30 ദിവസത്തിനകം രാജ്യം വിടണം; യെമനിലെ യു.എസ്, യു.കെ പൗരന്മാരായ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി അൻസാറുള്ള
World News
30 ദിവസത്തിനകം രാജ്യം വിടണം; യെമനിലെ യു.എസ്, യു.കെ പൗരന്മാരായ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി അൻസാറുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th January 2024, 7:10 pm

സന: അമേരിക്കയിലെയും ബ്രിട്ടനിലെയും പൗരന്മാരായ യു.എന്‍ ജീവനക്കാര്‍ ഒരു മാസത്തിനകം രാജ്യം വിടണമെന്ന് അൻസാറുള്ളയുടെ ഉത്തരവ്. ഐക്യരാഷ്ട്രസഭയിലും യെമന്റെ തലസ്ഥാന നഗരമായ സനയിലെ മാനുഷിക സംഘടനകളിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കാണ് അൻസാറുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ചെങ്കടലിലെ ഹൂത്തി വിമതരുടെ ആക്രമണത്തിന് മറുപടിയായി യു.എസും യു.കെയും രാജ്യത്ത് നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയെന്നോണമാണ് അൻസാറുള്ളയുടെ ഉത്തരവ്.

രാജ്യത്തെ യു.എന്‍ ആക്ടിങ് ഹ്യൂമാനിറ്റേറിയന്‍ കോര്‍ഡിനേറ്റര്‍ പീറ്റര്‍ ഹോക്കിന്‍സിന് അയച്ച കത്തിലൂടെയാണ് യെമന്‍ വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിരിക്കുന്നത്. യെമനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അമേരിക്കന്‍, ബ്രിട്ടീഷ് പൗരന്മാരെ നിയമിക്കരുതെന്നും വിദേശ സംഘടനകളോട് മന്ത്രാലയം കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

30 ദിവസത്തിനകം രാജ്യം വിടാന്‍ യുഎസ്, ബ്രിട്ടീഷ് പൗരത്വമുള്ള ഉദ്യോഗസ്ഥരും തൊഴിലാളികളും തയ്യാറാവണമെന്നും നിലവില്‍ മന്ത്രാലയം ഉത്തരവ് നല്‍കിയിട്ടുണ്ട്. കത്തിന്റെ ആധികാരികത അൻസാറുള്ളയുടെ വക്താവ് മുഹമ്മദ് അബ്ദുള്‍സലാം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം യെമന്‍ വിടണമെന്ന തീരുമാനം തങ്ങളുടെ ജീവനക്കാരെ ഇതുവരെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ഈ വിഷയത്തില്‍ യു.എന്നുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ബ്രിട്ടീഷ് എംബസി പ്രസ്താവനയിറക്കി. കത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാമെങ്കിലും യെമനിലെ യു.എന്‍ സ്ഥാപനങ്ങളില്‍ നിന്നും മറ്റു മാനുഷിക സംഘടനകളില്‍ നിന്നും ഇതുസംബന്ധിച്ച അറിയിപ്പുകള്‍ ഒന്നും ലഭച്ചിട്ടില്ലെന്നും യു.എസ് എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് യെമനിലെ ഹൂത്തി വിമതര്‍ ചെങ്കടലില്‍ ഇസ്രഈലുമായി ബന്ധമുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ വ്യാപകമായി ആക്രമണങ്ങള്‍ തൊടുത്തുവിടുന്നുണ്ട്. ഇസ്രഈല്‍ യുദ്ധം അവസാനിപ്പിക്കുന്നത് വരെ തങ്ങളുടെ പ്രതിരോധം തുടരുമെന്ന് ഹൂത്തികള്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: Ansarullah orders U.S and U.K national  employees in Yemen to leave the country