Cricket
സാക്ഷാൽ ഡെയ്ൽ സ്‌റ്റെയ്‌നെ വീഴ്ത്തിയാണ് അവന്റെ കുതിപ്പ്; ഐ.പി.എല്ലിൽ ചെണ്ടയായവൻ ലോകകപ്പിൽ ചരിത്രം കുറിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 22, 02:32 am
Saturday, 22nd June 2024, 8:02 am

ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ ദിവസം നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക. ബ്യൂസെജൂര്‍ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

38 പന്തില്‍ 65 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ ബാറ്റിങ് കരുത്തിലാണ് സൗത്ത് ആഫ്രിക്ക മികച്ച ടോട്ടല്‍ നേടിയത്. നാലു വീതം ഫോറുകളും സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 28 പന്തില്‍ 43 റണ്‍സ് നേടിയ ഡേവിഡ് മില്ലറും നിര്‍ണായകമായി.

ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക് 37 പന്തില്‍ 53 റണ്‍സും ലിയാം ലിവിങ്സ്റ്റണ്‍ 17 പന്തില്‍ 33 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ഏഴ് റണ്‍സകലെ വിജയം നഷ്ടമാവുകയായിരുന്നു.

സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ കേശവ് മഹാരാജ്, കാഗിസോ റബാദ എന്നിവര്‍ രണ്ടു വിക്കറ്റും ഒട്ട്മിന്‍ ബാര്‍ട്ട്മാന്‍, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു.

നോര്‍ക്യ നേടിയ ഒരു വിക്കറ്റിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സൗത്ത് ആഫ്രിക്കന്‍ പേസര്‍ നേടിയത്. ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് നോര്‍ക്യ സ്വന്തമാക്കിയത്. 31 വിക്കറ്റുകളാണ് ലോകകപ്പില്‍ താരം നേടിയത്. 30 വിക്കറ്റുകള്‍ വീഴ്ത്തിയ ഇതിഹാസ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നെ മറികടന്നുകൊണ്ടായിരുന്നു നോര്‍ക്യയുടെ മുന്നേറ്റം.

ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, വിക്കറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍

ആന്റിച്ച് നോര്‍ക്യ-31

ഡെയ്ല്‍ സ്റ്റെയ്ന്‍-30

മോണെ മോര്‍ക്കല്‍-24

കാഗിസോ റബാദ-24

ഇമ്രാന്‍ താഹിര്‍-18

അതേസമയം ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് നാല് പോയിന്റോടെ ഒന്നാം സ്ഥാനത്തെത്താനും സെമി ഫൈനലിന്റെ സൗത്ത് ആഫ്രിക്കക്ക് സാധിച്ചു. ജൂണ്‍ 24ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയമാണ് വേദി.

 

Content Highlight: Anrich Nortje Create a new Record in T20 World Cup