Sports News
നോര്‍ക്യാ കൊടുങ്കാറ്റില്‍ ശ്രീലങ്ക പറന്നുപോയി; ടി-20 ചരിത്രം തിരുത്തിക്കുറിച്ച കിടുക്കാച്ചി ഓവര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 03, 05:13 pm
Monday, 3rd June 2024, 10:43 pm

ലോകകപ്പില്‍ ഇന്ന് സൗത്ത് ആഫ്രിക്കയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ലങ്ക ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. എന്നാല്‍ തുടക്കം തന്നെ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് ടീമിന് നേരിടേണ്ടി വന്നത്. ഇതോടെ 19.1 ഓവറില്‍ വെറും 77 റണ്‍സിന് ലങ്ക തകര്‍ന്നടിയുകയായിരുന്നു. ടി-20 ലോകകപ്പില്‍ ഏറ്റവും താഴ്ന്ന സ്‌കോര്‍ നേടുന്ന ടീം എന്ന വമ്പന്‍ നാണക്കേടാണ് ഇതോടെ ലങ്ക സ്വന്തമാക്കിയത്.

നാല് ഓവറില്‍ വെറും ഏഴ് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ അന്റിച്ച് നോര്‍ക്യയുടെ ഐതിഹാസികമായ ബൗളിങ് ആണ് സൗത്ത് ആഫ്രിക്കയ്ക്ക് മുതല്‍ക്കൂട്ടായത്. 1.75 എന്ന കിടിലന്‍ എക്കണോമിയിലാണ് താരം ബോള്‍ എറിഞ്ഞത് . ഇതോടെ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു ഇടിവെട്ട് റെക്കോഡും താരം സ്വന്തമാക്കുകയാണ്.

ടി-20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച എക്കണോമിയില്‍ ഫിനിഷ്‌ചെയ്ത സ്‌പെല്ലാണ് താരത്തിന്റേത്.

അന്റിച്ച് നോര്‍ക്യ – 1.75

മുഹമ്മദുള്ള – 2

അജന്ത മെന്‍ഡിസ് – 2

വനിന്തു ഹസരങ്ക – 2

അരങ്ങേറ്റക്കാരനായ ഒട്ടീനിയല്‍ ബാര്‍ട്മാന്‍ നാലു ഓവരില്‍ ഒരു മെയ്ഡന്‍ അടക്കം 9 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി മിന്നല്‍ പെര്‍ഫോമന്‍സ് ആണ് നടത്തിയത്. 2.25 എന്ന കിടിലന്‍ എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. കാഗീസോ റബാദ ഒരു മെയ്ഡന്‍ അടക്കം 21 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും സ്വന്തമാക്കി. താരത്തിന് പുറമേ കേശവ് മഹാരാജ് 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി.

ഓപ്പണര്‍ പത്തും നിസങ്കയെ അരങ്ങേറ്റക്കാരന്‍ ഒട്ടീണിയല്‍ ബാര്‍ട്മാന്‍ ക്ലാസന്റെ കയ്യിലെത്തിച്ച് ലങ്കയുടെ ആദ്യ വിക്കറ്റ് നേടുകയായിരുന്നു. മൂന്ന് റണ്‍സാണ് താരം നേടിയത്. പിന്നീട് കുശാല്‍ മെന്‍ഡിസിനെ അന്റിച്ച് നോര്‍ക്യ 19 റണ്‍സിന് പറഞ്ഞയച്ചതോടെ ലങ്കയ്ക്ക് താളം പിഴക്കുകയായിരുന്നു. തുടര്‍ന്ന് ഇറങ്ങിയ കമിന്തു മെന്‍ഡിസിനെയും നോര്‍ക്യ 11 റണ്‍സിന് പറഞ്ഞയച്ചപ്പോള്‍ ക്യാപ്റ്റന്‍ ഹസരങ്കയേയും സദീര സമര വിക്രമിനേയും കേശവ് മഹാരാജ് പൂജ്യം റണ്‍സിന് തകര്‍ക്കുകയായിരുന്നു. ചരിത് അസലങ്ക ആറ് റണ്‍സിന് വീണതോടെ ടീം സമ്മര്‍ദത്തിലായി.

ദസുന്‍ സനഗക്കും റബാദയുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആഞ്ചലോ മാത്യൂസും 16 റണ്‍സിന് പുറത്തായി. ശേഷം ദസുന്‍ സനഗ (9), സതീഷ പതിരാന (0), നുവാന്‍ തുഷാര (0) എന്നിവരും മടങ്ങിയതോടെ ലങ്ക ചാരമാകുകയായിരുന്നു.

 

 

Content Highlight: Anrich Nortje In Record Achievement