ലഖ്‌നൗ: വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയതായി പരാതി. ഉത്തർപ്രദേശിലെ ലന്ദൗറക്കും ഉത്തരാഖണ്ഡിലെ ദണ്ഡേരക്കുമിടയിലുള്ള ട്രാക്കിലാണ് സിലണ്ടർ കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ റൂർക്കിക്ക് സമീപം റെയിൽവേ ട്രാക്കിൽ ഒരു ഒഴിഞ്ഞ എൽ.പി.ജി സിലിണ്ടർ കണ്ടെത്തിയതിനാൽ ഞായറാഴ്ച പുലർച്ചെ വലിയൊരു ദുരന്തം ഒഴിവായി.
അതുവഴി വന്ന ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിലണ്ടർ കണ്ടതിനാൽ വലിയ അപകടം ഒഴിവായി. സൈനീക ആവശ്യങ്ങൾക്ക് കൂടി ഉപയോഗിക്കുന്ന പാതയിലാണ് സിലണ്ടർ കണ്ടെത്തിയത്. അത്യന്തം ഗൗരവപൂർണമായാണ് റയിൽവേ വിഷയം കാണുന്നത്.
ദണ്ഡേരയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ ലന്ദൗര, ദന്ധേര സ്റ്റേഷനുകൾക്കിടയിൽ രാവിലെ 6:35 നാണ് സംഭവം നടന്നതെന്ന് നോർത്തേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സി.പി.ആർ.ഒ) ഹിമാൻഷു ഉപാധ്യായ പറഞ്ഞു. ഒരു പോയിൻ്റ്മാനെ സംഭവസ്ഥലത്തേക്ക് അയച്ച് സിലിണ്ടർ കാലിയാണെന്ന് സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് ആകമാനം പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാനായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
ഓഗസ്റ്റിനു ശേഷം രാജ്യവ്യാപകമായി ഇത്തരം 18 ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും തുടർന്നുള്ള ആഴ്ചകളിൽ മൂന്നെണ്ണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ റെയിൽവേ വെളിപ്പെടുത്തി.
2023 ജൂൺ മുതൽ, എൽ.പി.ജി സിലിണ്ടറുകൾ, സൈക്കിളുകൾ, ഇരുമ്പ് ദണ്ഡുകൾ, സിമൻ്റ് കട്ടകൾ എന്നിവയുൾപ്പെടെ വിവിധ വസ്തുക്കളുമായി ട്രെയിനുകൾ പാളം തെറ്റിക്കാനുള്ള ശ്രമത്തിൽ ട്രാക്കുകളിൽ സ്ഥാപിച്ച 24 സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ, 15 സംഭവങ്ങൾ ഓഗസ്റ്റിൽ ആണ് നടന്നത്. അഞ്ചെണ്ണം സെപ്റ്റംബറിൽ, ഇത് റെയിൽവേ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നതാണ് ഇന്ത്യൻ റെയിൽവേ പറഞ്ഞു.
Content Highlight: Another train sabotage attempt; Gas cylinder found on track in Uttar Pradesh