| Friday, 7th April 2017, 10:29 pm

ഐ.പി.എല്‍ കളിക്കാന്‍ ഇതാ ഒരു മലയാളി കൂടി; വെടിക്കെട്ട് താരം വിഷ്ണു വിനോദ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കെ.എല്‍ രാഹുലിന് പകരക്കാരനാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്


ബാംഗ്ലൂര്‍: ഐ.പി.എല്ലില്‍ കളിക്കാന്‍ ഇതാ കേരളത്തില്‍ നിന്ന് ഒരു താരം കൂടി. കേരളത്തിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിഷ്ണു വിനോദാണ് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടായാകും വിഷ്ണു വിനോദ് കളിക്കുക. പരിക്കേറ്റ് പിന്മാറിയ കെ.എല്‍ രാഹുലിന് പകരമാണ് വിഷ്ണുവിനെ റോയല്‍ ചലഞ്ചേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്.

വിഷ്ണു വിനോദിനെ ടീമിലെടുക്കാന്‍ ബി.സി.സി.ഐക്ക് ടീം അപേക്ഷ സമര്‍പ്പിച്ചിരുന്നു , ഈ അപേക്ഷ ഇന്ന് അംഗീകരിച്ചതോടെയാണ് വിഷ്ണു വിനോദിന് സുവര്‍ണ്ണാവസരം ലഭിച്ചത്.

നേരത്തെ റോയല്‍ ചലഞ്ചേഴ്‌സിന്റെ സെലക്ഷന്‍ ക്യാമ്പില്‍ വിഷ്ണു വിനോദ് പങ്കെടുത്തിരുന്നു. ഫൈനല്‍ ട്രയല്‍സ് വരെ വിഷ്ണു ഉണ്ടായിരുന്നെങ്കിലും താരലേലത്തില്‍ വിഷ്ണുവിനെ ആരും ഏറ്റെടുത്തില്ല. എന്നാല്‍ കഴിവുള്ള താരമാണ് വിഷ്ണു എന്ന് മനസ്സിലാക്കിയ ഡാനിയല്‍ വെട്ടോറിയാണ് വിഷ്ണുവിനെ ടീമിലെടുക്കാന്‍ നിര്‍ദ്ദേശിച്ചത്.


പരിക്കിനെ തുടര്‍ന്ന് വിരാട് കോഹ്ലിയും ഡിവില്ലിയേഴ്‌സും ആദ്യ മത്സരങ്ങളില്‍ കളിക്കുന്നില്ല. പിന്നാലെ പ്രധാന താരങ്ങളായ കെ.എല്‍ രാഹുലിനെയും , സര്‍ഫ്രാസ് ഖാനെയും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ബാറ്റിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റ് ശക്തിപ്പെടുത്താന്‍ വിഷ്ണുവിനെ റോയല്‍ ചലഞ്ചേഴ്‌സ് ടീമിലെടുത്തത്.


Also Read: ദേശീയ അവാര്‍ഡൊക്കെ കിട്ടിയെങ്കിലും സുരഭിയ്‌ക്കൊരു വിഷമമുണ്ട്


വിഷ്ണു വിനോദ് നാളെത്തന്നെ റോയല്‍ ചലഞ്ചേഴ്‌സ് ടീമിനൊപ്പം ചേരും. കേരളത്തിനായി രഞ്ജി ട്രോഫിയിലും, സയ്യീദ് മുഷ്താഖ് അലി ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനമാണ് വിഷ്ണു പുറത്തെടുത്തത്. അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ ദക്ഷിണ മേഖലയ്ക്കായി കളിച്ച വിഷ്ണു സെലക്ടര്‍മാരുടെ എല്ലാം ശ്രദ്ധ നേടിയിരുന്നു. ഐപിഎല്ലില്‍ കളിക്കുന്ന ആറാമത്തെ മലയാളിയാണ് വിഷ്ണു വിനോദ്

We use cookies to give you the best possible experience. Learn more