രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം, മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു;പിന്നില്‍ ബി.ജെ.പി നേതാവെന്ന് ആരോപണം
national news
രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം, മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു;പിന്നില്‍ ബി.ജെ.പി നേതാവെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th September 2023, 8:36 am

ജയ്പൂര്‍: രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണത്തില്‍ മരണം. 22കാരനായ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നതായി പരാതി. രാജസ്ഥാനിലെ ആള്‍വാറിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാം മുസ്‌ലിം യുവാവാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

ഹരിയാനയിലെ ബിലാസ്പൂര്‍ സ്വദേശിയായ വഖില്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഹരിയാന സ്വദേശിയാണെങ്കിലും ആള്‍വാറിലെ തിജാരയിലാണ് ഇയാളും കുടുംബവും താമസിച്ചിരുന്നത്.

ആക്രമണത്തിനും കൊലപാതകത്തിനും പിന്നില്‍ ബി.ജെ.പി നേതാവും അയാളുടെ ഗുണ്ടകളുമാണെന്നാണ് ആരോപണം. ബി.ജെ.പി നേതാവായ പുരുഷോത്തം സെയ്‌നിയും ഗുണ്ടകളും വഖീലിനെ കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോവുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നതെന്ന് മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചാക്കില്‍ കെട്ടിക്കൊണ്ടുപോയ വഖീലിനെ ഗുരുതര പരിക്കുകളോടെയാണ് കണ്ടെത്തിയത്. പരിക്കേറ്റ വഖീലിനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ലോക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടുത്തെ നിര്‍ദേശ പ്രകാരം ജയ്പൂരിലേക്ക് മാറ്റുകയുമായിരുന്നു.

സെപ്റ്റംബര്‍ 12നാണ് വഖീല്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. ആക്രമികളെ അറസ്റ്റ് ചെയ്യും വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു കുടുംബം. എന്നാല്‍ ശേഷം മൃതദേഹമേറ്റുവാങ്ങി ഖബറടക്കം നടത്തുകയായിരുന്നു.

‘ വഖീല്‍ പാവപ്പെട്ട ഒരു യുവാവായിരുന്നു. അവന്‍ ആരോടും ഒരു പ്രശ്‌നത്തിനും പോകാറില്ലായിരുന്നു. ആ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം അവന്റേതായിരുന്നു. അവന്റെ വിശ്വാസം കാരണമാണ് അവരവനെ ലക്ഷ്യമിട്ടത്,’ വഖീലിന്റെ ബന്ധു മക്തൂബിനോട് പറഞ്ഞു.

രാജസ്ഥാന്‍ പൊലീസ് സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും സ്ഥലത്ത് പട്രോളിങ് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കാനും സംശയാസ്പദമായ കാര്യങ്ങള്‍ ഉടന്‍ തന്നെ അധികാരികളെ അറിയിക്കാനും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരുമാസത്തിനിടെ ആള്‍വാറില്‍ നടക്കുന്ന രണ്ടാമത് സംഭവമാണിത്. ആഗസ്റ്റ് 19ന് 27 വയസുകാരനായ മുസ്‌ലിം യുവാവിനെ മരം മുറിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഒപ്പമുള്ള രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Content highlight:  Another death in Rajasthan mob attack. A 22-year-old Muslim youth was allegedly beaten to death by a mob