കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയ സാഹചര്യത്തെ അവഗണിച്ചത് ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും വിനയായതായി സി.പി.ഐ.എം.എല്‍ ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യ. ദി ടെലഗ്രാഫിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
ബി.ജെ.പിയേയും തൃണമൂലിനേയും ജനങ്ങള്‍ പരസ്പരം പോരടിക്കുന്ന രണ്ട് കക്ഷികളായി ജനം കണ്ടപ്പോള്‍ ഇടതുപക്ഷവും കോണ്‍ഗ്രസും രണ്ട് പേരെയും ഒരുമിച്ച് എതിര്‍ക്കുക എന്ന തന്ത്രമാണ് പയറ്റിയതെന്നും അത് മണ്ടത്തരമായെന്നും ദിപാങ്കര്‍ പറയുന്നു.
‘ബംഗാളിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ അത്യസാധാരണ പ്രാധാന്യം ഇടതുപക്ഷവും കോണ്‍ഗ്രസും കാണേണ്ടതായിരുന്നു. അത് കണ്ടെത്തുന്നതിലുള്ള വീഴ്ചയെ സാഹചര്യങ്ങളുടെ ആത്മനിഷ്ഠവും ഭാവനാത്മകവുമായ വിലയിരുത്തലില്‍ സംഭവിച്ച വന്‍പിഴവ് എന്നു മാത്രമെ വിളിക്കാനാവൂ,’ ദിപാങ്കര്‍ പറയുന്നു.
2011 ലേയും 2016 ലേയും നിയമസഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിലും തന്ത്രം മെനഞ്ഞത്. എന്നാല്‍ പൗരത്വ നിയമം, കാര്‍ഷിക നിയമം തുടങ്ങിയ ദേശീയ വിഷയങ്ങള്‍ സജീവമായ തെരഞ്ഞെടുപ്പായിരുന്നു എന്നത് ഇടതിനും കോണ്‍ഗ്രസിനും ഗ്രഹിക്കാനായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ബംഗാളിലെ ആക്ടിവിസ്റ്റുകളുടെയും ബുദ്ധിജീവികളുടെയും വലിയ വിഭാഗം, റാഡിക്കല്‍ വിദ്യാര്‍ഥി യുവജന സംഘടനകള്‍, ലിറ്റില്‍ മാഗസിന്‍ നടത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഡിജിറ്റല്‍ മീഡിയ, തിയറ്റര്‍ ഗ്രൂപ്പുകള്‍, ഫിലിം സൊസൈറ്റികള്‍, മ്യൂസിക്കല്‍ സംഘങ്ങള്‍, ആക്ടിവിസ്റ്റുകള്‍, അരികുവത്കരിക്കപ്പെട്ട വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും ഒത്തുചേര്‍ന്ന് ബി.ജെ.പി വിജയത്തിന്റെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തിയപ്പോള്‍ ബി.ജെ.പിയ്‌ക്കെതിരായ പ്രതിരോധമതില്‍ ഉയര്‍ന്നെന്നും അദ്ദേഹം പറയുന്നു.
ഇതുവഴി തൃണമൂലിന് അഞ്ച് ശതമാനം വോട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടി.
സിംഗൂരിനും നന്ദിഗ്രാമിനും 2011ലെ പരാജയത്തിനും തൃണമൂലുമായി കണക്ക് തീര്‍ക്കുകയെന്നതല്ല, ഇടത് കാഴ്ചപ്പാടില്‍ ഇന്ത്യയുടെയും പശ്ചിമ ബംഗാളിന്റെയും നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളുടെ സമ്മര്‍ദങ്ങളെയാണ് അഭിമുഖീകരിക്കേണ്ടതെന്ന് മറന്നു. ശക്തികളുടെ മാറിയ സമവാക്യത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഐ.എസ്.എഫും ചേര്‍ന്ന സഖ്യത്തെ ഒരിക്കലും ബദല്‍ സര്‍ക്കാറായി കാണാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏകപക്ഷീയവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ സമീപനങ്ങളിലൂടെ സി.പി.ഐ.എം-കോണ്‍ഗ്രസ് സഖ്യം ആദ്യം തന്നെ ബി.ജെ.പിക്ക് തട്ടകം ഒഴിഞ്ഞുകൊടുത്തു. ഇപ്പോഴാവട്ടെ, ബി.ജെ.പി -തൃണമൂല്‍ കോണ്‍ഗ്രസ് ധ്രുവീകരണത്തിനിടെ സഖ്യം തട്ടകം തൃണമൂലിനു വിട്ടു കൈയൊഴിഞ്ഞു.