ജെറുസലേം: മധ്യഗസയിലെ അല്‍ അഖ്സ ആശുപത്രിക്ക് നേരെ വീണ്ടും ആക്രമണം നടത്തി ഇസ്രഈലി സൈന്യം. ഗസയില്‍ നിന്ന് കുടിയൊഴിക്കപ്പെട്ടവരെ പാര്‍പ്പിച്ചിരുന്ന ആശുപത്രിയിലെ ടെന്റുകള്‍ക്ക് നേരെയാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി ആളുകള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അല്‍ അഖ്സ ആശുപത്രിക്ക് നേരെ നടക്കുന്ന ഏഴാമത്തെ ആക്രമണമായിരുന്നു ഇത്.
നിലവില്‍ ടെന്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അല്‍ അഖ്‌സയ്ക്ക് നേരെ ആക്രമണം നടത്തിയത് ഇസ്രഈല്‍ വ്യോമസേനയാണെന്ന് ഐസ്.ഡി.എഫ് വക്താവ് അവിചയ് ആന്ദ്രേ സ്ഥിരീകരിച്ചു. ഹമാസിന്റെ നിയന്ത്രണത്തിലാണ് അല്‍ അഖ്സയെന്നാണ് അവിചയ് ആന്ദ്രേയുടെ വിശദീകരണം.
തിങ്കളാഴ്ച വടക്കന്‍ ഗസയിലെ ഐ.ഡി.എഫ് ആക്രമണം നടത്തിയിട്ടുണ്ട്. ജബാലിയയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ സൈന്യം ഷെല്ലാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 10 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ ഒമ്പത് ദിവസമായി ജബാലിയയില്‍ ഇസ്രഈല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 62 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 220 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 42,289 ഫലസ്തീനികളാണ് ഐ.ഡി.എഫിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 98,684ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിനിരയായ 1000ത്തോളം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ഇവരില്‍ 60 ശതമാനത്തിലധികം കുട്ടികളും സ്ത്രീകളുമാണെന്നാണ് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
Content Highlight: Another Israel attack targeting Al Aqsa