| Friday, 15th November 2024, 12:19 pm

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ 10 വിക്കറ്റും നേടിയവന്‍ ചരിത്രം കുറിച്ചു; കാംബോജ് ഇഫക്ടില്‍ നാണക്കേടുമായി കേരളം!

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ കേരളവും ഹരിയാനയും തമ്മിലുള്ള മത്സരം ചൗദരി ബാന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഹരിയാന ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ദിനം മത്സരം നടന്നുകൊണ്ടിരിക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ കേരളം 291 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്.

ഹരിയാനയ്ക്ക് വേണ്ടി ഗംഭീര ബൗളിങ് പ്രകടനം കാഴ്ചവെച്ചത് അന്‍ഷുല്‍ കാംബോജാണ്. കേരളത്തിന്റെ 10 വിക്കറ്റുകളും വീഴ്ത്തിയത് അന്‍ഷുലാണ്. ഒമ്പത് മെയ്ഡന്‍ അടക്കം 30 ഓവറുകള്‍ ചെയ്ത് അന്‍ഷുല്‍ 49 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. 1.62 എന്ന എക്കോണമിയില്‍ പന്തെറിഞ്ഞ അന്‍ഷുലിന്റെ മുന്നില്‍ കേരളത്തിന്റെ താരങ്ങള്‍ക്ക് ഏറെ നേരം പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ലായിരുന്നു.

ഇതോടെ രഞ്ജി ട്രോഫി ചരിത്രം തിരുത്തിക്കുറിക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. 39 വര്‍ഷത്തിനിടെ ഒരു ഇന്നിങ്സിലെ 10 വിക്കറ്റും വീഴ്ത്തുന്ന ഫാസ്റ്റ് ബൗളറാകാനാണ് അന്‍ഷുല്‍ കംബോജിന് സാധിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 10 വിക്കറ്റ് നേടുന്ന ആറാമത്തെ താരവും രഞ്ജിയില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാം താരവുമാകാനാണ് അന്‍ഷുലിന് സാധിച്ചത്.

രഞ്ജി ട്രോഫിയില്‍ ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റുകള്‍ നേടുന്ന താരം, സ്‌കോര്‍, എതിരാളി, വര്‍ഷം

പ്രേമാങ്‌സു ചാറ്റര്‍ജി (ബംഗാള്‍) – 10/20 – അസം – 1956-57

പ്രതീപ് സുന്ദരം (രാജസ്ഥാന്‍) – 10/78 – വിദര്‍ഭ – 1985-86

കേരളത്തിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് അക്ഷയ് ചന്ദ്രനും (59 റണ്‍സ്) രോഹന്‍ കുന്നുമ്മലും (55 റണ്‍സ്) മുഹമ്മദ് അസറുദ്ദീനും (53 റണ്‍സ്) ക്യാപ്റ്റ്ന്‍ സച്ചിന്‍ ബേബിയുമാണ് (52 റണ്‍സ്). കേരളത്തിന് വേണ്ടി നാല് പേരുടെയും അര്‍ധ സെഞ്ച്വറിയാണ് സ്‌കോര്‍ ഉയര്‍ത്തിയത്.

ഓപ്പണര്‍ ബാബ അപരാജിത് പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ ജലജ് സക്സേന നാല് റണ്‍സിനും പുറത്തായിരുന്നു. തുടര്‍ന്ന് സല്‍മാന്‍ നിസാറും പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ അസറുദ്ദീന്‍ സമ്മര്‍ദ ഘട്ടത്തെ പ്രതിരോദിക്കുകയായിരുന്നു. അവസാന ഘട്ടത്തില്‍ ഷോണ്‍ റോഗര്‍ 42 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയങ്കിലും കാംബോജിന്റെ കയ്യില്‍ അകപ്പെടുകയായിരുന്നു.

Content Highlight: Anshul Kamboj In Great Record Achievement In Ranji Trophy

We use cookies to give you the best possible experience. Learn more