കൊച്ചി: മോഡലുകള്‍ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന ആഡംബരക്കാര്‍ ഉടമ സൈജു തങ്കച്ചന്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലിന് ശേഷമാണ് സൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നരഹത്യ, സ്ത്രീകളെ അപകടകരമായ രീതിയില്‍ പിന്തുടരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് സൈജുവിന് നോട്ടിസ് നല്‍കിയിരുന്നു. ഇയാള്‍ ഒളിവില്‍ ആയിരുന്നതിനാല്‍ സഹോദരനാണ് നോട്ടീസ് കൈപ്പറ്റിയത്.
കേസില്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കാണിച്ച് സൈജു തങ്കച്ചന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
അപകടം നടന്നതിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സൈജുവാണ് പൊലീസിനെ വിവരം വിളിച്ച് അറിയിച്ചത്.
അപകടത്തില്‍ മരിച്ച മോഡലുകളായ അന്‍സി കബീറും അഞ്ജന ഷാജനും പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലുമായി അടുത്ത ബന്ധമുള്ള ആളാണ് സൈജവെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സംഭവദിവസം ഇയാള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നെന്നും കുണ്ടന്നൂരില്‍വച്ച് മോഡലുകളുമായി വാക്കുതര്‍ക്കം ഉണ്ടായിയെന്നും പൊലീസ് കണ്ടെത്തി.
നേരത്തെ കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് ജോസഫ് വയലാട്ട് അറസ്റ്റിലായിരുന്നു. ഡി.ജെ. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പൊലീസിന് കണ്ടെടുക്കാനായിരുന്നില്ല. റോയിയുടെ നിര്‍ദേശപ്രകാരം സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
തെളിവ് നശിപ്പിച്ചുവെന്ന കേസിലാണ് റോയിയേയും അഞ്ച് ഹോട്ടല്‍ ജീവനക്കാരേയും അറസ്റ്റ് ചെയ്തത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Ansi Kabeer Anjana Shajan Saiju Thankachan