| Tuesday, 1st August 2023, 6:24 pm

കല്യാണം കഴിപ്പിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലുകളുണ്ട്; ഓടി രക്ഷപ്പെട്ടാല്‍ മതിയെന്ന് തോന്നിപ്പോകും: അന്‍സിബ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ വന്ന സമയത്തുള്ള നെഗറ്റീവ് കമന്റുകളെ കുറിച്ചും വ്യാജ വാര്‍ത്തകളെ കുറിച്ചും സംസാരിക്കുകയാണ് നടി അന്‍സിബ. പറയാത്ത കാര്യങ്ങള്‍ തലക്കെട്ടോട് കൂടി കൊടുക്കുമെന്നും അത് കേട്ട് മറ്റുള്ളവര്‍ ചീത്ത വിളിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. ആ സമയത്ത് വിഷമുണ്ടായെന്നും സിനിമ മേഖല വിട്ട് പോകാമെന്ന് തോന്നുകയും ചെയ്തതായി അന്‍സിബ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘നമുക്ക് കാണുമ്പോള്‍ ചിരി വരുന്ന കാര്യങ്ങളാണ് ട്രോള്‍. ചമ്മിയ ഫീല്‍ ആയിരിക്കും അത് കാണുമ്പോള്‍. എന്നാല്‍ ഞാന്‍ വന്ന സമയത്ത് ട്രോളായിരുന്നില്ല. വെര്‍ബല്‍ അബ്യൂസ് ചെയ്യുകയായിരുന്നു. നമ്മളെ പറ്റി കുറ്റം പറയുകയായിരുന്നു. ഈ ഫീല്‍ഡേ വേണ്ടെന്ന് വിചാരിച്ച് നമ്മള്‍ ഓടി രക്ഷപ്പെടുമല്ലോ, അതുപോലെയുള്ള കമന്റ്‌സായിരുന്നു.

ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് പറഞ്ഞ് കുറെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍സ് വാര്‍ത്ത കൊടുത്തിരുന്നു. ഇപ്പോഴൊക്കെ കുറെ പോസിറ്റീവ് വാര്‍ത്തകളാണ് കൊടുക്കുക. ആ സമയത്ത് ആളുകള്‍ ഞാന്‍ പറയാത്ത കാര്യങ്ങള്‍ അന്‍സിബ പറഞ്ഞുവെന്ന് വലിയ ഹെന്‍ഡ്‌ലൈനില്‍ കൊടുക്കും.

കണ്ടന്റ് വായിക്കുമ്പോള്‍ അതിലൊന്നും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ എന്നെപ്പറ്റി പറയാത്ത കാര്യം പറഞ്ഞുവെന്ന് പരാതി നല്‍കാന്‍ പറ്റില്ല. അതില്‍ ഹെഡിങ് മാത്രം വായിക്കും. അതിനകത്ത് എഴുതിയത് വായിക്കില്ല. അപ്പോ ആളുകള്‍ അത് മാത്രം കണ്ടിട്ട് ഭയങ്കരം ചീത്ത വിളിയും തെറി വിളിയും ആയിരിക്കും. ഇങ്ങനെയുള്ള സാധനം ഞാന്‍ കുറെ ഫേസ് ചെയ്തിട്ടുണ്ട്.

ആ സമയത്ത് ഞാന്‍ ഭയങ്കര വിഷമിച്ചിട്ടുണ്ടായിരുന്നു. ആ സമയത്ത് വേറെയാരും അങ്ങനെ വന്ന് തുടങ്ങിയിട്ടില്ല. ദൃശ്യം ഇറങ്ങിയ സമയത്ത് എന്റെ ആ പ്രായത്തിലുള്ള ആരും ഇല്ല. പിന്നെയാണ് പലരും വന്ന് തുടങ്ങിയത്,’ അന്‍സിബ പറഞ്ഞു.

ചില വാര്‍ത്തകളില്‍ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നടി പറഞ്ഞു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിവാഹം കഴിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്ത കൊടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

‘ചിലതൊക്കെ ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് ഓപ്പണ്‍ ചെയ്ത് നോക്കുമ്പോള്‍ കണ്ടന്റ് ഇല്ല. പിന്നെ നോക്കുമ്പോള്‍ പേജസ് നോട്ട് ഫൗണ്ട് എന്ന് കാണിക്കും. അങ്ങനൊരു പേജേ ഇല്ല. പക്ഷേ അങ്ങനൊരു ഹെഡ്ഡിങ് കാണാം. ഇത് കണ്ടിട്ടാണ് പലരും പല രീതിയില്‍ കമന്റ്‌സ് എഴുതുന്നത്.

ചിലര്‍ നമ്മളെ കല്യാണം കഴിപ്പിക്കും. ഞാനൊരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ടായിരുന്നു. അതില്‍ കല്യാണം കഴിപ്പിക്കുന്ന സീനുണ്ട്. ഈ പയ്യനും ഞാനും ശരിക്കും കല്യാണം കഴിച്ചുവെന്ന് പറഞ്ഞിട്ട് ഏതോ ഒരു ചേട്ടന്‍ പോസ്റ്റ് ചെയ്തു. അങ്ങനെ ഇത് വലിയ വാര്‍ത്തയായി.

ബന്ധുക്കളൊക്കെ മമ്മിയെ വിളിച്ച് ചോദിച്ചു. ചിലര്‍ക്ക് അറിയിച്ചില്ലെന്ന വിഷമം. പിന്നെ ചിലര്‍ വിളിച്ചിട്ട് കുത്തുവാക്കുകള്‍ പറയും. ഒളിച്ചോടി പോയല്ലേയെന്ന് ചോദിക്കും.

അതൊരു പ്രോമിനന്റ് ന്യൂസ് പോര്‍ട്ടലായിരുന്നു. അവരുടെ ഫോണ്‍ നമ്പറെടുത്ത് ഞാന്‍ അവരോട് പറഞ്ഞു ഇത് ഫേക്കാണെന്ന്. ഓണ്‍ലൈനില്‍ ഒരാളുടെ പോസ്റ്റ് കണ്ടിട്ട് ഇട്ടതാണെന്ന് അവരും പറഞ്ഞു. ആരെങ്കിലും പോസ്റ്റ് ചെയ്തത് കണ്ടിട്ട് നിങ്ങള്‍ വാര്‍ത്ത കൊടുക്കാവോ എന്ന് ചോദിച്ചു.

പിന്നെ അവര്‍ അന്‍സിബയുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് ഒരു വാര്‍ത്തയിറക്കി. ഇത് ആരും കണ്ടതുമില്ല. ഇപ്പോഴും നെഗറ്റീവ് ഹെഡ്‌ലൈന്‍ കൊടുത്താലേ എല്ലാവരും ശ്രദ്ധിക്കുകയുള്ളൂ,’ അന്‍സിബ പറഞ്ഞു.


വര്‍ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മിച്ച നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കന്‍ ആണ് അന്‍സിബയുടെ ഏറ്റവും പുതിയ ചിത്രം. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സുധീര്‍ കരമന, മാളവിക മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, സംവിധായകന്‍ ദിലീപ് മേനോന്‍, ബാലാജി ശര്‍മ്മ, ജോണ്‍, കൃഷ്ണന്‍ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദന്‍ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

content highlights: Ansiba about online portal

We use cookies to give you the best possible experience. Learn more