ഉത്തർപ്രദേശിൽ വീണ്ടും കയ്യേറ്റം അവകാശപ്പെട്ട് മുസ്‌ലിം പള്ളിയിൽ സർവേ നടത്തി അധികൃതർ
national news
ഉത്തർപ്രദേശിൽ വീണ്ടും കയ്യേറ്റം അവകാശപ്പെട്ട് മുസ്‌ലിം പള്ളിയിൽ സർവേ നടത്തി അധികൃതർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th December 2024, 8:47 am

ലഖ്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും കയ്യേറ്റം ആരോപിച്ച് മുസ്‌ലിം പള്ളിയിൽ സർവേ നടത്തി അധികൃതർ. ഉത്തർപ്രദേശിലെ ഖുഷിനഗർ ജില്ലയിൽ നിന്ന് 325 കിലോമീറ്റർ അകലെയുള്ള ഹത ഏരിയയിലെ മദ്‌നി മസ്ജിദ് സർക്കാർ ഭൂമി കൈയേറി നിർമിച്ചതാണെന്ന തീവ്ര ഹിന്ദുത്വ സംഘടനകളുടെ പരാതിയെത്തുടർന്നാണ് ഉദ്യോഗസ്ഥർ സർവേ നടത്തിയത്.

സുരക്ഷാ ഉദ്യോഗസ്ഥരുടെയും മുതിർന്ന ജില്ലാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ബുധനാഴ്ച സർവേ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള ഒരു സംഘം മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അളവെടുപ്പ് നടത്തി. സർവേയുടെ ഫലം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

സർക്കാർ ഭൂമി കയ്യേറിയെന്ന പരാതിയെ തുടർന്നാണ് സർവേ നടത്തിയതെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പ്രഭാകർ സിങ് പറഞ്ഞു. സർവേയുടെ ഫലം അനുസരിച്ചിരിക്കും തുടർന്നുള്ള നടപടികളെന്നും സിങ് പറഞ്ഞു.

സർക്കാർ ഭൂമി കയ്യേറി മദ്‌നി മസ്ജിദ് പണിതതാണെന്ന് തീവ്ര ഹിന്ദുത്വ വാദിയായ രാം ബച്ചൻ സിങ് മുഖ്യമന്ത്രിയുടെ പോർട്ടലിൽ പരാതിപ്പെട്ടിരുന്നു, ഒപ്പം മസ്ജിദ് സർവേ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം സമുദായം 15 വർഷം മുമ്പ് പള്ളി നിർമാണത്തിനായി ഭൂമി വാങ്ങിയതാണെന്ന് പള്ളിയുടെ കെയർടേക്കർ പറഞ്ഞു. കയ്യേറ്റമൊന്നും ഇല്ലെന്നും പള്ളിക്കായി വാങ്ങിയ ഭൂമിയിലാണ് മസ്ജിദ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷമായി മസ്ജിദ് അവിടെയുണ്ടെന്നും മുസ്‌ലിങ്ങൾ അവിടെ പതിവായി പ്രാർത്ഥന നടത്തുന്നുണ്ടെന്നും മസ്ജിദ് അധികൃതർ പറഞ്ഞു. എന്നാൽ, മസ്ജിദിൻ്റെ ഒരു ഭാഗം കയ്യേറ്റ ഭൂമിയിലാണെന്നാണ് ഹിന്ദുത്വ വാദികൾ ആരോപിക്കുന്നത്. സർക്കാർ ഭൂമി കയ്യേറിയാണ് മസ്ജിദ് നിർമിച്ചതെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlight: Another mosque in Uttar Pradesh’s Hata surveyed after encroachment claims