കമ്പാള: ഉഗാണ്ടയില്‍ എബോള വൈറസ് ബാധിച്ച് ഒരു കുട്ടി കൂടി മരിച്ചതായി റിപ്പോര്‍ട്ട്. അടുത്തിടെയുണ്ടായ എബോളയുടെ വ്യാപനത്തിന് ശേഷമുള്ള രണ്ടാമത്തെ മരണമാണ് നിലവില്‍ സ്ഥിരീകരിച്ചത്. നാല് വയസുള്ള കുട്ടിയാണ് രോഗം ബാധിച്ച് മരിച്ചത്.
ഉഗാണ്ടയിലെ ഏക എബോള റഫറല്‍ കേന്ദ്രമായ മലാഗോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയാണ് എബോള കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എബോള ബാധിച്ച് മരിച്ച നാല് വയസുകാരനില്‍ രോഗം സ്ഥിരീകരിച്ചത്.
എബോളയുടെ പുതിയ തരം വേരിയന്റാണ് ഉഗാണ്ടയില്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. 10 കേസുകളായിരുന്നു സ്ഥിരീകരിച്ചിരുന്നത്. ഈ വൈറസ് ബാധിച്ച് ജനുവരി 30ന് പുരുഷ നേഴ്‌സിന്റെ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്.
അതേസമയം നിലവില്‍ എബോള രോഗത്തിന് ചികിത്സയിലുള്ള ബാക്കി എട്ട് രോഗികളെയും ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഉഗാണ്ടയിലെ കമ്പാളയില്‍ രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന 265 പേര്‍ നിലവില്‍ കര്‍ശനമായ ക്വാറന്റൈനില്‍ തുടരുകയാണ്.
ആറാം തവണയാണ് ഉഗാണ്ടയില്‍ എബോള വൈറസ് സ്ഥിരീകരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ വൈറസിന്റെ ഉത്ഭവം സുഡാന്‍ എബോള സ്‌ട്രെയിനാണെന്നും എന്നാല്‍ ഇതുവരെ രോഗത്തിന് അംഗീകൃത വാക്‌സിനുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്.
രോഗബാധിതരുടെ ശരീര സ്രവങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോഴാണ് എബോള പകരുന്നത്. പനി, ഛര്‍ദി, പേശി വേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. 2014-16 കാലഘട്ടത്തില്‍ പശ്ചിമാഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തില്‍ 11000ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
അതേസമയം എന്‍.ജി.ഓകളിലേക്ക് യു.എസ്.എയ്ഡ് വഴിയുള്ള ധനസഹായം അമേരിക്ക നിര്‍ത്തലാക്കിയതിനാല്‍ തന്നെ പകര്‍ച്ചവ്യാധിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്നും ഉഗാണ്ടയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ വെല്ലുവിളികളുണ്ടെങ്കിലും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടുവരികയാണെന്നും ആരോഗ്യ സേവന ഡയറക്ടര്‍ ചാള്‍സ് ഒലാരോ പറഞ്ഞു.
Content Highlight: Another death from Ebola in Uganda; A four-year-old child died