ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം; മൊഴി നല്‍കിയത് ബലാത്സംഗ കേസിലെ 14ാം സാക്ഷി
Kerala
ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം; മൊഴി നല്‍കിയത് ബലാത്സംഗ കേസിലെ 14ാം സാക്ഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st February 2020, 3:35 pm

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണവുമായി കന്യാസ്ത്രീ. ബിഷപ്പിനെതിരായ ബലാത്സംഗ കേസിലെ 14ാം സാക്ഷിയായ കന്യാസ്ത്രീയാണ് മൊഴി നല്‍കിയത്.

മഠത്തില്‍ വെച്ച് ബിഷപ്പ് കടന്നുപിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് മൊഴി. എന്നാല്‍ മൊഴിയില്‍ ബിഷപ്പിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

ഫ്രാങ്കോക്കെതിരായ ബലാത്സംഗ കേസില്‍ വിചാരണ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ വിചാരണ കോടതിയില്‍ അപേക്ഷയും നല്‍കിയിരുന്നു. ഈ കേസില്‍ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച സാക്ഷിമൊഴിയിലാണ് അതിഗുരുതരമായ ബലാത്സംഗ ആരോപണം കൂടി ഉയരുന്നത്.

എന്നാല്‍ സാക്ഷിമൊഴിയുണ്ടായിട്ടും പൊലീസ് കേസെടുക്കാതെ അത് മൊഴിയായി കോടതിയില്‍ സമര്‍പ്പിക്കുകയാണ് ചെയ്തത്. മിഷനറീസ് ഓഫ് ജീസസില്‍ ജോലി നോക്കിയിരുന്ന കന്യാസ്ത്രീയാണ് ആരോപണം ഉന്നയിച്ചത്. ഒരു പ്രശ്‌നത്തിന്റെ പേരില്‍ 2017 ല്‍ ഇവരെ കേരളത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇത് ചോദിച്ചറിയാനെന്ന വണ്ണം കണ്ണൂരിലെത്തിയ ഫ്രാങ്കോ മഠത്തില്‍ വെച്ച് തന്നെ കടന്നുപിടിക്കുകയും മോശമായി പെരുമാറിയെന്നുമാണ് കന്യാസ്ത്രീ സാക്ഷി മൊഴിയായി നല്‍കിയത്.

സഭാകാര്യങ്ങള്‍ സംസാരിക്കാനെന്ന പേരില്‍ തന്നെ ഫോണ്‍ ചെയ്‌തെന്നും പിന്നീട് അശ്ലീലസംഭാഷണം നടത്തിയെന്നും വീഡിയോ കോള്‍ വഴി ബിഷപ്പിന്റെ ശരീരഭാഗങ്ങള്‍ കാണിക്കുകയും പിന്നീട് തന്റെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടെന്നും കന്യാസ്ത്രീ പറഞ്ഞു.

തനിക്ക് എതിര്‍പ്പും അറപ്പും ഉണ്ടായെങ്കിലും പരാതിപ്പെടാനുള്ള ധൈര്യം തനിക്കുണ്ടായില്ലെന്ന് കന്യാസ്ത്രീ മൊഴിയില്‍ പറയുന്നു.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികാരോപണ കേസില്‍ 80 ഓളം കന്യാസ്ത്രീകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതില്‍ 14 ാം സാക്ഷിയായ കന്യാസ്ത്രീയാണ് അതിഗുരുതരമായ ആരോപണം ബിഷപ്പിനെതിരെ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു സാക്ഷിമൊഴി മറ്റൊരു എഫ്.ഐ.ആര്‍ ആയി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താതെ അത് സാക്ഷിമൊഴിയായി കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു പൊലീസ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ