| Monday, 25th March 2024, 8:04 pm

ഫ്‌ളക്‌സ് ബോര്‍ഡില്‍ ക്ഷേത്രത്തിന്റെ ചിത്രമുള്‍പ്പെടുത്തി; വി.എസ്. സുനില്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ഇടതു സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിനെതിരെ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ ക്ഷേത്രത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

തൃപ്രയാര്‍ തേവരുടെ ചിത്രം ഫ്‌ളക്സിലുള്‍പ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ആവശ്യം.

അതേസമയം ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡില്‍ മതചിഹ്നങ്ങള്‍ ഉപയോഗപ്പെടുത്തിയെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍.ഡി.എഫ് നേതൃത്വം പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയെന്ന് തൃശൂരില്‍ എല്‍.ഡി.എഫിനെതിരെ സമാന രീതിയില്‍ പരാതി ഉയര്‍ന്നത്.

പ്രധാനമന്ത്രിയുടെ ചിത്രവും സ്ഥാനാര്‍ത്ഥി വി. മുരളീധരന്റെ ചിത്രവും കൂടെ ഒരു വിഗ്രഹത്തിന്റെ ചിത്രവുമാണ് ഫ്ളക്സിലുള്ളത്. ശ്രീ ജനാര്‍ദ്ദന സ്വാമിക്ക് പ്രണാമം എന്നും ഫ്ളെക്സില്‍ എഴുതിവെച്ചിട്ടുണ്ട്. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍.ഡി.എഫ് പരാതി നല്‍കിയത്.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബാസിഡറും നടനുമായ ടൊവിനോ തോമസിന്റെ ചിത്രം പ്രചരണത്തിന് ഉപയോഗിച്ച സംഭവത്തില്‍ വി.എസ്. സുനില്‍കുമാറിനെതിരെ ബി.ജെ.പി പരാതി നല്‍കിയിരുന്നു. എന്‍.ഡി.എ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. രവികുമാര്‍ ഉപ്പത്താണ് പരാതി നല്‍കിയിരുന്നത്.

Content Highlight: Another complaint against V.S. Sunil Kumar in Election Commission

We use cookies to give you the best possible experience. Learn more