| Tuesday, 11th June 2024, 2:26 pm

ഇവന്‍ സൗത്ത് ആഫ്രിക്കയുടെ ചരിത്രം തിരുത്തും; വേണ്ടത് വെറും മൂന്ന് വിക്കറ്റ്!

സ്പോര്‍ട്സ് ഡെസ്‌ക്

നസാവു ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വമ്പന്‍ വിജയം. ബംഗ്ലാദേശിനെ നാല് റണ്‍സിനാണ് പ്രോട്ടിയാസ് കീഴടക്കിയത്. ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു.

റണ്‍സ് ഒഴുകാത്ത നസാവുവില്‍ ആറ് വിക്കറ്റിന് 113 റണ്‍സിന് തകരുകയായിരുന്നു. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ ബംഗ്ലാദേശിനെ 109 റണ്‍സിന് പിഴുതെറിയുകയായിരുന്നു പ്രോട്ടിയാസ്. ഇതോടെ ടി-20 ലോകകപ്പില്‍ ഏറ്റവും ചെറിയ ടോട്ടല്‍ ഡിഫന്റ് ചെയ്യുന്ന ടീമാകാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചിരിക്കുകയാണ്.

സൗത്ത് ആഫ്രിക്കയുടെ കേശവ് മഹാരാജ് 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അന്റിച്ച് നോര്‍ക്യ 17 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും കഗീസോ റബാദ 19 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി. ബൗളര്‍മാരുടെ മിന്നും പ്രകടനമാണ് ബംഗ്ലാദേശിനെ തളയ്ക്കാന്‍ സഹായിച്ചത്.

ഇതോടെ സൗത്ത് ആഫ്രിക്കയുടെ ഫാസ്റ്റര്‍ ബൗളര്‍ അന്റിച്ച് നോര്‍ക്യ ഒരു തകര്‍പ്പന്‍ നേട്ടത്തിന്റെ വക്കിലാണ്. ടി-20യില്‍ ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമാകാനുള്ള അവസരമാണ് താരത്തിന് വന്നെത്തിയത്. ഇനി വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം വീഴ്ത്തിയാല്‍ താരത്തിന് സൗത്ത് ആഫ്രിക്കയുടെ ഡേല്‍ സ്റ്റെയിനിനെ മറികടക്കാനും ടി-20 വിക്കറ്റ് വേട്ടക്കാരനാകാനും സാധിക്കും.

ടി-20യില്‍ ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരം, വിക്കറ്റ്, ഇന്നിങ്‌സ്

ഡേല്‍ സ്റ്റെയ്ന്‍ – 30 – 23

അന്റിച്ച് നോര്‍ക്യ – 28 – 17

മോര്‍ണി മോര്‍ക്കല്‍ – 24 – 17

ഇമ്രാന്‍ താഹിര്‍ – 18 – 9

ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ മൂന്നു മത്സരങ്ങളും വിജയിച്ചു കൊണ്ട് ആറു പോയിന്റോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചു. ജൂണ്‍ 15ന് നേപ്പാളിനെതിരെയാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം.

Content Highlight: Anrich Nortje In Need 3 Wickets For Historic Achievement

We use cookies to give you the best possible experience. Learn more