മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒതായി ചാത്തല്ലൂര്‍ സ്വദേശിക്ക് സ്ഥിരീകരിച്ചത് എം പോകസ് വകഭേദമായ ക്ലേഡ് വണ്‍ ബി വിഭാഗമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യമായാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിതീവ്ര വ്യാപന ശേഷിയാണ് പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ വിഭാഗത്തിനുള്ളത്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതലുള്ളത് എം പോക്‌സ് 2 എന്ന വകഭേദമാണ്. ഇന്ത്യയില്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തതും ഇതേ എം പോക്‌സ് 2 ആണ്. ഇതിന്റെ മറ്റൊരു വേരിയന്റാണ് എം പോക്‌സ് വണ്‍ ബി എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
യു.എ.ഇയില്‍ നിന്ന് സെപ്റ്റംബര്‍ 13ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ചാത്തല്ലൂര്‍ സ്വദേശിക്കാണ് എം പോക്‌സ് വണ്‍ ബി സ്ഥിരീകരിച്ചത്. പനിയുണ്ടായിരുന്ന ഇദ്ദേഹത്തെ 16നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവരും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
2002ലാണ് ലോകാരോഗ്യ സംഘടന എം പോക്‌സിനെ പബ്ലിക് എമര്‍ജന്‍സി ഓഫ് ഇന്റര്‍നാഷണല്‍ കണ്‍സേണ്‍ ആയി പ്രഖ്യാപിച്ചത്. ഇതിന് ശേഷം 30 കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പനി, കടുത്ത തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജ്ജക്കുറവ് എന്നിവയാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍.
പനി ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിന് പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടും.
രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരുമ്പോഴും, സ്പര്‍ശനം, ലൈംഗികബന്ധം എന്നിവയിലൂടെയും രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം, പാത്രങ്ങള്‍, മൊബൈല്‍ തുടങ്ങിയ വസ്തുക്കള്‍ പങ്കിടുന്നതിലൂടെയും രോഗം പകരും.