: Ansiba Hassan on cinema