national news
'ചൈനയില്‍ നിന്നുള്ള മറ്റൊരു വൈറസ് ഇന്ത്യയില്‍ വീണ്ടും രോഗവ്യാപനമുണ്ടാക്കിയേക്കാം'; ഐ.സി.എം.ആര്‍ പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 28, 01:00 pm
Monday, 28th September 2020, 6:30 pm

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കെ മറ്റൊരു വൈറസ് സാന്നിദ്ധ്യം ഇന്ത്യയില്‍ കണ്ടെത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍.

രോഗമുണ്ടാക്കാന്‍ സാധ്യതയുള്ള ക്യാറ്റ് ക്യൂ വി വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൈനയിലും വിയറ്റ്‌നാമിലും ഈ വൈറസ് സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആര്‍ത്രോപോഡ് വിഭാഗത്തില്‍പ്പെടുന്ന ഈ വൈറസ് ക്യൂലക്‌സ് കൊതുകുകളിലും പന്നികളിലുമാണ് ധാരാളമായി കാണപ്പെടുന്നത്.

ഇതേത്തുടര്‍ന്ന് പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനകളിലാണ് ഇന്ത്യയിലും വൈറസ് സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കായെടുത്ത 883 ഹ്യൂമന്‍ സെറം സാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ ക്യാറ്റ് ക്യൂ വി വൈറസിനുള്ള ആന്റിബോഡി കണ്ടെത്തിയിരുന്നു.

തുടര്‍ പരിശോധനയില്‍ ആന്റിബോഡി കണ്ടെത്തിയ രണ്ടുപേരുടെയും ശരീരത്തില്‍ മുമ്പ് എപ്പോഴോ സി.ക്യൂ.വി വൈറസ് പ്രവേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയ ഇരുവരും കര്‍ണ്ണാടകയില്‍ നിന്നുള്ളവരാണ്.

ഹ്യൂമന്‍ സെറം സാമ്പിളുകളില്‍ കണ്ടെത്തിയ ആന്റി-സി.ക്യു.വി ഐ.ജി.ജി ആന്റിബോഡിയും അതേ വൈറസിന്റെ പകര്‍പ്പുകള്‍ കൊതുകുകളില്‍ കണ്ടെത്തിയതും വീണ്ടുമൊരു രോഗവ്യാപന സാധ്യതയാണ് കാണിക്കുന്നതെന്നാണ് ഐ.സി.എം.ആറിലെ ഗവേഷകരുടെ അഭിപ്രായം. ഇന്ത്യയില്‍ സി.ക്യു.വി വൈറസ് രോഗം വരാനുള്ള സാധ്യതകളാണിതെന്നും ഐ.സി.എം.ആര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ കൊതുകുകളില്‍ വൈറസ് പ്രവേശിച്ചു കഴിഞ്ഞാലുള്ള സ്വഭാവം മനസിലാക്കാന്‍ മൂന്ന് വ്യത്യസ്ത ഇനം കൊതുകുകളില്‍ ഇത് സംബന്ധിച്ച പരീക്ഷണവും നടത്തിവരികയാണ്.

സി.ക്യൂ.വി വൈറസിന്റെ പ്രധാന വാഹകരാണ് കൊതുകുകള്‍. അതേസമയം പക്ഷികളിലൂടെ വൈറസ് മനുഷ്യരിലേക്ക് പകരുന്നതായ സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

വീടുകളില്‍ വളര്‍ത്തുന്ന പന്നികളിലൂടെയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ചൈനയില്‍ പ്രാദേശികമായി വളര്‍ത്തുന്ന പന്നികളില്‍ വൈറസിനെതിരെയുള്ള ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: another virus from china may cause disease in india says icmr