വയനാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.
25 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന് വളര്‍ച്ച ഉണ്ടായിരുന്നത്. ഒസത്തിയൂരിലെ പവിത്ര വിഷ്ണു ദമ്പതികളുടെ മകളാണ് മരിച്ചത്.
വെള്ളിയാഴ്ച തൃശുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു യുവതി പ്രസവിച്ചത്. എന്നാല്‍ മാസം തികയാതെ പ്രസവിച്ചതിനാല്‍ ഇന്ന് രാവിലെ കുഞ്ഞ് മരിക്കുകയായിരുന്നു. ഗര്‍ഭിണിയായി അഞ്ചാം മാസമാണ് യുവതി പ്രസവിച്ചത്.
അതേസമയം അട്ടപ്പാടിയില്‍ ശിശുമരണം തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ മാസം മൂന്ന് മാസം പ്രായമായ കുഞ്ഞും മരിച്ചിരുന്നു. കാവുണ്ടിക്കല്‍ ഊരിലെ മണികണ്ഠന്‍ – കൃഷ്ണവേണി ദമ്പതികളുടെ മകനാണ് മരിച്ചത്. ഇതോടെ അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ ആറാമത്തെ ശിശു മരണമാണിത്.
മാര്‍ച്ച് 21ന് നാല് മാസം പ്രായമായ ആണ്‍ കുഞ്ഞും മരിച്ചിരുന്നു. മേട്ടുവഴിയില്‍ മരുതന്‍ – ജിന്‍സി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇതിന് മുന്‍പ് ഒരു വയസ്സിനും രണ്ടു വയസ്സിനും ഇടയില്‍ പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു.
അട്ടപ്പാടിയിലെ ശിശുമരണത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്ര പട്ടിക വര്‍ഗ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. അട്ടപ്പാടിയില്‍ ശിശുമരണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാനാണ് കേന്ദ്രം കത്തില്‍ ആവശ്യപ്പെട്ടത്.
ചീഫ് സെക്രട്ടറിയെ കൂടാതെ പാലക്കാട് ജില്ലാ കളക്ടര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. മുന്‍ രാജ്യസഭാ എം.പി റിച്ചാര്‍ഡ് ഹേ നല്‍കിയ പരാതിയിലായിരുന്നു കമ്മീഷന്റെ ഇടപെടല്‍.
Content Highlights: Another infant death in Attappadi, A five-month-old baby girl has died