കോഴിക്കോട്: അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് മതം മാറ്റാന്‍ വേണ്ടിയാണെന്ന് പറഞ്ഞ് നടക്കുന്നവര്‍ അറിയേണ്ട ഒരു ജീവിത കഥയുണ്ട്. പ്രണയത്തിന്റെ അര്‍ത്ഥം ജീവിതത്തിലൂടെ കാട്ടിത്തന്ന പേരാമ്പ്രക്കാരായ ഗൗതമിന്റെയും അന്‍ഷിദയുടെയും കഥ. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെട്ട ഇരുവരും ഇന്ന് സന്തോഷപൂര്‍വ്വം തന്നെയാണ് ജീവിക്കുന്നത്.
Also read പുലിയെ പേടിച്ച് ഓടുന്ന ന്യൂജനറേഷന്‍ അയ്യപ്പന്‍; പൊട്ടിച്ചിരിപ്പിക്കും ഈ വീഡിയോ
ആത്മാര്‍ത്ഥ പ്രണയം ഇതിന്റെയൊന്നിന്റെയും മുന്നില്‍ തകരില്ലെന്ന് തെളിയിച്ച ദമ്പതികള്‍ ഇന്നും സുഖമായി തന്നെ ജീവിക്കുന്നു. ജനിച്ചു വളര്‍ന്ന മതാചാരപ്രകാരം തന്നെ. വിവാഹം മുസ്‌ലിം പെണ്‍കുട്ടിയെ മതം മാറ്റാന്‍ വേണ്ടിയാണെന്ന് മതമൗലിക വാദികള്‍ ആരോപിച്ചപ്പോള്‍ തങ്ങളുടെ ജീവിതം വിമര്‍ശകര്‍ക്ക് മുന്നില്‍ ജീവിച്ച് കാണിക്കുകയായിരുന്നു. അന്‍ഷിദയും ഗൗതമും.
വിവാഹത്തിന് ശേഷം ഭീഷണികളെ തുടര്‍ന്ന് ബാംഗ്ലൂരും കൊച്ചിയിലും മാറി മാറി താമസിച്ച ഇരുവരും പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷമായിരുന്നു നാട്ടില്‍ തിരിച്ചെത്തിയത്. പിന്നീട് നല്ല രീതിയില്‍ ജീവിതം തുടങ്ങിയെങ്കിലും നവമാധ്യമങ്ങളിലൂടെ ഇവര്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. അന്‍ഷിദ കൊല്ലപ്പെട്ടെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
എന്നാല്‍ എല്ലാത്തിനെയും അതിജീവിച്ച ഇരുവരും ഇന്ന് നല്ല രീതിയില്‍ ജീവിച്ച് വരികയാണ്. അന്‍ഷിദ കാസര്‍കോട്ടെ കോളേജില്‍ ബി.ഡി.എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. എന്നാല്‍ ഇപ്പോഴും ഇവര്‍ക്ക് നേരെ മതമൗലിക വാദികളുടെ അക്രമങ്ങള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പലരുടെയും ഭീഷണികളെ അതിജീവിച്ച ഇരുവരും സി.പി.ഐ.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പിന്തുണയോടെയായിരുന്നു വിവാഹിതരായത്. പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലായിരുന്നു വിവാഹം. ഒരു മതത്തിലും വിശ്വസിക്കാത്ത ഗൗതം അന്‍ഷിദയെ അവളുടെ മതത്തില്‍ വിശ്വസിച്ച് ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുകയായിരുന്നു.
വിവാഹ ശേഷം വീടുവിട്ടിറങ്ങിയ അന്‍ഷിദയ്ക്ക് ഗൗതം ആദ്യം നല്‍കിയത് വിശുദ്ധ ഖുര്‍ആനായിരുന്നു. ജീവിതത്തില്‍ അതുവരെ പിന്തുടര്‍ന്ന് വന്ന എല്ലാ രീതിയും തുടരാനുള്ള അനുവാദം തന്നെയായിരുന്നു ഗൗതമിന്റെ ആ സമ്മാനം.