| Monday, 26th December 2016, 5:57 pm

മതപരിവര്‍ത്തനകൊലകളും മതേതരപൊതുബോധങ്ങളുടെ ബാലാരിഷ്ടതകളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭൂരിപക്ഷത്തിന്റെ പേടികളെയും ന്യൂനപക്ഷത്തിന്റെ പേടികളെയും കൗശലപൂര്‍വം കൈകാര്യം ചെയ്യുന്ന ബാലന്‍സിംഗ് സര്‍ക്കസായി നമ്മുടെ മതേതരത്വം അധ:പതിച്ചിരിക്കുന്നു. മതപരിവര്‍ത്തനം നുറ്റാണ്ടുകളായി ഇവിടെ നടക്കുന്നു. ഇപ്പോഴും നടക്കുന്നു. ഭാവിയിലും നടക്കും. എത്ര നിയന്ത്രിച്ചാലും അതു നടക്കും. എന്നാല്‍ അതിന്റെ പേരില്‍ മുമ്പെങ്ങുമില്ലാത്തവിധം വിവാദങ്ങളും ഊഹാപോഹങ്ങളും അക്രമങ്ങളും കൊലപാതങ്ങളും ഗൂഢാലോചനാസിദ്ധാന്തങ്ങളും എല്ലാം ചേര്‍ന്ന് ഒരു പാനിക് മുമ്പെങ്ങുമില്ലാത്തവിധം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നിരിക്കേ മതപരിവര്‍ത്തനത്തോട് സത്യസന്ധമായും തുറന്നതുമായ ഒരു സമീപനം മതേതരര്‍ സ്വീകരിച്ചേപറ്റൂ.



സവർണ്ണ യുക്തികളും മുൻവിധികളും ആശങ്കകളും  പണി തീർത്ത പൊതുബോധം തന്നെയാണ് മത പരിവർത്തന വിഷയത്തിൽ  കേരളത്തിലും നിലനിൽക്കുന്നത്. മഹാത്മാഗാന്ധി മുതൽ ശ്രീനാരായണ ഗുരു വരെയുള്ളവരുടെ ഈ വിഷയത്തിലുള്ള നിലപാടുകളെ ശാശ്വതസത്യമെന്നോണം ഉയർത്തിപ്പിടിക്കുന്നതിൽ സവർണ്ണത ഇപ്പോഴും കാണിക്കുന്ന മിടുക്ക് ഒന്നു വേറെത്തന്നെയാണ്.
ജനാധിപത്യപരമായ സംവാദങ്ങൾക്കോ പുനർവിചിന്തനങ്ങൾക്കോ ഇട കൊടുക്കാതെ ഈ വിഷയത്തിൽ ഒരു മതേതരസ്റ്റാറ്റസ്കോ നിലനിർത്തുന്നതിൽ സവർണ്ണതയുടെ വിജയം ഇപ്പോഴും തുടരുകയാണ്.
നമ്മുടെ മതേതരത്വം ഇപ്പോഴും ബാല്യദശയിലാണെന്ന് പൊതുവെ പറയാറുണ്ട്.. എന്നാൽ അതിന് ബാല്യത്തിന്റെ ബാലിശതകൾ മാത്രമല്ല രോഗാവസ്ഥകൂടിയുണ്ടെന്ന്(‌ബാലാരിഷ്ടത) തെളിച്ചുപറയേണ്ട സന്ദർഭമാണിത്.

അസ്പൃശ്യത നേരിടുന്ന വ്യക്തിസ്വാതന്ത്ര്യം

മതേതരത്വം അവശ്യമായും ജനാധിപത്യം, പൌരാവകാശങ്ങള്‍, വ്യക്തിസ്വാതന്ത്ര്യം, ആവിഷ്‌കാരസ്വാതന്ത്ര്യം, വിശ്വാസസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം എന്നിവയോട് പക്ഷപാതമില്ലാത്ത ഹൃദയബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് വയ്പ്.
പക്ഷെ നമ്മേ അത്ഭുതപ്പെടുത്തുന്ന കാര്യമെന്തെന്നാല്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഒരു യുവാവ് ദാരുണമായി കൊല്ലചെയ്യപ്പെട്ടപ്പോള്‍ അതിനെതിരെ മതേതരസമൂഹത്തിന്റെയും സ്വതന്ത്രചിന്തയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പ്രതിനിധികളില്‍ നിന്ന് കാര്യമായ പ്രതിഷേധശബ്ദങ്ങളൊന്നും ഉണ്ടായില്ല എന്നതാണ്.

മാധ്യമങ്ങളില്‍ ചര്‍ച്ചയോവിവാദങ്ങളോ ഉണ്ടായതുമില്ല. സോഷ്യല്‍ മീഡിയയില്‍ ചിലരുടെ ശ്രദ്ധേയമായ ഇടപെടലുകള്‍
ഒഴിച്ചാല്‍ കൈവെട്ട് കേസോ ബീഫ് കൊലപാതകമോ ശശികലവിവാദങ്ങളോ ഉണ്ടാക്കിയ  ഓളം
ഇതുണ്ടാക്കിയില്ല.

മതം മാറിയുള്ള വിവാഹങ്ങളും മതപരിവര്‍ത്തനത്തെച്ചൊല്ലിയുള്ള കലഹങ്ങളും കൊലപാതകങ്ങളുമൊക്കെ അതാത് മതസമൂഹങ്ങളും അവര്‍ക്കിടയിലെ തീവ്രവലതുസംഘടനകളും കൈകാര്യം ചെയ്‌തോട്ടേ, നമ്മളതിലൊന്നും തലയിടാന്‍ പോകേണ്ട എന്ന നിലപാടാണ് മതേതരപാര്‍ട്ടികള്‍ക്കും പുരോഗമന,സ്വതന്ത്രചിന്തകര്‍ക്കും പൊതുവെയുള്ളത്. മതം
മാറാന്‍പോയിട്ടല്ലേ എന്ന മതപരിവര്‍ത്തനവിരുദ്ധനിലപാടാണ് പൊതുവില്‍ അതിന്റെ
മുഖമുദ്ര.

മതപരിവര്‍ത്തനസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇതിലിടപെട്ട് ശബ്ദിച്ചാല്‍ തങ്ങളുടെ പുരോഗമന,മതേതരച്ഛായക്ക് മങ്ങലേല്‍ക്കുമോ എന്നവര്‍ ഭയക്കുന്നു. ഈ നിലപാടിന് കാരണമായ ഇതിന്റെ മറ്റ് വശങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്. ബാല്യദശയിലുള്ള മതേതരത്വത്തിന്റെ പേടികള്‍ എന്നതിനപ്പുറത്തേക്ക് ബാലദീനത്തിന്റെ ലക്ഷണങ്ങള്‍തന്നെയാണ് അപ്പോള്‍ നമുക്ക് കാണാന്‍ കഴിയുക.

ഏതായാലും ഇത്തരമൊരു അറച്ചുനില്‍ക്കലിന്റെ ഒന്നാമത്തെ ഗുണഭോക്താക്കള്‍ അതാത് മതങ്ങളിലെ തീവ്രവിഭാഗങ്ങളാണ് എന്നത് അനുഭവസാക്ഷ്യം മാത്രം.എല്ലാ വ്യക്തിസ്വാതന്ത്ര്യങ്ങളുടെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും ഗ്യാരണ്ടി എന്ന്പറയുന്നത് അത് യാതൊരു പരിഗണനകളുമില്ലാതെ എല്ലാവര്‍ക്കും ബാധകമാക്കുക എന്നതാണ്. അത് ബാധകമാകാതിരിക്കുക വ്യക്തിസ്വാതന്ത്ര്യം,മനുഷ്യാവകാശങ്ങള്‍ എന്നിവ ഹനിക്കപ്പെടുന്ന അവസ്ഥക്ക് മാത്രമായിരിക്കണം.

മതസ്വാതന്ത്ര്യമുള്ളിടത്തേ മതരാഹിത്യത്തിനുള്ള സ്വാതന്ത്ര്യം അര്‍ഥവത്താകൂ. മതസ്വാതന്ത്ര്യമെന്നാല്‍ മനുഷ്യാവകാശങ്ങളെ ലംഘിക്കാത്ത മതപരിവര്‍ത്തനസ്വാതന്ത്ര്യം കൂടിയാണ്. അപ്പോള്‍ മതമുപേക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ഗ്യാരണ്ടി എന്നു പറയുന്നത് മതത്തില്‍ വിശ്വസിക്കാനും മതം മാറാനുമുള്ള ഗ്യാരണ്ടിയാണ്. തിരിച്ചും അങ്ങനെത്തന്നെ. മതം, മതപരിവര്‍ത്തനം, മതരാഹിത്യം എന്നിവയൊക്കെ പൗരാവകാശങ്ങള്‍ക്ക് കീഴ്‌പെടണമെന്ന് മാത്രമല്ല, ഇതിലൊന്നിനോടും പൗരാവകാശം വിവേചനം കാണിച്ചുകൂടാത്തതാണ്.

മതപരിവര്‍ത്തനങ്ങളും മതപരിവര്‍ത്തനവിവാഹങ്ങളും ആര്‍.എസ്.എസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മാത്രം താല്പര്യവിഷയമായി നാം അവര്‍ക്കനുവദിച്ചു നല്‍കിയിരിക്കയാണിപ്പോള്‍. ഏതൊരുവ്യക്തിക്കും ഇവരുടെ സഹായമില്ലാതെ ഇത് നടത്താന്‍ കഴിയുന്ന അവസ്ഥ സൃഷ്ടിക്കേണ്ടത് മതേതരസമൂഹത്തിന്റെയും സ്വതന്ത്രചിന്തകരുടെയും ഉത്തരവാദിത്തമാണ്. ഈ വിഷയങ്ങള്‍ വര്‍ഗീയവാദികളും ഫാഷിസ്റ്റുകളും ശക്തമായി ഏറ്റെടുത്തിരിക്കേ പ്രത്യേകിച്ചും.

ഗണസ്വത്വത്തിന്റെ കുലശുദ്ധിനഷ്ടഭയങ്ങള്‍

മതപരിവര്‍ത്തനത്തെ ഭീതിയോടെ കാണുന്ന പ്രവണത വികസിതസമൂഹങ്ങളില്‍ പൊതുവെ കുറവാണ്. [അടുത്ത കാലത്തെ വംശീയ, നവനാസി ഓളങ്ങളില്‍ കാണപ്പെടുന്ന പേടികളെ മറന്നല്ല ഇത് പറയുന്നത്].വിശ്വാസത്തെ തികച്ചും വ്യക്തിപരവും സ്വകാര്യ വിഷയവുമാക്കിയ അത്തരം സമൂഹങ്ങളില്‍ മതം മാറ്റങ്ങളും സ്വകാര്യവിഷയമായേ പരിഗണിക്കുന്നുള്ളൂ. മതം മാറുന്നത് സമൂഹത്തിലോ കുടുംബങ്ങളിലോ വലിയ ചര്‍ച്ചയോ പൊല്ലാപ്പോ സൃഷ്ടിക്കാറില്ല.

അതുകൊണ്ടുതന്നെ ഒരു കുടുംബത്തിനകത്തുതന്നെ വ്യത്യസ്ത മതക്കാര്‍ അവിടെ അപൂര്‍വ്വമല്ല. മതം രാഷ്ട്രത്തില്‍ നിന്നും അതിന്റെ നിയമത്തില്‍നിന്നും സാമൂഹിക ഇടപാടുകളില്‍ നിന്നും മാത്രമല്ല, കുടുംബസംവിധാനത്തില്‍ നിന്നുപോലും ചുരുങ്ങി വ്യക്തിപരമായത്തിന്റെ ഫലമാണത്. രാഷ്ട്രത്തിനും അതിന്റെ കീഴിലെ മുഴുവന്‍ സാമൂഹികസ്ഥാപനങ്ങള്‍ക്കും മതമില്ലാത്തത് പോലെ കുടുംബമെന്ന സ്ഥാപനത്തിനും മതമില്ലാതാകുന്ന പ്രക്രിയ ചരിത്രത്തിന്റെ അനിവാര്യതയാണ്. അതായത്, കുടുംബത്തിലും വ്യത്യസ്ത മതമുള്ളവരും മതമില്ലാത്തവരും ഒരുമിച്ചുകഴിയുന്ന അവസ്ഥ ഉണ്ടാകാതെ തരമില്ല.

ആധുനികപൂര്‍വസമൂഹത്തില്‍ ഇതസാധ്യമായിരുന്നു. അവിടെ കുടുംബം, കുലം, വംശം, ഗോത്രം, ജാതി എന്നിവയുടെയൊക്കെ പരിശുദ്ധിയുടെ അടിസ്ഥാനമായിരുന്നു മതം. വ്യക്തിഗത സ്വത്വത്തിനുപകരം കൂട്ടസ്വത്വമായിരുന്നു (ഗണസ്വത്വം) അന്നുണ്ടായിരുന്നത്..

അടുത്തപേജില്‍ തുടരുന്നു

കൂട്ടസ്വത്വത്തിന്റെ ഭാഗമല്ലാത്ത സ്വതന്ത്രവ്യക്തികളെ അന്ന് സങ്കല്‍പ്പിക്കാന്‍ കഴിയില്ലായിരുന്നു. കൂട്ടം തെറ്റിയ ഒറ്റയാന്മാരെ അപൂര്‍വ്വമായി കണ്ടേക്കാമെങ്കില്‍ത്തന്നെ ആധുനികകാലത്തെ വ്യക്തിത്വത്തിന് കിട്ടിയ സാധുതയും സാര്‍വത്രികതയും അന്നവര്‍ക്ക് കിട്ടിയിരുന്നില്ല. ജീവിതകാലത്തിന് ശേഷം അമാനുഷികപരിവേഷം നല്‍കപ്പെട്ട് കൂട്ടസ്വത്വങ്ങളിലേക്ക് ആവാഹിക്കപ്പെടാനായിരുന്നു അവരുടെ വിധി.

കൂട്ടസ്വത്വങ്ങളുടെ ശിഥിലീകരണവും കലര്‍പ്പും വന്‍ തോതില്‍ സംഭവിച്ചു എന്നതാണ് ആധുനികതയുടെ പ്രത്യേകത.
പഴയകൂട്ടസ്വത്വങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതായില്ലെങ്കിലും മിശ്രിതമായകൂട്ടസ്വത്വങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടെങ്കിലും പൗരന്‍ എന്ന വ്യക്തിസ്വത്വത്തെ സൈദ്ധാന്തികമായും നിയമപരമായും സാര്‍വത്രികമാക്കി എന്നതാണ് വസ്തുത.

“ആധുനിക”ലോകത്ത് കലര്‍പ്പിലൂടെ പരിശുദ്ധി നഷ്ടപ്പെടാന്‍ തുടങ്ങിയ ജാതി, വംശം, കുലം, ഗോത്രം എന്നിവയൊക്കെ പൂര്‍ണ്ണമായി ഇല്ലാതാകാതിരുന്നത് കൊണ്ടുതന്നെ, പരിശുദ്ധി നഷ്ടപ്പെടുന്നതിന്റെ ഭീതിയും ആധിയും അത് തിരിച്ചുപിടിക്കുന്നതിനുള്ള വ്യാമോഹവും അതുങ്ങളുടെയിടയില്‍ ഇന്നും നിലനില്‍ക്കുന്നു. ഈ ഭീതിയുടെയും തിരിച്ചുപിടിക്കലിന്റെയും ആധാരമായും ഉപാധിയായും നില്‍ക്കുന്നത് മതമാണ്.

കുടുംബത്തെയാണ് അതിന്റെ അവസാനത്തെ അഭയകേന്ദ്രവും അത്താണിയുമാക്കാന്‍ അവര്‍ ശ്രമിക്കുന്നത്. രാജ്യത്തിന് മതം നഷ്ടപ്പെട്ടപോലെ കുടുംബത്തിനും മതം നഷ്ടപ്പെടാതിരിക്കാന്‍ മിശ്രവിവാഹങ്ങളെയും മതപരിവര്‍ത്തനത്തെയും തടഞ്ഞുനിര്‍ത്തി “കുടുംബമതം”കാക്കല്‍, കുടുംബാഭിമാനം സംരക്ഷിക്കാന്‍ അനിവാര്യമാണെന്ന് അവര്‍ കരുതുന്നു.

പഴയ വംശ, ജാതി, കുലശുദ്ധിസങ്കല്‍പ്പം കുടുംബത്തിലെങ്കിലും നിലനിന്നുകാണാന്‍ആഗ്രഹിക്കുന്നതിന്റെ പ്രതിഫലനമായി വേണം മതപരിവര്‍ത്തനഭീതിയെയും ഏത് വിധേനയും അത് തടയാനുള്ള ജാഗ്രതയെയും കാണാന്‍. വംശ,ജാതി,കുലങ്ങളില്‍ അധിഷ്ഠിതമായ മതാധിഷ്ഠിതദേശീയവാദവും മതരാഷ്ട്രവാദങ്ങളും ഇതിനെ ഉപയോഗിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു. അവയുടെ സാംസ്‌കാരികമൂലധനം അതാണ്.

ആധുനികപൂര്‍വ്വ ജാതി, മത, ഫ്യൂഡല്‍ സാമൂഹികബന്ധങ്ങള്‍ ഇപ്പോഴും  നിലനില്‍ക്കുന്ന അവികസിതസമൂഹ/രാജ്യങ്ങളിലാണ് ഈ മതപരിവര്‍ത്തനഭീതിയും “കുടുംബമതാ”ഭിമാനവും ഏറ്റവുംകൂടുതല്‍ നിലനില്‍ക്കുന്നത്. വ്യക്തിഗതസ്വത്വത്തെയോ ബഹുമുഖസ്വത്വങ്ങളെയോ അംഗീകരിക്കാതെ ഒരു കൂട്ടസ്വത്വത്തില്‍ അഭയം തേടാനുള്ള മുഖ്യമായും മധ്യവര്‍ഗത്തിനുള്ള പ്രവണതക്ക് മാറിവരുന്ന സാമ്പത്തിക,രാഷ്ട്രീയ (അനിശ്ചിതത്ത്വങ്ങളുടെ) കാരണങ്ങള്‍ ആക്കം കൂട്ടുന്നുണ്ട്. ഈ കുടുംബമതം “വിശ്വാസമത”ത്തേക്കാള്‍ ഒരുതരം “വംശീയമത”മായാണ് നിലനില്‍ക്കുന്നത്. മതവിശ്വാസമില്ലെങ്കിലും സ്വന്തംമതത്തില്‍ പിറന്നവരെ ഒരുവിധം അക്കോമഡേറ്റ് ചെയ്യാനത് ശ്രമിക്കുന്നു.

ഇന്ത്യന്‍ സവര്‍ണ്ണദേശീയമനസ്സിന്റെ “അപരപ്പേടി”കള്‍.

ഇന്ത്യയിലെ മതപരിവര്‍ത്തനവിരുദ്ധ പൊതുബോധത്തെ ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. ക്രിസ്തുമതവും ഇസ്‌ലാം മതവും നൂറ്റാണ്ടുകളായി ഇവിടെ നിലനില്‍ക്കുന്നുണ്ട്. മതം മാറ്റത്തിലൂടെയാണ് അത് വളര്‍ന്നത്. അവര്‍ക്കിവിടെ രാഷ്ട്രീയാധികാരമേല്‍ക്കൈയും നൂറ്റാണ്ടുകളോളം ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ഉണ്ടാകാത്തതരത്തില്‍ മതപരിവര്‍ത്തനഭീതി ഇപ്പോള്‍ പടരുന്നതിന്റെ കാരണം നേരത്തെ പറഞ്ഞപോലെ ആധുനികത/ആധുനികാനന്തരതയുണ്ടാക്കിയ സ്വത്വനഷ്ടഭീതികളാണ്.നമ്മുടെ രാഷ്ട്രത്തെ മുഴുവന്‍ വിഴുങ്ങാന്‍ പോകുന്ന വ്യാളിയായി മതപരിവര്‍ത്തനങ്ങളെ ചിത്രീകരിക്കാനും അത് വിശ്വസിപ്പിക്കാനും ഭൂരിപക്ഷത്തിന്റെ പേടിക്ക് എളുപ്പത്തില്‍ കഴിയുന്നു.

ക്രിസ്തുമതത്തിനകത്തും ഇസ്‌ലാം മതത്തിനകത്തും ഇതുപോലെ നഷ്ടപ്പേടികള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ പൊതുബോധത്തെയും രാഷ്ട്രീയസംവിധാനങ്ങളെയും അപകടകരമായി കയ്യടക്കാനുള്ള രാഷ്ട്രീയമൂലധനമായി ഹിന്ദുത്വം ഉപയോഗിക്കുകയും വളര്‍ത്തിവലുതാക്കുകയും ചെയ്യുന്ന ഈ “പേടി”യെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കൂടുതല്‍ ഗൗരവമായി കാണേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ സമീകരണയുക്തിപോലും “ന്യൂനപക്ഷപ്പേടി”ക്ക് കുടപിടിക്കല്‍ മാത്രമായി മാറുകയേയുള്ളൂ. രാഷ്ട്രത്തിന്റെ മതമായി ഹിന്ദുമതത്തെ ഉള്ളില്‍ സ്ഥാപിക്കുന്ന പ്രവണത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.

ഭൂരിപക്ഷത്തിന്റെ പേടികളെയും ന്യൂനപക്ഷത്തിന്റെ പേടികളെയും കൗശലപൂര്‍വം കൈകാര്യം ചെയ്യുന്ന ബാലന്‍സിംഗ് സര്‍ക്കസായി നമ്മുടെ മതേതരത്വം അധ:പതിച്ചിരിക്കുന്നു. മതപരിവര്‍ത്തനം നുറ്റാണ്ടുകളായി ഇവിടെ നടക്കുന്നു. ഇപ്പോഴും നടക്കുന്നു. ഭാവിയിലും നടക്കും. എത്ര നിയന്ത്രിച്ചാലും അതു നടക്കും. എന്നാല്‍ അതിന്റെ പേരില്‍ മുമ്പെങ്ങുമില്ലാത്തവിധം വിവാദങ്ങളും ഊഹാപോഹങ്ങളും അക്രമങ്ങളും കൊലപാതങ്ങളും ഗൂഢാലോചനാസിദ്ധാന്തങ്ങളും എല്ലാം ചേര്‍ന്ന് ഒരു പാനിക് മുമ്പെങ്ങുമില്ലാത്തവിധം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നിരിക്കേ മതപരിവര്‍ത്തനത്തോട് സത്യസന്ധമായും തുറന്നതുമായ ഒരു സമീപനം മതേതരര്‍ സ്വീകരിച്ചേപറ്റൂ.

അമേരിക്കയിലും യൂറോപ്പിലും മാത്രമല്ല, ലോകത്തെല്ലായിടത്തും ന്യൂനപക്ഷപ്പേടിയും ഭൂരിപക്ഷസങ്കുചിതവാദവും ശക്തിപ്പെടുന്ന അതേ അവസ്ഥയാണ് ഇന്ത്യയിലും നിലനില്‍ക്കുന്നത്. ഇന്ത്യയിലെ മതപരിവര്‍ത്തനപ്പേടിയെ ഈ ന്യൂനപക്ഷപ്പേടിയുടെ ഭാഗമായി മാത്രമേ ചര്‍ച്ചചെയ്യാന്‍ കഴിയൂ. മതപരിവര്‍ത്തനത്തെ ചുറ്റിപ്പറ്റി പരക്കുന്ന ഊഹാപോഹങ്ങളെയും ഗൂഢാലോചനാസിദ്ധാന്തങ്ങളെയും ഈ പശ്ചാത്തലത്തില്‍ ഗൗരവപൂര്‍വ്വം കാണേണ്ടതുണ്ട്.

ഭൂരിപക്ഷത്തിന്റെ പേടിയെ ഭരണകൂടം കൂടി പങ്കുവെക്കുന്ന സാഹചര്യത്തില്‍ ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ ഫാസിസത്തിന്റെ ആസൂത്രിതപദ്ധതിയായി മാറ്റപ്പെടുന്നു. അതിനെ ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ഗൂഢാലോചനാ സിദ്ധാന്തങ്ങളുമായി താരതമ്യം ചെയ്യുന്നത് തന്നെ അസംബന്ധമാണ്. ബ്രിട്ടീഷുകാരുടെ കാനേഷുമാരിയും മതാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യവ്യവസ്ഥയുമാണ് ജനസംഖ്യാചോര്‍ച്ചയെക്കുറിച്ചുള്ള മേലാളഭയത്തിന്റെ
തുടക്കം.

“നീചജാതി”ക്കാരെ ശുദ്ധിചെയ്ത് മതം മാറ്റി ഹിന്ദുവാക്കുന്ന പരിപാടിയും സവര്‍ണ്ണര്‍ തുടങ്ങിവച്ചു. അത് ഹിന്ദുദേശീയവാദവുമായി കൂടിച്ചേര്‍ന്ന് മതപരിവര്‍ത്തനപ്പേടിയില്‍ പിന്നീട് എത്തി. പൊതുസമൂഹത്തിലും പൊതുബോധത്തിലും ഈ പേടി രൂഢമൂലമാണ്. അത്‌കൊണ്ട്തന്നെ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടതിന്റെ പേരില്‍ ഹിന്ദുതീവ്രവാദികളാല്‍ യുവാവ് വധിക്കപ്പെട്ടത് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനെ അത് ഭയക്കുന്നു. ആ ചര്‍ച്ച മതപരിവര്‍ത്തനത്തിന് അനുകൂലമായി ഭവിക്കുമോ എന്നുള്ള ഭയമാണ് ഒരു കാരണം. സംഘര്‍ഷസാധ്യത കുറയ്ക്കാനാണ് എന്ന ന്യായം പറഞ്ഞാലും പിന്നീടും ഇത് ചര്‍ച്ചയാക്കപ്പെടാതിരിക്കുന്നതിന്റെ കാരണമെന്താണ്?

മതപരിവര്‍ത്തനവുമായി ചേര്‍ത്ത് വ്യക്തിസ്വാതന്ത്ര്യത്തെയും വിശ്വാസസ്വാതന്ത്ര്യത്തെയും ചര്‍ച്ചചെയ്യുന്നതിനെ മാധ്യമങ്ങളും “മതേതര”പൊതുസമൂഹവും ഒരു പോലെ ഭയക്കുന്നു. ഈ ഭയം വംശീയവും ജാതീയവും കുലപരവും കുടുംബപരവുമായ ശുദ്ധിസംരക്ഷണബോധത്തില്‍ നിന്നുണ്ടാകുന്ന ഭയമാണ്. ഇതിന്റെ കൂടെ ന്യൂനപക്ഷവെറുപ്പ്,ദേശീയാപരത്വപ്പേടി എന്നിവ കൂടി കലരുന്നുണ്ട്.

അടുത്തപേജില്‍ തുടരുന്നു

മതേതരത്വത്തിനും ന്യൂനപക്ഷപ്പേടി?!

വ്യക്തിസ്വാതന്ത്ര്യത്തിലും വ്യക്തിഗതസ്വത്വത്തിലും അധിഷ്ഠിതമായ ആധുനികെ  പൗരസമൂഹമായി ഇന്ത്യന്‍സമൂഹം ഇനിയും മാറിയിട്ടില്ല. പരമ്പരാഗത ജാതിശ്രേണിവ്യവസ്ഥയും പുതിയ ശ്രേണിവ്യവസ്ഥയും, പരമ്പരാഗതഗണസ്വത്വവും പുതിയവ്യക്തി,ഗണസ്വത്വങ്ങളും കൂടിക്കലര്‍ന്ന് സങ്കീര്‍ണ്ണമായ ഉച്ചനീചത്വ വ്യവസ്ഥയാണിവിടെ നിലനില്‍ക്കുന്നത്. ഗണസ്വത്വങ്ങള്‍പേറുന്ന വ്യക്തിസ്വത്വങ്ങളായും ബഹുമുഖവ്യക്തിസ്വത്വങ്ങളായും ഇന്ത്യന്‍ പൗരസമൂഹം മാറുന്നുണ്ടെങ്കിലും കുടുംബത്തെ മഹത്വവല്‍ക്കരിക്കുന്ന യാഥാസ്ഥിതിക ഗണസ്വത്വം മതത്തെയും മതേതരത്വത്തെയും ഒരു പോലെ അടക്കിഭരിക്കുന്നു. അതിന്റെ മേല്‍ക്കയ്യും ആധിപത്യവും നിരന്തരം അരക്കിട്ടുറപ്പിക്കപ്പെടുന്നു.

ഇന്ത്യന്‍സമൂഹത്തിന്റെ ഇന്നുംതുടരുന്ന ഈ പിന്നോക്കാവസ്ഥയാണ് മതേതരത്വത്തെയും ബഹുസ്വരതയെയും ഇപ്പോഴും ബാല്യദശയില്‍ നിലനിര്‍ത്തുന്നത്. ബാല്യാവസ്ഥക്ക് കാരണമായ ഈ ഭൗതിക, ചരിത്രപശ്ചാത്തലത്തെ നാം എപ്പോഴും ഓര്‍മ്മിക്കേണ്ടതുണ്ട്. ഈ ബാല്യാവസ്ഥയെ പഠിപ്പിച്ച് പഠിപ്പിച്ച് നമ്മുടെ മതേതരത്വവും സ്വതന്ത്രചിന്തയും യുക്തിവാദവും മതവിമര്‍ശനവുമൊക്കെ ഒരു ചുഴിക്കൂടില്‍ കിടന്നു കറങ്ങുകയാണ്. അത് ബാലിശതകളില്‍ കെട്ടിക്കിടന്ന് ബാലാരിഷ്ടതബാധിച്ച് അതിന്റെ തന്നെ ദൗര്‍ബല്യം പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.

കുട്ടികളെ പഠിപ്പിക്കുന്നവര്‍ എല്ലാവരെയും കുട്ടികളായിക്കാണുകയും അവരോടെന്നപോലെ ലളിതവല്‍ക്കരിച്ച് എല്ലാവിഷയങ്ങളെയും അവതരിപ്പിക്കുന്നത് പോലെയാണിതും. ലളിതയുക്തികളുടെ ബാലിശത മതേതരപുരോഗമനചിന്തകളെ സദാ പിന്തുടരുന്നു. ഇവിടെ മതവിരുദ്ധത,പുരോഗമനവാദം,മതേതരത്വം എന്നിവയൊക്കെ ചില പേടികളാല്‍ നിരന്തരം വലയംചെയ്യപ്പെട്ടിരിക്കുന്നു. അതില്‍ ഒന്നാണ് മതപരിവര്‍ത്തനപ്പേടിയും. തങ്ങള്‍ മതത്തിനെതിരായതിനാല്‍ മതപരിവര്‍ത്തനത്തെയും എന്നും എതിര്‍ത്തേ മതിയാവൂ. മതപരിവര്‍ത്തനം ആരെങ്കിലും തടഞ്ഞാല്‍ നമ്മള്‍ ഇടപെടേണ്ട കാര്യമില്ല. ഇതാണ് പൊതുനിലപാട്.

മതം മാറിയതിന്റെ പേരില്‍ ഒരാള്‍ കൊല്ലപ്പെട്ടാല്‍ അതിനുകാരണം മതം മാത്രമാണെന്നതിനാല്‍ അതില്‍ പ്രതിഷേധിക്കേണ്ടതില്ല. മാത്രമല്ല കൊല്ലപ്പെട്ടയാളുടെ മതത്തില്‍നിന്ന് ഒരാള്‍ അങ്ങോട്ട് പോയാലും അവര്‍ കൊന്നെന്നിരിക്കും. അത്‌കൊണ്ട് അവര്‍ക്കുവേണ്ടി വിശ്വാസസ്വാതന്ത്ര്യത്തിന്റെയോ വ്യക്തിസ്വാതന്ത്ര്യത്തിന്റെയൊ പേരില്‍ പ്രതിഷേധിക്കേണ്ടതില്ല. ഇതൊക്കെയാണ് പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ യുക്തി.

ഇവിടെ മതപരിവര്‍ത്തനം ചെയ്ത ആളുടെ വ്യക്തിസ്വത്വത്തേക്കാള്‍ ഗണസ്വത്വത്തെയാണ് സ്വതന്ത്രചിന്തകര്‍ പോലും കാണുന്നത്. മതമുള്ളവര്‍ക്ക് വ്യക്തിസ്വത്വമുള്ളയാള്‍ക്ക് കിട്ടേണ്ട വ്യക്തിസ്വാതന്ത്ര്യത്തിന്റെ ആനുകൂല്യം കൊടുക്കേണ്ടതില്ല എന്നാണ് സമീപനം. അത് തങ്ങളെപ്പോലുള്ള സവിശേഷ”വ്യക്തി”കള്‍ക്ക് മാത്രം മതി എന്ന നിലയിലാണ് കാണുന്നത്.
ഗണസ്വത്വത്തെ കുടഞ്ഞുകളയാത്ത പുരോഗമനം.

ഇവിടെ വ്യക്തിസ്വത്വമുള്ളവരെന്ന് കരുതുന്നവരുടെ ഒരു ഗണസ്വത്വം അറിയാതെ രൂപപ്പെടുത്തുന്നുണ്ട്. ആ ഗണസ്വത്വബോധത്തിന്റെ പ്രതിഫലനമാണ് സ്വതന്ത്രചിന്തകരുടെ പ്രത്യേക “പരിഗണനാ”നിലപാട്. അവിടെ സ്വതന്ത്രവ്യക്തിവാദത്തേക്കാള്‍ ഗണവാദനിലപാടാണ് അവരെയും നയിക്കുന്നത്.

മറ്റ് “യാഥാസ്ഥിതിക”ഗണങ്ങളേക്കാള്‍ തങ്ങള്‍ കൂടുതല്‍ പരിഗണനയും സ്വാതന്ത്ര്യവും അര്‍ഹിക്കുന്നു. അവര്‍ക്കില്ലാത്തത് പലതും ഞങ്ങള്‍ക്ക് വേണം എന്ന യാഥാസ്ഥിതിക ഗണബോധത്തിന്റെ അതേ പ്രതിഫലനം ഇവരിലും കാണുന്നു. ഒരുകൂട്ടരുടെ മതപരിവര്‍ത്തനക്കൊലയെ എതിര്‍ത്താല്‍ തങ്ങളെ എതിര്‍മതക്കാരെ പിന്താങ്ങുന്നവരായി തെറ്റിദ്ധരിക്കുമോ എന്ന ഭയം കൂടിയുണ്ടിതില്‍. ഇത് ഒരു ഗണബോധത്തിനുണ്ടാകുന്ന ഭയമാണ്.

മതപരിവര്‍ത്തനസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഒന്നാണെന്നും ഒരു വ്യക്തിക്ക് മതം ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തെ ഉറപ്പ് വരുത്തുന്നപോലെ മതസ്വാതന്ത്ര്യത്തിനുവേണ്ടിയും ശക്തമായി നിലകൊള്ളേണ്ടതുണ്ട് എന്നും ഉള്ള നിലപാട് ഓരോ ചുവട് വയ്പിലും എടുക്കേണ്ടതാണ്. പക്ഷെ അതില്‍ നിന്ന് അവരെ തടയുന്നത് തങ്ങളുടെ ഗണസ്വത്വത്തെ മറ്റ് യാഥാസ്ഥിതിക ഗണസ്വത്വങ്ങളുമായി കൂട്ടിക്കെട്ടി തങ്ങളുടെ “ഗണശുദ്ധി” നഷ്ടപ്പെടുമോ എന്ന ഭയമാണ്.

“ന്യൂനപക്ഷമതേതരത്വ”ത്തിന്റെ ആധികള്‍.

ഈ ഭയം ഏറ്റവും കൂടുതല്‍ വേട്ടയാടുന്നത് ന്യൂനപക്ഷക്കാരായ പുരോഗമനഗണക്കാരെയാണ്. ദേശീയാപരത്വം മതേതരാപരത്വമായും പുരോഗമനാപരത്വമായുമൊക്കെ അവരെ പിന്തുടര്‍ന്ന് വേട്ടയാടുന്നു. മതേതരത്വത്തിനകത്തും മതരാഹിത്യത്തിനകത്തും യുക്തിവാദത്തിനകത്തും ന്യൂനപക്ഷങ്ങളുടെ അപരത്വം തുടര്‍ക്കഥയായത്‌കൊണ്ടുതന്നെ അവരില്‍ തീവ്രമായ “വേറിടല്‍വാദം” നമുക്ക് കാണാന്‍ കഴിയും.

ലോകസാഹചര്യങ്ങളുടെ കൂടി സമ്മര്‍ദ്ദത്തില്‍ മുസ്‌ലിം പുരോഗമനവാദികളില്‍ ഈ തീവ്രവേറിടല്‍ വാദം കൂടുതല്‍
കടുത്തരീതിയില്‍ കാണപ്പെടുന്നു. അവര്‍ കടുത്ത “സ്വമതവിരുദ്ധരാകാന്‍” വിധിക്കപ്പെടുന്നു. “ഹിന്ദു”പുരോഗമനവാദിക്ക്/മതരഹിതന് ഇസ്‌ലാം മതത്തെയും ക്രിസ്തുമതത്തെയുമൊക്കെ ഒരുപോലെ എതിര്‍ക്കാം. പരിഹസിക്കാം. എന്നാല്‍ “മുസ്‌ലിം” മതവിമര്‍ശകന്‍/വര്‍ഗീയവിമര്‍ശകന്‍ എന്നത് ഒരു “സ്‌പെഷലിസ്റ്റ് തസ്തിക”യാണ്. അത് പ്രാവീണ്യത്തിന്റെ പ്രശ്‌നം മാത്രമല്ല. കടമയാണത്.

“മുസ്‌ലിം മതേതര”ന്റെ മതേതര മൗലികകര്‍ത്തവ്യങ്ങള്‍ എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം. മുസ്‌ലിം മതേതരന്റെ ഹിന്ദുമത/ഹൈന്ദവഫാസിസ്റ്റ് വിമര്‍ശനങ്ങളെ അവന്റെ ഉള്ളിലെ മുസ്‌ലിമികതയുടെ പ്രകടനമാണോ എന്ന സംശയവും ജാഗ്രതയും നമ്മുടെ പൊതുബോധത്തില്‍ അനുവദിക്കപ്പെട്ടിരിക്കുന്നു. സംശയിക്കാന്‍ “ന്യായ”മുണ്ട് എന്നര്‍ഥം. .എന്നാല്‍ ഹിന്ദു മതരഹിതന്റെ “മുസ്ലിംവിദ്ധത”യെ സംശയിക്കാന്‍ പാടില്ലതാനും.

മതവിമര്‍ശനത്തിലും അതിരുകളോ വിവേചനമോ  പ്രത്യേകാവകാശങ്ങളോ ഒന്നും ഇല്ലെന്നും ആര്‍ക്കും ഏത് മതത്തെയും വിമര്‍ശിക്കുകയോ  പരിഹസിക്കുകയോ ഒക്കെ ആവാമെന്നും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ “ഹിന്ദുത്വം” കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നതില്‍ മതവും വര്‍ഗീയതയും കാണുന്നത് “ഭൂരിപക്ഷആശങ്ക”യുടെ അയുക്തികകുബുദ്ധിയുടെ സ്വാധീനം മൂലമാണെന്നും പറയാതെ വയ്യ.

ഒരു മുസ്‌ലിം ഹിന്ദുവാചാരങ്ങളിലും ഉത്സവങ്ങളിലും പങ്കെടുക്കുന്നത് മാത്രമല്ല, ഹിന്ദുവിശ്വാസത്തെ പുല്‍കുന്നതും മതം മാറുന്നതും മതേതരവാദികള്‍ക്ക് വരെ കാപാലികമതത്തില്‍നിന്നുള്ള പുരോഗമനപരമായ മാറ്റമായി തോന്നുന്നു. കാപാലികതയെ വെല്ലുവിളിക്കുന്ന ധീരതയായും തോന്നുന്നു. ഇതേ സംഗതികള്‍ മറിച്ചായാല്‍ മതവിമര്‍ശനം, യുക്തിബോധം എന്നിവ സട കുടഞ്ഞെണീക്കുന്നു.

അസ്വാഭാവികത, അത്ഭുതം, വിചിത്രം, അശ്ലീലം ഒക്കെയായിത്തോന്നുകയും ഒരു തരം അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നു. പാരമ്പര്യം,മണ്ണിന്റെ ഗന്ധം,പ്രാദേശികത,ദേശീയത എന്നൊക്കെയുള്ള ന്യായങ്ങളിലൂടെ “ഹിന്ദുരാഷ്ട്രത്തിലെ ഹിന്ദുമതത്തിന്റെ ഒന്നാം പൌരത്വം” അബോധമായി ഇവിടെ പങ്കുവെക്കപ്പെടുന്നില്ലേ? നവോത്ഥാനനായകരില്‍ ഇത് ഇതേ അളവില്‍ ഇല്ലായിരുന്നു എന്ന് മാത്രമല്ല പലരിലും നേരെ മറിച്ചും ആയിരുന്നു.

അടുത്തപേജില്‍ തുടരുന്നു

വ്യക്തിയുടെ സ്റ്റാറ്റസ്‌കോയാണോ അവന്‍ ജനിച്ചമതം?

മതപരിവര്‍ത്തനത്തെ ചിലനിബന്ധനകളിലൂടെ മാത്രമേ അംഗീകരിക്കാനാവൂ എന്നത് ഹിന്ദുവര്‍ഗീയതയുടെ മാത്രമല്ല, മതേതരത്വത്തിന്റെയും മതരഹിതരുടെപോലും നിലപാടാണ്. പ്രേരണ, ബലപ്രയോഗം, പ്രതിഫലകാംക്ഷ/സാമ്പത്തികലാഭം എന്നിങ്ങനെ പല സ്വാധീനങ്ങളുമില്ലാത്ത മതപരിവര്‍ത്തനത്തെ മാത്രമേ അംഗീകരിക്കാനാവൂ എന്നാണ്
നിലപാട്.

മതപരിവര്‍ത്തനത്തിന്റെ ചരിത്രത്തെക്കുറിച്ച് മാത്രമല്ല, സാമൂഹികാവസ്ഥകളുടെ വര്‍ത്തമാനാവസ്ഥകളെക്കുറിച്ചുമുള്ള അജ്ഞതയില്‍നിന്നാണ് ഇത്തരം കേവലവാദങ്ങള്‍ ഉയരുന്നത്. മാത്രമല്ല, മതത്തിന് ഒരു വ്യക്തിയുടെ
സ്റ്റാറ്റസ്‌കോ ആകാനുള്ള ആധികാരികത ഇവര്‍ തന്നെ അനുവദിച്ചു നല്‍കുകയാണിതിലൂടെ
ചെയ്യുന്നത്. ഒരു വ്യക്തി അയാളുടെ തീരുമാനപ്രകാരമോ തിരഞ്ഞെടുക്കലിന്റെ ഭാഗമോ ആയല്ല ഒരു മതത്തില്‍ ജനിക്കുന്നത്. എന്നിരിക്കേ ഒരു ആധുനിക സമൂഹത്തിന്  കര്‍ശനമായ ഉപാധികളുടെ മതില്‍കെട്ടി അയാള്‍ ജനിച്ചമതത്തിന്

സ്റ്റാറ്റസ്‌കോ പദവി നല്‍കാനുള്ള അധികാരം എന്താണുള്ളത്?

ഇവിടെയൊക്കെ പരമ്പരാഗത ഭൂരിപക്ഷഗണബോധം അവരെ പിടിമുറുക്കിയിരിക്കുന്നു എന്ന് മനസ്സിലാക്കാം. ബലപ്രയോഗം മാത്രമാണ് ഒഴിവാക്കപ്പെടേണ്ടത്. മറ്റെന്തിന്റെ പേരിലും മതം മാറാന്‍ കഴിയണം. മാതാപിതാക്കള്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിച്ച മതത്തില്‍ തുടരുന്നതിനേക്കാള്‍ കൂടുതല്‍ യുക്തിയും നീതിയും ഇഷ്ടമതത്തിലേക്ക് മാറലാണ്,മാറാന്‍ അനുവദിക്കലും സൗകര്യം ഒരുക്കലുമാണ്. അല്ലെങ്കില്‍ നിര്‍ഭയമായി മതം ഉപേക്ഷിക്കലാണ്.

മതപരിവര്‍ത്തനവിവാഹങ്ങളും മതരഹിതവിവാഹങ്ങളും

വിവാഹത്തിനുവേണ്ടി മതം മാറുന്നവരാണ് നല്ലൊരു ശതമാനവും. ശുദ്ധമതേതരര്‍ ഇതിനെ അംഗീകരിക്കില്ലെന്നു മാത്രമല്ല, ഇതില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ മതത്തെ
പഴിചാരുകയും അവര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നു. നേരത്തെ പറഞ്ഞ പേടികള്‍ അവരുടെ തൊട്ടുകൂടായ്മക്ക് പിന്നിലുണ്ട്.

അതേ സമയം ഇത്തരം വിവാഹങ്ങളെ എതിര്‍ക്കേണ്ടതല്ലേ എന്ന് ചോദിക്കാം. തീര്‍ച്ചയായും ഇത്തരം വിവാഹങ്ങള്‍ക്ക് കാരണമായ യാഥാസ്ഥിതിക മത,ജാതി ഗണബോധങ്ങളും കുടുംബാഭിമാനബോധങ്ങളും വിമര്‍ശിക്കപ്പെടേണ്ടത് തന്നെ. മിശ്രവിവാഹത്തെയും മതരഹിതവിവാഹത്തെയും തന്നെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. എന്നാല്‍ മതപരിവര്‍ത്തന വിവാഹങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നതോ, സാദാമതവിവാഹങ്ങളേക്കാള്‍ മോശമോ അപകടമോ ആയി അതിനെ കാണുന്നതോ ഒട്ടും ന്യായീകരണമര്‍ഹിക്കുന്നില്ല.

രണ്ടുവ്യക്തികളുടെ ചോയ്‌സിനൊപ്പം നില്‍ക്കാനുള്ള തന്റേടവും നിര്‍ഭയത്വവും തണ്ടുറപ്പും പാകതയും മതേതരത്വമിനിയെങ്കിലും കൈവരിക്കേണ്ടതായിട്ടുണ്ട്. മതരഹിതവിവാഹങ്ങളും മിശ്രവിവാഹങ്ങളും പൊതുവേ പുരോഗമനപരമായി അംഗീകരിക്കപ്പെടുന്നു. മതരഹിതവിവാഹങ്ങളില്‍ ഏര്‍പ്പെടുന്ന രണ്ടുപേര്‍ക്കും മതം ഇല്ലായിരിക്കും.ചിലപ്പോള്‍ ഒരാള്‍ക്കുണ്ടാകാം. പക്ഷെ വിവാഹച്ചടങ്ങ് മതരഹിതമായിരിക്കും.

മതരഹിതവിവാഹങ്ങളില്‍ മിശ്ര”മത”വിവാഹമോ മിശ്രജാതിവിവാഹമോ ഉണ്ടാകും. എന്നാല്‍ എല്ലാ മിശ്രവിവാഹങ്ങളും മതരഹിതര്‍തമ്മിലുള്ള വിവാഹം ആയിക്കൊള്ളണമെന്നില്ല. രണ്ടുപേരും വ്യത്യസ്തമതത്തില്‍ വിശ്വസിക്കുന്നുണ്ടാവാം. ഇത്തരം വിവാഹങ്ങളില്‍ വിവാഹച്ചടങ്ങ് മതരഹിതമാകാം. ഭാഗികമായോ പേരിനോ മതപരവുമാകാം.പക്ഷെ രണ്ടുപേരും വ്യത്യസ്തമതവിശ്വാസം പാലിക്കുന്നുണ്ടാവുകയും ചെയ്യാം.

എന്തുതന്നെയായാലും ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കപ്പെടേണ്ട പുരോഗമനവിവാഹങ്ങളായി പുരോഗമനസമൂഹം കാണുന്നു. ഈ വിവാഹങ്ങളുടെ പുരോഗമനഗണത്തില്‍പ്പെടില്ലെങ്കിലും മതവിവാഹങ്ങളോടും മതപരിവര്‍ത്തന വിവാഹങ്ങളോടും മുഖം തിരിച്ചുനില്‍ക്കുന്നത് ഒരു ബഹുസ്വര, ജനാധിപത്യസമീപനത്തിന് ഒട്ടും ചേര്‍ന്നതല്ല. മാത്രമല്ല ചില മതരഹിതവിവാഹങ്ങളില്‍ “വിശ്വാസമതം” മാത്രമേ ഒഴിവാക്കപെടുന്നുണ്ടാകൂ.

“കുടുംബമത”ത്തെ മുറിപ്പെടുത്താതെ കാര്യം സാധിച്ചതാവാനും മതി. (വിവാഹമേ നടത്താത്ത സഹജീവനങ്ങള്‍ കൂടി പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഗണത്തില്‍ ഉണ്ടെന്ന് മറക്കുന്നില്ല. അതുപോലെ മത,പുരോഗമനവിവാഹങ്ങളിലെന്നപോലെ മതപരിവത്തന വിവാഹത്തിലും പുരുഷാധിപത്യം തന്നെയാണ് നിലനിക്കുന്നതെന്ന വസ്തുതയും.).

മതരഹിതന്റെ മതകുടുംബം.

മതം ഉപേക്ഷിക്കുന്നതിനേക്കാളും മതപരിവര്‍ത്തനത്തെ പേടിക്കുകയും വെറുക്കുകയും ചെയ്യുന്ന ഒരു മത/മതേതരപൊതുബോധമാണ് നമുക്കുള്ളത്. മതം ഉപേക്ഷിക്കുന്നവര്‍ “കുടുംബമത”ത്തില്‍ നിന്ന് പുറത്ത്‌പോകുന്നില്ല എന്നത് കൊണ്ടാണിത്. ഒരാള്‍ വിശ്വാസംകൊണ്ട് മതമില്ലെങ്കിലും അയാള്‍ക്ക് മതകുടുംബത്തില്‍ പലതരത്തില്‍ അക്കോമഡേറ്റ് ചെയ്യപ്പെടാന്‍ പ്രായോഗികമായി സാധ്യമാണ്. മാത്രമല്ല, മതം ഉപേക്ഷിച്ചയാള്‍ എപ്പോഴും തിരിച്ചുവരാമെന്ന പ്രതീക്ഷയും ഗ്യാരണ്ടിയും ഉണ്ട് താനും. എന്നാല്‍ മതം മാറുന്നയാള്‍ “കുടുംബമത”ത്തില്‍ നിന്നും പുറത്തുപോകുമെന്നത്‌കൊണ്ട് അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് മതപരിവര്‍ത്തനത്തോടുള്ള പേടിയുടെയും അസഹിഷ്ണുതയുടെയും അടിസ്ഥാനമെന്ന് കരുതാവുന്നതാണ്. അതായത് ഒരു “ഘര്‍വാപസി”യുടെ പ്രതീക്ഷക്ക് അപ്പുറമാണ് മതപരിവര്‍ത്തനം എന്നതാണ് പ്രശ്‌നം.

ഘര്‍വാപസിയുടെ യുക്തികള്‍

ഇനി സംഘപരിവാരിന്റെ ഘര്‍വാപസിയെന്ന മതപരിവര്‍ത്തന പരിപാടിയെക്കുറിച്ച് പരാമര്‍ശിക്കാം. ബലപ്രയോഗമില്ലാതെ ഹിന്ദുമതത്തിലേക്ക് “തിരിച്ച്” മതം മാറുന്നതിനെ ആരും തടയേണ്ടതില്ല. ആ പദ്ധതിയിലൂടെ അവര്‍ ഉണ്ടാക്കുന്ന വൈകാരിക ധ്രുവീകരണത്തിന്റെയും മതസ്പര്‍ധക്കുള്ള ആഹ്വാനങ്ങളെയും മാത്രമേ എതിര്‍ക്കുകയും പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യേണ്ടതുള്ളൂ.

മതം മാറുന്ന വ്യക്തിയെ തടയുകയോ അവനെ അകറ്റിനിര്‍ത്തുകയോ ആക്രമിക്കുകയോ ചെയ്യുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേലുള്ള കയ്യേറ്റമാണ്. ഘര്‍വാപ്പസി ഹിന്ദുവിന്റെ ഒന്നാം പൗരത്വത്തെയും ന്യൂനപക്ഷമതങ്ങളുടെ രണ്ടാം പൗരത്വത്തെയും ഉറപ്പിക്കാനുള്ള രാഷ്ട്രീയ ക്യാമ്പെയിന്‍ ആണെന്നതിനാല്‍ അതിനെതിരെയുള്ള വിമര്‍ശനം പൊതുബോധത്തിനെതിരെയുള്ള വിമര്‍ശനം കൂടിയാണ്.

ക്രിസ്ത്യന്‍, മുസ്‌ലിം മിഷനറി പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ അരുതെന്ന് അര്‍ഥമില്ല. പക്ഷെ അത്തരം വിമര്‍ശനങ്ങളിലെയും പരിഹാസങ്ങളിലെയും ഗൂഢാലോചനാസിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്രീയവെറുപ്പിനെതിരെ മതേതരസമൂഹം സദാ ജാഗ്രത പുലര്‍ത്തുകയും വേണം.

അടുത്തപേജില്‍ തുടരുന്നു

ഘര്‍വാപസിയിലൂടെ സമൂഹത്തില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്ന  മുന്‍ വിധിയിതാണ്. “ക്രിസ്ത്യാനികളും മുസ്‌ലിമുകളും ഹിന്ദുക്കളില്‍നിന്ന് മതം മാറിപ്പോയവരാണെന്നതിനാല്‍ അവരെ തിരിച്ചു വിളിക്കാനും അതിനുവേണ്ടി മതപരിവര്‍ത്തനശ്രമങ്ങള്‍ നടത്താനും മതങ്ങള്‍ക്ക് ന്യായമായ അവകാശമുണ്ട്. എന്നാല്‍ ഇനിയും ഹിന്ദുക്കളില്‍ നിന്ന് മതം മാറിപ്പോകുന്നതിനെ നിയമം മൂലവും ബലപ്രയോഗം മൂലവും തടയണം.അതില്‍ യാതൊരു തെറ്റുമില്ല”. ഘര്‍വാപസിയെന്ന മതപരിവര്‍ത്തനം ആവാമെന്ന് മാത്രമല്ല, അനിവാര്യം കൂടിയാണ്. തിരിച്ചുള്ളത് പാടില്ല.

ഇത് സെമിറ്റിക് മതയാഥാസ്ഥികത്വത്തിന്റെ നിലപാടാണ്.പക്ഷെ ഇന്ത്യയില്‍ അത് നടപ്പാക്കുന്നത് സംഘികളാണ്. അതു മാത്രമല്ല, എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ശുദ്ധര്‍/മുസ്‌ലിമായിട്ടാണെന്നും അയാളെ ഹിന്ദുവും ജൂതനും ക്രിസ്ത്യാനിയുമൊക്കെയാക്കുന്നത് മാതാപിതാക്കളാണെന്നും അതിനാല്‍ മതപരിവര്‍ത്തനത്തിലൂടെ അവര്‍ ഇസ്‌ലാമില്‍ തിരിച്ചെത്തുകയാണന്നുമാണ് മുസ്‌ലിംങ്ങളും കരുതുന്നത്. അപ്പോള്‍ മുസ്‌ലിമുകള്‍ക്കും ഒരാളെ മതം മാറ്റല്‍ ഘര്‍വാപ്പസിയാണെന്നര്‍ഥം!.

മുസ്‌ലിം സമൂഹം എവിടെയും ഒരു ഐ.എസ് പതിപ്പോ?

മുസ്‌ലിം വിരുദ്ധ പൊതുബോധം മതപരിവര്‍ത്തന കാര്യത്തിലും ചില മുന്‍ വിധികള്‍ വെച്ച് പുലര്‍ത്തുന്നുണ്ട്. മതം ഉപേക്ഷിക്കുകയോ ഇസ്‌ലാം മതത്തില്‍ നിന്ന് മതം മാറിപ്പോവുകയോ ചെയ്താല്‍ ഒരാളെ ഈ കേരളത്തിലും മലപ്പുറത്തുമൊക്കെ തലവെട്ടിക്കളയും എന്ന മുന്‍ വിധിയാണത്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം മലപ്പുറത്തുപോലും മതപരിവര്‍ത്തനത്തിന്റെ പേരില്‍ കൊലനടത്തിയത് സംഘപരിവാരമാണെന്ന വസ്തുത പലരും പരിശോധിക്കാര്‍പോലുമില്ല.

ആ മുന്‍ വിധിയങ്ങനെത്തന്നെ ഇപ്പോഴും തുടരുന്നു.നിരവധി മുസ്‌ലിം പെണ്‍കുട്ടികള്‍ മതം മാറി ഹിന്ദുയുവാക്കളോടൊപ്പം ഈ മലപ്പുറത്ത് തന്നെ ജീവിക്കുന്നുണ്ട്. ഇസ്‌ലാം മതം സ്വീകരിച്ച് പിന്നീട് തിരിച്ച് ഹിന്ദുമതത്തിലേക്ക് പോയവര്‍ക്കും ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. പക്ഷെ ആര്‍.എസ്.എസുകാര്‍ ഹിന്ദുമതം വിടുന്നിടത്തൊക്കെ കത്തിമൂര്‍ച്ചകൂട്ടിയടുക്കുന്നു. ചിലത് കൊലപാതകങ്ങളില്‍ കലാശിക്കുന്നു.

1947ല്‍ മലപ്പുറത്ത് മുസ്‌ലിം യാഥാസ്ഥിതികര്‍ നടത്തിയ ഒരു നിഷ്ഠൂര കൊലപാതകത്തിന്റെ പൊലിമകൂട്ടി അവതരിപ്പിച്ചാണ് ഹിന്ദുത്വവാദികള്‍ ഇത്തരം മതപരിവര്‍ത്തിതരെ കൊല്ലുന്നതിന് അതിവൈകാരികസമ്മതവും ന്യായവും ഉണ്ടാക്കിയെടുക്കുന്നത്.

നിരുപാധികമാകട്ടെ മതപരിവര്‍ത്തനസ്വാതന്ത്ര്യം.

എങ്ങോട്ടും മതപരിവര്‍ത്തനം ആകാമെന്ന നിലപാട് വ്യക്തിയുടെ  ജനാധിപത്യാവകാശമായി മതങ്ങള്‍ അംഗീകരിക്കണം. ഒരുകുടുംബത്തില്‍ത്തന്നെ വ്യത്യസ്തമതക്കാര്‍ കഴിയുന്ന ബഹുസ്വരകുടുംബസങ്കല്പങ്ങളെയാണ്  പ്രോത്സാഹിപ്പിക്കേണ്ടത്. മതരഹിതകുടുംബത്തേക്കാള്‍ ബഹുസ്വരവും ജനാധിപത്യപരവുമായ കുടുംബസങ്കല്പം ഇതാണ്. മതരഹിത ഹോമോജിനിക്  കുടുംബസങ്കല്‍പ്പങ്ങള്‍ക്കകത്ത് “വിശ്വാസമത”മില്ലെങ്കിലും “വംശീയമതം” നിലനില്‍ക്കാനിടയുണ്ട്.

മതപരിവര്‍ത്തനങ്ങളെ നിര്‍ഭയമായി സാധ്യമാക്കുന്ന സാമൂഹിക സാഹചര്യവും പൊതു അന്തരീക്ഷവും നിലനില്‍ക്കുന്നുണ്ടെങ്കില്‍ മാത്രമേ അതൊരു സ്വതന്ത്ര ജനാധിപത്യ സമൂഹമാണെന്ന് പറയാന്‍ കഴിയൂ. മതം ഉപേക്ഷിക്കുന്നതിനെയെന്ന പോലെ മതം മാറുന്നതിനെയും സഹിഷ്ണുതയോടെ കാണുന്ന സമൂഹമായിരിക്കും അത്.

മതരഹിതസമൂഹത്തേക്കാള്‍ വംശീയമുന്‍വിധികള്‍ കുറഞ്ഞ സമൂഹം മിശ്രവിവാഹങ്ങളെയും മതപരിവര്‍ത്തനത്തെയും സഹിഷ്ണുതയോടെ കാണുകയും അതിന് സംരക്ഷണം കൊടുക്കുകയും ചെയ്യുന്ന സമൂഹമായിരിക്കും. അത് കൊണ്ട് മതപരിവര്‍ത്തനസ്വാതന്ത്ര്യത്തിന് വേണ്ടിയും അതിന്റെ സംരക്ഷണത്തിനുവേണ്ടിയും രംഗത്തിറങ്ങുക എന്നത്
സ്വതന്ത്രചിന്തയുടെ ഉത്തരവാദിത്തമാണ്.

പക്ഷഭേദമില്ലാതെ മതപരിവര്‍ത്തന സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ സ്വതന്ത്രചിന്തക്ക് മാത്രമേ ആവൂ. മതപരിവര്‍ത്തനസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കാത്ത മതേതര പുരോഗമന സമൂഹം വംശീയതയെ ഉള്ളില്‍ വഹിക്കുന്നുണ്ടാവും എന്ന് കരുതേണ്ടിവരും. മതപരിവര്‍ത്തനത്തെ ബലമായി തടയുന്ന ഫാസിസ്റ്റുകള്‍ക്കെതിരെ ശബ്ദിക്കാത്ത മതരഹിതരുടെ ജനാധിപത്യ,വ്യക്തിസ്വാതന്ത്ര്യവാദങ്ങള്‍ കപടവും വംശീയശങ്കകളില്‍നിന്ന് മുക്തിനേടാത്തതും ആണ്.

ഈ ദുരഭിമാനക്കൊലകളെ മാത്രം ചര്‍ച്ചക്കെടുക്കാത്തതെന്താണ്?

മതപരിവര്‍ത്തനകൊലകള്‍ വ്യക്തമായും ദുരഭിമാനക്കൊലകളാണെന്നറിഞ്ഞിട്ടും ഇന്ത്യയുടെ മറ്റുപ്രദേശങ്ങളില്‍ നടക്കുന്ന ദുരഭിമാനക്കൊലകള്‍ പോലെ ഇത് പൊതുസമൂഹത്തെയും പുരോഗമനസമൂഹത്തെയും ഞെട്ടിക്കാത്തത് ഈ ദുരഭിമാനത്തോട് പൊതുസമൂഹവും താദാത്മ്യപ്പെടുന്നുണ്ട് എന്നതിനാലായിരിക്കണം.

കുടുംബാഭിമാനം,മതാഭിമാനം,ജാത്യാഭിമാനം ഇങ്ങനെ പലതിനെയും മതപരിവര്‍ത്തനം മുറിവേല്‍പ്പിക്കുന്നത് കൊണ്ടാണ് “കുലം”കുത്തിയെ കൊല്ലാന്‍ തീരുമാനിക്കുന്നത്. ഈ അഭിമാനങ്ങള്‍ പങ്കുവെക്കുന്നവര്‍ക്ക് മതപരിവര്‍ത്തനം പൊറുക്കാന്‍ പറ്റാത്ത അഭിമാനക്ഷതമാണ്. ദുരഭിമാനക്കൊലകള്‍ക്കെതിരെ വിവേചനമില്ലാതെ നിലപാടെടുക്കുക എന്നത് പുരോഗമനനിലപാടുള്ളവരില്‍നിന്ന് പ്രതീക്ഷിക്കേണ്ട അവശ്യമര്യാദയാണ്.

“വംശം മാറുകയേ വേണ്ട,  വംശം ഉപേക്ഷിച്ചാലും കുഴപ്പമില്ല, വംശം ഉപേക്ഷിക്കല്‍ മാത്രമാണ് ശരി” എന്നീ മൂന്ന് പ്രസ്താവനകള്‍ വേറിട്ട നിലപാടുകളാണെന്ന് തോന്നുമെങ്കിലും അകമേ ഒരു ഇഴയടുപ്പം അവതമ്മില്‍ ഉണ്ടെന്ന് കാണാം. മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള മത, മതേതര, മതരഹിത നിലപാടുകള്‍ തമ്മിലുള്ള ഈ ഇഴയടുപ്പത്തെ അപനിര്‍മ്മിച്ചുകൊണ്ടല്ലാതെ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല.

We use cookies to give you the best possible experience. Learn more