കൊച്ചി: ലൈംഗിക പീഡന ആരോപണം നേരിടുന്ന പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും പരാതി. ലൈംഗിക പീഡന കേസിലെ സാക്ഷിയാണ് പരാതി നല്‍കിയത്. തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ഇരയുടെ സുഹൃത്തിന്റെ പരാതി.
എല്‍ദോസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. എന്നെ ചതിച്ച നിനക്ക് കര്‍ത്താവ് തക്കതായ മറുപടി തരുമെന്നാണ് കേസിലെ സാക്ഷിക്ക് എല്‍ദോസ് വാട്സ്ആപ്പില്‍ സന്ദേശമയച്ചത്.
അധ്യാപികയുടെ പീഡന പരാതിയില്‍ പ്രധാന സാക്ഷിയാണ് ഈ സുഹൃത്ത്. ഇവര്‍ക്കാണ് എല്‍ദോസ് വാട്സ്ആപ്പ് സന്ദേശം അയച്ചത്. രാത്രി 2.10 ഓടെയാണ് സാക്ഷിയുടെ വാട്സ്ആപ്പിലേക്ക് എല്‍ദോസിന്റെ സന്ദേശമെത്തിയത്.
‘ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നിനക്കും നിന്റെ കുടുംബത്തിനും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവ് എന്റെ കൂടെയുണ്ടാകും’ എന്നിങ്ങനെയാണ് സന്ദേശത്തില്‍ പറയുന്നത്.
അതേസമയം, ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 20ന് വിധി പറയാന്‍ മാറ്റിയിരുക്കുകയാണ്. അതിനിടെ എല്‍ദോസ് എം.എല്‍.എ ഒളിവില്‍ അല്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഏത് സമയവും എല്‍ദോസ് കോടതിക്ക് മുമ്പില്‍ ഹാജരാകാന്‍ തയ്യാറാണ്. എല്‍ദോസിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
തനിക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതെന്നാണ് എല്‍ദോസ് കോടതിയില്‍ ആരോപിച്ചത്. നിരവധി പേര്‍ക്ക് എതിരെ പീഡന പരാതി ഉന്നയിച്ച് പണം തട്ടിയയാളാണ് പരാതിക്കാരിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ എല്‍ദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷകന്‍ വാദിച്ചു. പരാതിക്കാരി പ്രതിയും വാദിയുമായ കേസുകളുടെ രേഖകള്‍ എല്‍ദോസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.
അതേസമയം കോവളത്തുവെച്ച് എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതിക്കാരിയും അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും മജിസ്ട്രേറ്റിനും മുന്നിലാണ് പരാതിക്കാരി മൊഴി നല്‍കിയത്.
കോവളം സൂയിസൈഡ് പോയിന്റില്‍ എത്തിച്ച് തന്റെ പിന്നാലെ എം.എല്‍.എ വന്നു. അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോള്‍ ഓടി രക്ഷപ്പെടുകയിരുന്നു. ഇക്കഴിഞ്ഞ മാസം 14നാണ് ഇതെല്ലാം സംഭവിച്ചതെന്നും പപരാതിക്കാരി മൊഴി നല്‍കി.
ഓടി രക്ഷപ്പെട്ട് ഒരു വീടിന് പിന്നില്‍ ഒളിച്ചപ്പോള്‍, എം.എല്‍.എയും സുഹൃത്തും അനുനയിപ്പിച്ച് റോഡില്‍ എത്തിച്ചു. തുടര്‍ന്ന് എം.എല്‍.എ മര്‍ദിച്ചപ്പോള്‍ താന്‍ ബഹളമുണ്ടാക്കുകയും നാട്ടുകാര്‍ ഓടി കൂടുകയും പൊലീസ് എത്തുകയും ചെയ്തു. എന്നാല്‍ അവരുടെ മുന്നില്‍വെച്ച് ഭാര്യയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
Content Highlight: Another Complaint Against Eldhose Kunnappillil MLA