അങ്കാറ: തുര്‍ക്കി- സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂചലനം. 6.4 തീവ്രതയില്‍ ഭൂചലനമുണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാത്രി എട്ടോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. രണ്ടാഴ്ച മുമ്പ് വലിയ ദുരന്തം വിതച്ച മേഖലയില്‍ തന്നെയാണ് തുടര്‍ ചലനമുണ്ടായിട്ടുള്ളത്.
രണ്ട് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിന്റെ അറിയിപ്പില്‍ പറഞ്ഞു.
തുര്‍ക്കി- സിറിയ അതിര്‍ഥി പ്രദേശമായ അന്റാക്യയിലെ കെട്ടിടങ്ങള്‍ക്ക് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹതായ് പ്രവിശ്യയില്‍ രണ്ട് കിലോമീറ്റര്‍ ആഴത്തില്‍വരെ പ്രകമ്പനം അനുഭവപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെന്നും ആളപായം സംഭവിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം ആറിനുണ്ടായ ഭൂകമ്പത്തില്‍ ഏകദേശം അരലക്ഷത്തോളം പേര്‍ മരിക്കുകയും 10 ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു.
Content Highlight: Another earthquake on Turkey-Syria border.