| Saturday, 2nd November 2024, 9:36 am

പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; ദളിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് അംഗം, മുന്‍ എം.എല്‍.എ ഷാഫി പറമ്പിലുമായുള്ള ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി വിട്ടതിന് പിന്നാലെ പിരായിരി ദളിത് കോണ്‍ഗ്രസ്  മണ്ഡലം പ്രസിഡന്റായ കെ.എ. സുരേഷ് കൂടി കോണ്‍ഗ്രസ് വിട്ടു.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെ.എ. സുരേഷ് അല്‍പ സമയം മുമ്പ് കോണ്‍ഗ്രസ് ഡി.സി.സി സെക്രട്ടറിയുമായി കൂടിക്കഴ്ച്ച നടത്തിയ ശേഷം സി.പി.ഐ.എമ്മില്‍ ചേരുമെന്ന് അറിയിച്ചിരുന്നു. ഷാഫി പറമ്പിലിന്റെ ഗ്രൂപ്പ് കളിമൂലമാണ് താന്‍ പാര്‍ട്ടി വിട്ടതെന്നാണ് സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇന്നലെ(വെള്ളിയാഴ്ച്ച) പിരായിരി പഞ്ചായത്ത് അംഗം സിത്താരയും ഭര്‍ത്താവും മണ്ഡലം സെക്രട്ടറിയുമായ ജി.ശശിയും സമാനമായി ഷാഫി പറമ്പിലിനെതിരെ രംഗത്ത് വന്നിരുന്നു. തൊട്ടുപിന്നാലെ ഇരുവരും എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി. സരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഷാഫി പറമ്പില്‍ എം.എല്‍.എ ഫണ്ട് വിനിയോഗിക്കുന്നതില്‍ പക്ഷപാതിത്തം കാണിച്ചെന്നും പഞ്ചായത്തിന് ആവശ്യമായ ഫണ്ട് തരുന്നില്ലെന്നും വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് അത് നല്‍കുന്നതെന്നും പ്രതികരിച്ചു. എന്നാല്‍ പഞ്ചായത്തംഗത്വം രാജി വെക്കില്ലെന്ന് സിത്താര വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന പിരായിരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അംഗമാണ് ഇവര്‍.

എന്നാല്‍ പ്രദേശത്തെ പല റോഡുകള്‍ക്കും ആവശ്യമായ ഫണ്ടുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് ഷാഫി പറമ്പില്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. നിലവില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചിരുന്നു.

Content Highlight: Another explosion in Palakkad Congress; Dalit Constituency President left the party

We use cookies to give you the best possible experience. Learn more