ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാന കൊലപാതകം നടന്നതായി റിപ്പോർട്ട്. ശനിയാഴ്ച്ച രാത്രിയാണ് ഇതര ജാതിയിൽപെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ ദളിത് യുവാവിനെ ഭാര്യസഹോദരൻ ഉൾപ്പെട്ട അഞ്ചംഗ സംഘം വെട്ടിക്കൊന്നത്. പ്രവീൺ(25) എന്ന യുവാവാണ് കൊലപ്പെട്ടത്. സംസ്ഥാനത്തെ പളിക്കരണൈയിലെ ബാറിന് സമീപത്തായാണ് സംഭവം.
കഴിഞ്ഞ വർഷം നവംബറിലാണ് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് പ്രവീൺ ഷർമിള(20)യെന്ന സ്ത്രീയെ വിവാഹം കഴിക്കുന്നത്.
ഇപ്പോൾ ഒരു സ്വകാര്യ കോളേജിൽ നാലാംവർഷ വിദ്യാർത്ഥിനിയായ ഇവരുമായി സ്കൂൾകാലം തൊട്ടേ പ്രവീൺ പ്രണയത്തിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
അദി ദ്രാവിഡ വിഭാഗത്തിൽ പെട്ട ആളായിരുന്നു പ്രവീൺ. പട്ടിക ജാതിക്കാരിയായ ഷർമിള പിന്നാക്ക സമുദായമായ യാദവ സമുദായത്തിൽപെട്ടവരായിരുന്നു. വിവാഹത്തിന് പിന്നാലെ സ്ഥിരമായി വീട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് ഷർമിള മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ തട്ടികൊണ്ടുപോയെന്ന് ആരോപിച്ച് പ്രവീണിനെതിരെ മാതാപിതാക്കൾ കേസ് കൊടുത്തിട്ടുണ്ടെന്നും വിവാഹത്തിന് സമ്മതമാണെന്ന് അറിയിക്കാൻ മുമ്പ് പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ സഹോദരൻ തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ യുവതിയുടെ സഹോദരൻ ഉൾപ്പെടെ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്നാൽ പ്രാഥമിക അന്വേഷണത്തിൽ മരിച്ച പ്രവീണും 2022ലെ ഒരു കൊലപാതക കേസിൽ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Content Highlight: Another honor killing in Tamil Nadu; The Dalit youth was hacked to death by the girl’s relatives