| Saturday, 3rd February 2024, 11:01 pm

ഇറാഖിലും സിറിയയിലും യു.എസിന്റെ വ്യോമാക്രമണം; ഇരുരാജ്യങ്ങള്‍ക്കും പിന്തുണയറിയിച്ച് അന്‍സാറുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: ഇറാഖിലും സിറിയയിലും യു.എസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഇരു രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന തീവ്രവാദ വിരുദ്ധ ഗ്രൂപ്പുകള്‍ക്ക് പിന്തുണയറിയിച്ച് അന്‍സാറുള്ള.

ഇസ്രഈലിനോടും അമേരിക്കയോടും ചെറുത്തുനില്‍ക്കുന്ന ഫലസ്തീനടക്കമുള്ള രാജ്യങ്ങളിലെ പ്രതിരോധ സംഘങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് അന്‍സാറുള്ളയുടെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം അലി അല്‍ ഖഹൂം പറഞ്ഞു.

ഗസയിലെ ഇസ്രഈല്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തിനും ഫലസ്തീനികളുടെ അതിജീവനത്തിനും പിന്തുണ നല്‍കികൊണ്ട് അന്‍സാറുള്ള രംഗത്തെത്തിയത് അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജോര്‍ദാനില്‍ തങ്ങളുടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതിന് കാരണമായ ഡ്രോണ്‍ ആക്രമണത്തിന് മറുപടിയായുള്ള അമേരിക്കയുടെ ആദ്യത്തെ നടപടിയാണിതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

അതേസമയം ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയ്ക്ക് ജോ ബൈഡന്റെ ഭരണകൂടം നല്‍കുന്ന അചഞ്ചലമായ പിന്തുണ പുനപരിശോധിക്കണമെന്ന് യു.എസ് ഫെഡറല്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയ്ക്ക് യു.എസ് പ്രസിഡന്റിനും ഭരണകൂടത്തിനും പങ്കുണ്ടെന്ന് ആരോപിച്ച് ഫയല്‍ ചെയ്ത കേസില്‍ വിധി പറയുകയായിരുന്നു കാലിഫോര്‍ണിയയിലെ കോടതി.

യു.എസിന്റെ വിദേശ നയത്തില്‍ ഇടപെടാനാണ് ഹരജിക്കാര്‍ ആവശ്യപ്പെടുന്നതെന്നും ഇത് തന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും ചൂണ്ടിക്കാട്ടി യു.എസ് ജില്ലാ കോടതി ജഡ്ജി ജെഫ്രി വൈറ്റ് ബൈഡനെതിരായ കേസ് തള്ളുകയും ചെയ്തിരുന്നു.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 27,238 ആയി വര്‍ധിച്ചുവെന്നും 66,452 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

Content Highlight: Ansarullah has expressed support for Iraq and Syria

We use cookies to give you the best possible experience. Learn more