|

അമേരിക്കയില്‍ വീണ്ടും വിമാനപകടം; അപകടത്തില്‍പ്പെട്ടത് എയര്‍ ആംബുലന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വിമാനപകടം റിപ്പോര്‍ട്ട് ചെയ്തു. ഫിലാഡല്‍ഫിയയില്‍ ആറുപേരുമായി പറന്ന എയര്‍ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

വിമാനം തകര്‍ന്നുവീണതിന് പിന്നാലെ പൊട്ടിത്തെറിയുണ്ടാവുകയും അത് തീപ്പിടുത്തതിലേക്ക് നയിക്കുകയുമായിരുന്നു. ജനവാസമേഖലയിലേക്കാണ് ചെറുവിമാനം തകര്‍ന്നുവീണത്.

തീപ്പിടുത്തത്തില്‍ സമീപത്തുണ്ടായിരുന്ന ഒന്നിലധികം വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമിക വിവരം. നിരവധി അപകടങ്ങളും പരിക്കുകകളും റിപ്പോര്‍ട്ട് ചെയ്തതായും മരണം സ്ഥിരീകരിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫിലാഡല്‍ഫിയയില്‍ പ്രാദേശിക സമയം 6:30യോടെയാണ് അപകടമുണ്ടായത്. തകര്‍ന്നുവീണ ലിയര്‍ ജെറ്റ് വിമാനത്തില്‍ ആറ് പേരാണ് ഉണ്ടായതെന്നാണ് വിവരം.

രണ്ട് പൈലറ്റുമാര്‍, രണ്ട് ഡോക്ടടര്‍മാര്‍, ഒരു പീഡിയാട്രിക് രോഗിയും കുടുംബാംഗവുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ഫിലാഡല്‍ഫിയയില്‍ നിന്ന് മിസോറിയിലെ ബ്രാന്‍ഡ്‌സണ്‍ എന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന വിമാനം റൂസ് വെല്‍റ്റ്മാളിനടുത്ത് തകര്‍ന്ന് വീഴുകയായിരുന്നു.

പിന്നാലെയാണ് സമീപത്തുള്ള വീടുകളിലേക്ക് തീപടര്‍ന്നത്. നിലവില്‍ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

എഫ്.എ.എയും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും (എന്‍.ടി.എസ്.ബി) സംയുക്തമായി സംഭവം അന്വേഷിക്കുമെന്നും ക്രാഷ് സ്ഥിരീകരിച്ച് ഗതാഗത സെക്രട്ടറി സീന്‍ ഡഫി പറഞ്ഞു

വാഷിങ്ടണ്‍ വിമാനത്താവളത്തിനടുത്ത് യാത്രാ വിമാനവും യു.എസ് ആര്‍മി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും അപകടം.

യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ എയര്‍ലൈന്‍സ് ജെറ്റില്‍ നിന്നുള്ള ബ്ലാക്ക് ബോക്സുകള്‍ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇതുവഴി അപകട സമയത്തെ വിമാനത്തില്‍ നിന്നുള്ള ഡാറ്റകളും വോയിസ് റെക്കോഡുകളും ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിമാനാപകടത്തില്‍ 67 പേര്‍ മരണപ്പെട്ടതായി ഭരണകൂടം സ്ഥിരീകരിച്ചിരുന്നു. മൃതദേഹങ്ങള്‍ പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. ഇതിനകം 41 മൃതദേഹങ്ങളാണ് കരക്കെത്തിച്ചത്.

Content Highlight: Another plane crash in America; The accident was an air ambulance

Video Stories