ബി.എസ്.എന്‍.എല്ലില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍; 19,000 ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതി
national news
ബി.എസ്.എന്‍.എല്ലില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍; 19,000 ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th December 2024, 4:36 pm

ന്യൂദല്‍ഹി: ബി.എസ്.എന്‍.എല്ലില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. 19,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കണോമിക് ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പദ്ധതിയുടെ ഭാഗമായി ടെലികോം മന്ത്രാലയം ധനമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി. മന്ത്രാലയം ശുപാര്‍ശ അംഗീകരിച്ചാല്‍ നിര്‍ദേശം കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. തുടര്‍ന്നായിരിക്കും പിരിച്ചുവിടല്‍ നടപടി.

2019ല്‍ സ്വയംവിരമിക്കല്‍ പദ്ധതി (വി.ആര്‍.എസ്)യുടെ അടിസ്ഥാനത്തില്‍ 90,000ഓളം ജീവനക്കാരെ ബി.എസ്.എന്‍.എല്‍ പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് പിരിച്ചുവിടലിനായി കേന്ദ്രം വീണ്ടും പദ്ധതിയിടുന്നത്.

നിലവില്‍ അവശേഷിക്കുന്ന 55,000 ജീവനക്കാരില്‍ 35 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് നീക്കം. ശമ്പളത്തിനായുള്ള ചെലവ് കുറയ്ക്കാനാണ് പിരിച്ചുവിടല്‍ നടപടിയെന്നാണ് കേന്ദ്ര സ്ഥാപനത്തിന്റെ വിശദീകരണം.

സ്ഥാപന വരുമാനത്തിന്റെ 38 ശതമാനവും ശമ്പളം നല്‍കുന്നതിനായാണ് ഉപയോഗിക്കുന്നതെന്നും ഇത് ഏകദേശം 7500 കോടി രൂപ വരുമെന്നും അധികൃതര്‍ പറയുന്നു. പിരിച്ചുവിടല്‍ നടപടിയിലൂടെ ഈ ചെലവ് 5000 കോടിയിലേക്ക് ചുരുക്കാനാണ് സ്ഥാപനം പദ്ധതിയിടുന്നത്.

ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പാക്കേജ് നല്‍കാന്‍ 15,000 കോടി രൂപ ധനമന്ത്രാലയത്തോട് ബി.എസ്.എന്‍.എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്വകാര്യ കമ്പനികള്‍ കുത്തനെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് പിന്നാലെ ബി.എസ്.എന്‍.എല്ലിലേക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ എത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് പിരിച്ചുവിടല്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, 21,302 കോടി രൂപയായി ബി.എസ്.എന്‍.എല്‍ വരുമാനം ഉയര്‍ത്തിയിരുന്നു. നിലവിലെ പിരിച്ചുവിടല്‍ പദ്ധതി സ്വകാര്യവത്ക്കരണത്തെ പിന്തുണക്കാന്‍ ഉള്ളതാണെന്ന് പരാതി ഉയരുന്നുണ്ട്.

2021 മുതല്‍ ബി.എസ്.എന്‍.എല്‍ ലാഭം രേഖപ്പെടുത്തുന്നുണ്ടെന്നും വരുമാനം 21,000 കോടി രൂപയോളം, അതായത് 12 ശതമാനം വര്‍ധിച്ചതായും ചെലവ് രണ്ട് ശതമാനം കുറഞ്ഞതായും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ പറഞ്ഞിരുന്നു.

Content Highlight: Another Mass Retrenchment in BSNL; Plan to lay off 19,000 employees