ഗസ: 2023 ഒക്ടോബറില്‍ ഇസ്രഈലില്‍ വെച്ച് ഹമാസ് തടവിലാക്കിയ ഒരു ബന്ദി കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.
ബന്ദികളുടെ നിലവിലെ അവസ്ഥ എന്താണെന്ന് പോലും അറിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഹമാസിന്റെ സായുധ വിഭാഗം വക്താവായ അബു ഉബൈദ് പ്രതികരിച്ചു. അതേസമയം ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ബന്ദികളുടെ മരണത്തിന് ഉത്തരവാദിയെന്നും ഹമാസ് അഭിപ്രായപ്പെട്ടു.
ബന്ദിയുടെ മരണത്തില്‍ അന്വേഷണം നടക്കുന്നതായി ഇസ്രഈല്‍ സൈന്യം അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട യുവതി അവരുടെ ബന്ധുക്കളുമായി സംസാരിച്ചിരുന്നെന്നും സൈന്യം അറിയിച്ചു. എന്നാല്‍ യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ സൈന്യം വെളിപ്പെടുത്തിയിട്ടില്ല.
ഒക്ടോബര്‍ ഏഴിന് ഹമാസ് 251പേരെ ബന്ദികളാക്കിയതില്‍ 97 പേര്‍ ഇപ്പോഴും ഗസയില്‍ തടവിലാണ്. ഇതില്‍ 34 പേര്‍ മരിച്ചുവെന്ന് ഇസ്രഈല്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ ഒരാഴ്ച നീണ്ടുന്നിന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 240 ഫലസ്തീന്‍ തടവുകാരെ വിട്ട് നല്‍കിയതിന്റ ഭാഗമായി 80 ഇസ്രഈലി പൗരന്മാരെ ഉള്‍പ്പെടെ 105 ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു.
അതേസമയം ബന്ദിമോചനം ആവശ്യപ്പെട്ട് ഇസ്രഈലില്‍ നെതന്യാഹു സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഒരു ബന്ദി കൂടി മരണപ്പെട്ടു എന്ന വാര്‍ത്ത പുറത്ത് വരുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് ബന്ദികളാക്കിയ 101 പേരെ ഒരുമിച്ച് മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇസ്രഈലില്‍ ബന്ദികളുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ബന്ദി മോചനത്തിനുള്ള കരാറില്‍ ഇസ്രഈല്‍ സര്‍ക്കാര്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയത്തിന് മുന്നിലാണ് ബന്ധുക്കള്‍ പ്രതിഷേധിച്ചത്.
ഒക്ടോബര്‍ ഏഴ് മുതലുള്ള എല്ലാ ശനിയാഴ്ച്ചകളിലെ വൈകുന്നേരങ്ങളിലും ബന്ദിമോചനം ആവശ്യപ്പെട്ട് ഇസ്രഈലിലുടനീളം പ്രതിഷേധക്കാര്‍ ഒത്തുകൂടാറുണ്ടായിരുന്നു. എന്നാല്‍ ഗസയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പൂര്‍ണമായും പിന്‍മാറാതെ ബന്ദി മോചനം സാധ്യമാവില്ലെന്ന് ഹമാസും യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ല എന്ന നിലപാട് നെതന്യാഹുവും സ്വീകരിച്ചതോടെ ബന്ദിമോചനം നീണ്ടുപോവുകയായിരുന്നു.
Content Highlight: Another hostage was killed in an Israeli attack in northern Gaza