Kerala News
സ്ത്രീധന പീഡനം: മലയാളിയായ കോളേജ് അധ്യാപിക നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 24, 06:19 am
Thursday, 24th October 2024, 11:49 am

കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ വീണ്ടും ആത്മഹത്യ. മലയാളിയായ കോളേജ് അധ്യാപിക ശ്രുതി (25)യാണ് ആത്മഹത്യ ചെയ്തത്. നാഗര്‍കോവിലിലാണ് ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം പിറവന്തൂര്‍ സ്വദേശിയാണ്.

തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കാണ് ശ്രുതിയെ വിവാഹം ചെയ്തത്. ആറ് മാസം മുമ്പായിരുന്നു വിവാഹം.

സ്ത്രീധനത്തിന്റെ പേരില്‍ പങ്കാളിയുടെ അമ്മ പീഡിപ്പിച്ചിരുന്നെന്ന് പറയുന്ന ശ്രുതിയുടെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഓഡിയോയില്‍ താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചാണ് ശ്രുതി പറയുന്നത്.

10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹസമ്മാനമായി കുടുംബം നല്‍കിയിരുന്നു. എന്നാല്‍ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് കാര്‍ത്തിക്കിന്റെ അമ്മ തന്നോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്നാണ് ശ്രുതി പറയുന്നത്.

കാര്‍ത്തിക്കിനോടപ്പം ഇരിക്കാന്‍ സമ്മതിക്കില്ല, എച്ചില്‍ പാത്രത്തില്‍ ഭക്ഷണം കഴിക്കണം തുടങ്ങി ശ്രുതി നേരിട്ട പീഡനങ്ങളെ കുറിച്ചും ഓഡിയോയില്‍ പറയുന്നുണ്ട്.

ക്രൂരമായ പീഡനമാണ് ശ്രുതി കാര്‍ത്തിക്കിന്റെ വീട്ടില്‍ അനുഭവിച്ചിരുന്നതെന്ന് ശ്രുതിയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Another suicide due to dowry