ആര്‍.എസ്.എസിനെ വിമര്‍ശിച്ചു; രാഹുലിനെതിരെ വീണ്ടും ക്രിമിനല്‍ മാനനഷ്ട പരാതി
national news
ആര്‍.എസ്.എസിനെ വിമര്‍ശിച്ചു; രാഹുലിനെതിരെ വീണ്ടും ക്രിമിനല്‍ മാനനഷ്ട പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st March 2023, 9:57 pm

ന്യൂദല്‍ഹി: ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനല്‍ മാനനഷ്ട പരാതി. ആര്‍.എസ്.എസിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവര്‍ എന്ന് വിളിച്ചതിന്റെ പേരിലാണ് പരാതി.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കമല്‍ ഭഡോരിക്ക് വേണ്ടി അഭിഭാഷകന്‍ അരുണ്‍ ബഡോറി ഹരിദ്വാര്‍ കോടതിയിലാണ്‌ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 499, 500 ഐ.പി.സി വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 12ന് കോടതി ഹരജി പരിഗണിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.

ഭാരത് ജോഡോ യാത്ര ഹരിയാനയിലെ അംബാല ജില്ലയില്‍ എത്തിയപ്പോള്‍ സംസാരിക്കവെയായിരുന്നു ആര്‍.എസ്.എസുകാര്‍ 21-ാം നൂറ്റാണ്ടിലെ കൗരവരാണെന്നായിരുന്നുള്ള രാഹുലിന്റെ പരാമര്‍ശം.

2019ല്‍ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി വിരുദ്ധ പരമാര്‍ശം നടത്തി എന്ന അപകീത്തി കേസില്‍ രണ്ട് വര്‍ഷം ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുലിനെ എം.പി. സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.

സൂറത്ത് കോടതിയാണ് രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാക്കി വിധി പുറപ്പെടുവിച്ചത്. കോടതി വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി പാര്‍ലമെന്റ് കമ്മിറ്റി ഉത്തരവിറക്കി. തുടര്‍ന്ന് ദല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിയാനാവശ്യപ്പെട്ട് കൊണ്ട് മാര്‍ച്ച് 27ന് ലോക്സഭ കത്തയച്ചിരുന്നു.